തലച്ചോറൊരു ജൈവ കാന്തമാണോ

കടലിന്റെ അടിത്തട്ടിൽ നിന്നെടുത്ത മണ്ണ് തേച്ച് പിടിപ്പിച്ച വസ്ത്രം ധരിച്ചാൽ, അല്ലെങ്കിൽ ഒരു പ്രത്യേകയിനം കിടക്കയിൽ കിടന്നാൽ സർവ്വ അസുഖങ്ങളും മാറും എന്ന് കേട്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ ചിലർ പണം സമ്പാദിക്കാൻ ഇറക്കിയ തട്ടിപ്പുകളിൽ ചിലതാണിവ. എക്കാലവും നിലനിൽക്കുന്ന ഒരു മിത്താണ് കാന്തികശക്തി ഉപയോഗിച്ചാൽ നമ്മുടെ അസുഖങ്ങൾ മാറ്റാം, അല്ലെങ്കിൽ ഭൂമിയുടെ കാന്തിക മണ്ഡലത്തിന്റെ സഹായത്താൽ സർവ്വ ഐശ്വര്യങ്ങളും വരുത്താം എന്നിങ്ങനെയൊക്കെയുള്ള പ്രചാരണങ്ങൾ. കാന്തിക മണ്ഡലമെന്നാൽ സാധാരണക്കാർക്ക് മാത്രമല്ല ശാസ്ത്രജ്ഞർക്ക് തന്നെ ഒരു പ്രഹേളികയാണെന്ന വസ്തുതയിൽ നിന്നാണ് ഇത്തരം തട്ടിപ്പുകൾ പിറവിയെടുക്കുന്നത്. കിടന്നുറങ്ങുന്ന ദിശ നമ്മൂടെ ആരോഗ്യത്തെ ബാധിക്കുന്നത് ഭൂമിയുടെ കാന്തിക ശക്തിയുടെ ഫലമാണെന്ന് വേറെ ചിലർ പറയാറുണ്ടല്ലോ. ശരിക്കും എന്താണ് കാന്തിക ശക്തി, കാന്തിക മണ്ഡലം ഇവയുടെയൊക്കെ ഉത്ഭവവും, പ്രഭാവവും? ഇത് ശരിക്കും നമ്മുടെ ശരീരത്തിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ടോ?

വസ്തുക്കളുടെ കാന്തിക സ്വഭാവം അനുസരിച്ച് അവയെ പലതായി തരം തിരിക്കാറുണ്ട്. ഒരു കാന്തത്തിന്റെ പരിസർത്ത് വച്ചാൽ ശക്തിയേറിയ ആകർഷണം കാണിക്കുന്ന ഫെറോമാഗ്നറ്റുകൾ (ഇരുമ്പാണിതിൽ പ്രമുഖനെന്നതിൽ നിന്നാണ് ഫെറോ എന്ന വാക്ക് വന്നത്), ചെറുതായി ആകർഷിക്കപ്പെടുന്ന പാരാമാഗ്നറ്റുകൾ, വികർഷിക്കപ്പെടുന്ന ഡയാമാഗ്നറ്റുകൾ എന്നീ മൂന്നെണ്ണമാണ് പ്രധാന വിഭാഗങ്ങൾ. ഇവയ്ക്കെങ്ങിനെയാണ് ഈ സ്വഭാവങ്ങൾ വന്നതെന്നത് വിശദീകരിക്കുക അത്ര എളുപ്പമല്ലെന്ന് മാത്രമല്ല, അതിന് കഴിഞ്ഞവർക്കൊക്കെ ഭൗതികശാസ്ത്ര നോബലുകളും ലഭിച്ചിട്ടുണ്ട്. മാത്രവുമല്ല, ഇവയിലെല്ലാം വിവിധ ഉപവിഭാഗങ്ങളും ഉണ്ട്. തൽക്കാലം, വൈദ്യുത മണ്ഡലവും, കാന്തിക മണ്ഡലവും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണെന്നോ, ഇവ രണ്ടിന്റെയും ഉത്ഭവത്തിനു പിന്നിൽ ചാർജ്ജുള്ള കണങ്ങളോ, അവയുടെ ചലനങ്ങളോ ഉണ്ടെന്ന് മനസ്സിലാക്കി നമുക്ക് കാര്യത്തിലേക്ക് വരാം.

ഭൂമിയുടേ കാന്തിക മണ്ഡലത്തിന്റെ ശക്തി പലരും കരുതുന്നത് പോലെ ഭയങ്കര വലുതല്ല. കുട്ടികൾ കളിക്കാനുപയോഗിക്കുന്ന ചെറു കാന്തങ്ങൾക്ക് പോലും ഭൂമിയുടെ കാന്തിക ശക്തിയുടെ ആയിരം ഇരട്ടിയോളം ശക്തിയുണ്ടാവും! ഭൂമിയിൽ നിലവിലുള്ള അതിശക്തമായ കാന്തങ്ങൾ – അതിവേഗ തീവണ്ടിപ്പാളങ്ങളിൽ, എംആർ ഐ മഷീനുകളിൽ, ഭാരം ഉയർത്തുന്ന ക്രെയിനുകളിൽ ഒക്കെ ഉപയോഗിക്കുന്നവ – പലതും ഭൂമിയുടെ കാന്തിക ശക്തിയേക്കാൽ പതിനായിരം മടങ്ങ് ശക്തിയുള്ളവശക്തിയുള്ളവയാണ്. എന്നാൽ ഇവയ്ക്കൊക്കെ മനുഷ്യശരീരത്തിൽ കാര്യമായ വ്യതിയാനങ്ങളൊന്നും ഉണ്ടാക്കാൻ കഴിയില്ല. ഇതിനു പ്രധാന കാരണം കാന്തിക ബലത്തിന് ഊർജ്ജം കൈമാറാനുള്ള പരിമിതിയാണ്.

ജീവജാലങ്ങൾ പ്രകൃതിയിലെ വിവിധ സങ്കേതങ്ങൾ ഉപയോഗിച്ച് അതിജീവനത്തിനായുള്ള വഴി തേടാറുണ്ട്. മനുഷ്യന് പ്രയാസമാണെങ്കിലും, ചില ജീവികൾക്ക് പ്രകാശത്തിന്റെ പോളറൈസേഷൻ അവസ്ഥ മനസ്സിലാക്കി ദൂരെ കാണുന്ന ജലാശയം ശരിക്കുമുള്ളതാണോ അതോ മരുപ്പച്ചയാണോ എന്ന് തിരിച്ചറിയാനുള്ള കഴിവുണ്ട്. ജലാശയം പ്രതിഫലിപ്പിക്കുന്ന പ്രകാശം പോളറൈസ്ഡ് ആയിരിക്കും എന്നതാണിതിനു പിന്നിലുള്ള ശാസ്ത്രം. ഇതേ പോലെ, ദേശാടനക്കിളികളും മറ്റും സഞ്ചാരത്തിനായി ഭൂമിയുടെ കാന്തിക മണ്ഡലത്തിന്റെ സഹായം തേടുന്നതായി കേട്ടിരിക്കുമല്ലോ? ഇവയെക്കൂടാതെ ചിലതരം ഒച്ചുകൾ, തേനീച്ചകൾ, സാൽമൺ മത്സ്യം, ആമകൾ, എലികൾ, പൂച്ചകൾ, കരടികൾ, ബാക്ടീരിയ, തവളകൾ, കൊഞ്ച്, എന്നിവയുടെയൊക്കെ തലച്ചോറുകൾ ഭൂമിയുടെ കാന്തികദിശ തിരിച്ചറിയാൻ ശേഷിയുള്ളവയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. നായ ഭൂമിയുടെ കാന്തിക ദിശ മനസ്സിലാക്കി, തെക്കു വടക്ക് ദിശയിൽ ശരീരം ക്രമീകരിച്ചാണ് വിസർജ്ജനം നടത്തുന്നതെന്നതിൽ അതിശയോക്തിയില്ല! നായകളെ കാന്തങ്ങൾ തിരിച്ചറിയാൻ പരിശീലിപ്പിക്കാൻ പോലും കഴിയും. എന്നാൽ മനുഷ്യന്റെ തലച്ചോറിന് ഇതെത്ര മാത്രം സാധിക്കും?

ഇത് സംബന്ധിച്ച നിരവധി പഠനങ്ങൾ നടന്നിട്ടുണ്ടെങ്കിലും മനുഷ്യന്റെ തലച്ചോറിൽ ഒരു ജൈവ കോമ്പസ്സുള്ളതായി കൃത്യമായി തെളിയിക്കാൻ ഒരു പഠനത്തിനും സാധിച്ചിട്ടില്ല. 1980കളുടെ തുടക്കത്തിൽ ഒരു പറ്റം ആളുകളെ കണ്ണു മൂടിക്കെട്ടിയ ശേഷം ഒരു ബസിൽ കയറ്റി ദൂരെ കൊണ്ട് പോയ ശേഷം അവർ പുറപ്പെട്ട സ്ഥലത്തിന്റെ ദിശ ചൂണ്ടിക്കാണിക്കാൻ ആവശ്യപ്പെട്ട പഠനമാണ് ഇതിൽ ആദ്യമായി എടുത്തു പറയാവുന്നത്. ഇംഗ്ലണ്ടിൽ നടന്ന ഈ പഠനം പിന്നീട് പ്രിൻസ്ടൺ സർവകലാശാലയിൽ ആവർത്തിച്ചെങ്കിലും അവർക്ക് കാര്യമായ ഒരു ഫലവും കിട്ടിയില്ല. ഏറ്റവും അടുത്ത കാലത്ത് നടന്ന ആധികാരിക പഠനം കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (കാൽടെക്ക്) ഗവേഷകർ നടത്തിയതാണ്. മനുഷ്യനൊരു കാന്തിക ആറാമിന്ദ്രിയം ഉണ്ടോ എന്നറിയാൻ കാൽടെക്കിലെ ജിയോബയോളജിസ്റ്റായ ജോസഫ് കിഴ്സ്വിങ്കും, ന്യൂറോ സയന്റിസ്റ്റായ ഷിൻ ഷിമോജോയും സംഘവും ജാപ്പനീസ് ഗവേഷകരുമായി ചേർന്ന് നടത്തിയ ഈ പഠനത്തിന്റെ ഫലങ്ങൾ 2019-ൽ ഇന്യൂറോ ജേണലിൽ പ്രസിദ്ധീകരിക്കപ്പെട്ടു,

ഈ പരീക്ഷണത്തിനായി അവർ ഒരു ഫാരഡേ കൂട് (Faraday Cage) ഉണ്ടാക്കി. വൈദുതകാന്തിക തരംഗങ്ങളെ പൂർണ്ണമായി തടയുന്ന ഒരു ലോഹക്കൂടാണ് ഫാരഡെ കേജ്. ഇതിലിരിക്കുന്ന ഒരാൾക്ക് പുറത്തു നിന്നുള്ള യാതൊരു കാന്തികമണ്ഡലങ്ങളും ബാധിക്കില്ല. ഇതിനു ശേഷം നിർദ്ധിഷ്ട ദിശയിൽ കാന്തിക മണ്ഡലം സൃഷ്ടിക്കാൻ കഴിയുന്ന വൈദ്യുത കോയിലുകൾ കൂടിനുള്ളിൽ വച്ച ശേഷം നടുക്ക് കസേരയിലിരിക്കുന്ന ഒരാളുടെ തലച്ചോറിൽ നിന്നുള്ള ഇ.ഇ.ജി (EEG) തരംഗങ്ങൾ 64 ഇലക്ട്രോഡുകൾ തലയിൽ പിടിപ്പിച്ച ഒരു ഹെൽമറ്റിൽ നിന്നും റെക്കോഡ് ചെയ്യുന്നു. കാന്തിക മണ്ഡലങ്ങളുടെ ദിശ മാറുമ്പോൾ തലച്ചോറിൽ നിന്നും വരുന്ന ആൽഫാ തരംഗങ്ങൾക്ക് വ്യതിയാനമുണ്ടോ എന്ന് ഈ പരീക്ഷണം വഴി അറിയാൻ കഴിയും. ഈ പരീക്ഷണങ്ങളുടെ അന്തിമ ഫലമെന്താണെന്ന് വച്ചാൽ തലച്ചോറിന് കാന്തിക ദിശ അറിയാനുള്ള കഴിവുണ്ട് – പക്ഷേ, ഇത് വളരെ വലിയ ഒരു കഴിവല്ല. മാത്രവുമല്ല ഇത് സ്വാധീനിക്കുന്നത് തലച്ചോറിന്റെ അബോധ മണ്ഡലത്തെയാണ് (nonconscious part). ഈ കഴിവ് ഓരോ വ്യക്തികളിലും വ്യത്യസ്തവും, അതിനാൽ തന്നെ പൂർണ്ണമായും ആശ്രയിക്കാവുന്നതുമല്ല.

വൈദ്യുതകാന്തിക മണ്ഡലങ്ങൾ സൃഷ്ടിക്കുന്ന ധാരാളം മനുഷ്യ നിർമ്മിത ആന്റിനകളുടെയും ഉപകരണങ്ങളുടെയും കാലത്ത് ഇവ മലിനീകരിച്ച ഒരു ലോകത്താണ് നമ്മൾ ജീവിക്കുന്നതെന്നത് ഒരു വസ്തുതയാണ്. കാര്യമായ ജൈവമാറ്റങ്ങളുണ്ടാക്കാൻ ഈ മണ്ഡലങ്ങൾക്കാവില്ലെങ്കിലും ഇവയുടെ ഇടയിൽ ഭൗമ കാന്തിക ക്ഷേത്രം തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ നമ്മുടെ മസ്തിഷ്ക്കത്തിന് ശേഷിയുണ്ടാവില്ലെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. അതായത് നമ്മുടെ പഞ്ചേന്ദ്രിയങ്ങൾ പോലെ സുവ്യക്തമായ ഒന്നല്ല കാന്തിക മണ്ഡലം തിരിച്ചറിയാനുള്ള ശേഷി. കൂടാതെ, ഭൂമിയുടെ കാന്തിക മണ്ഡലത്തിന് അസുഖങ്ങൾ ഭേദമാക്കാനോ, മനുഷ്യരുടെ ഓർമ്മ ശക്തിവർദ്ധിപ്പിക്കാനോ, അവരെ കൂടുതൽ സ്മാർട്ടാക്കാനോ, തലച്ചോറുകൾ തമ്മിൽ ടെലിപ്പതി വഴി ആശയം കൈമാറാനോ ഒന്നും കാന്തിക മണ്ഡലത്തിന് ശേഷിയുണ്ടെന്ന് ഈ പഠനങ്ങൾ തെളിയിക്കുന്നില്ല. തൽച്ചോറിന് കാന്തിക മണ്ഡലത്തിന്റെ സാന്നിദ്ധ്യം തിരിച്ചറിയാൻ കഴിയും, എന്നാൽ ആ അറിവ് ഉപയോഗിച്ചെന്തെങ്കിൽ തീരുമാനമെടുക്കാനുള്ള ശക്തി ആ തിരിച്ചറിവിനില്ല എന്ന് മാത്രമാണ് ഈ പഠനങ്ങളുടെ ഫലം.

ഒരു പക്ഷേ, നമ്മുടെ പൂർവ്വികർ കാന്തിക ദിശ തിരിച്ചറിഞ്ഞ് സഞ്ചരിച്ചിട്ടുണ്ടാവാം. സുവ്യക്തമായ മറ്റ് മാർഗ്ഗങ്ങൾ തെളിഞ്ഞു വന്നപ്പോൾ ആ കഴിവ് നമ്മുടെ തലച്ചോർ ഉപേക്ഷിച്ചതാവാം. കാന്തിക സൂചി ഉപയോഗിക്കുന്ന കോമ്പസ്സിന്റെ കണ്ടുപിടിത്തം മനുഷ്യരാശിക്കൊരു ചരിത്ര മുഹൂർത്തമായിരുന്നല്ലോ? ജൈവ കാന്തിക പ്രഭാവങ്ങളേക്കുറിച്ച് ഇനിയും നിരവധി പഠനങ്ങൾക്ക് ഭാവിയുണ്ട്. അങ്ങിനെയേ നമുക്ക് നമ്മെത്തന്നെയും, നമ്മുടെ ജൈവ പ്രപഞ്ചത്തേയും കൂടുതലറിയാൻ കഴിയൂ!

വിഷയസൂചി:

C. X. Wang, et. al. eNeuro 18 March 2019, 6 (2) ENEURO.0483-18.2019; DOI: https://doi.org/10.1523/ENEURO.0483-18.2019.
https://www.sciencemag.org/news/2019/03/humans-other-animals-may-sense-earth-s-magnetic-field.

Sorry! The Author has not filled his profile.
Share

Leave a Reply

Your email address will not be published. Required fields are marked *