ശംഖുകളിലെ ഘാതകര്‍

1964 ആഗസ്റ്റ് 28-ാം തീയതി അര്‍ദ്ധരാത്രി. കാബ്രാസ് പവിഴദ്വീപില്‍ വെള്ളത്തില്‍ മുങ്ങിയും  കുന്തമെറിഞ്ഞും മീന്‍ പിടിക്കുകയായിരുന്നു 29 കാരനായ ഒരു ഫിലിപ്പിനോ യുവാവ്. ഇതിനിടെ ഏറെ ആകര്‍ഷകമായ ഒരു ശംഖ് അയാളുടെ ശ്രദ്ധയില്‍പ്പെട്ടു. ശംഖിനെ അയാള്‍ അലക്ഷ്യമായി തന്‍റെ ഷര്‍ട്ടിന്‍റെ ഇടതു കൈയ്യില്‍ തിരുകി വച്ചു. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ശരീരം ഭാഗികമായി തളര്‍ന്ന് മിണ്ടാന്‍ പോലുമാകാത്ത അവസ്ഥയില്‍ അയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാവിന്‍റെ ഇടതു കൈത്തണ്ട മുഴുവന്‍ നീര് വ്യാപിച്ചിരുന്നു. ചികിത്സയ്ക്കു ശേഷം ആഗസ്റ്റ് 29-ാം തീയതി പെട്ടെന്ന് അയാളുടെ ശ്വാസം നിലച്ചു. ഹൃദയമിടിപ്പ് കുറച്ച് മിനിറ്റുകള്‍ കൂടി തുടര്‍ന്നു. തുടര്‍ന്ന് അബോധാവസ്ഥയിലായി അയാള്‍ മരിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിച്ചത് അയാളുടെ ഇടതു കൈത്തണ്ടയില്‍ 60സെ.മി വൃത്താകാരത്തില്‍ വീക്കമുണ്ടായിരുന്നെന്നാണ്. തലച്ചോര്‍, ഹൃദയം, ശ്വാസകോശം എന്നിവയുടെ ആവരണത്തില്‍ രക്തസ്രാവവും തലച്ചോറിനുള്ളില്‍ നീര്‍വീക്കവും ഉണ്ടായിരുന്നു. തലച്ചോറിലെ മടക്കുകള്‍ നിവര്‍ന്നു വീര്‍ത്തുവെന്നു മാത്രമല്ല അതിന് 1.5 കിലോഗ്രാം ഭാരമുണ്ടായിരുന്നു. എന്നാല്‍ രക്തക്കുഴലുകളിലൊന്നും രക്തം കട്ടപിടിച്ചിരുന്നില്ല.Conus Geographus L എന്നയിനം ശംഖിന്‍റെ വിഷമാണ് അയാളെ കൊന്നതെന്നു പിന്നീട് മനസ്സിലായി(Rice and Halstead,1968).

ഇത് ഒരു ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. 195060 കാലയളവില്‍ ഫിലിപ്പൈന്‍സിലെ, മനിലയുടെ തീരപ്രദേശത്ത് ഉപജീവനത്തിനു വേണ്ടി മീന്‍പിടുത്തത്തിലേര്‍പ്പെട്ടിരുന്ന ആളുകള്‍ അപ്രതീക്ഷിതമായി കൊല്ലപ്പെടുന്നത് പതിവായി മാറി. മരണസംഖ്യ ദിനംപ്രതി കൂടുന്നതല്ലാതെ മരണകാരണം അവ്യക്തമായിരുന്നു. സമീപപ്രദേശത്തെ പോലീസ് സ്റ്റേഷനുകളില്‍ ഇതുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ ഫയല്‍ ചെയ്യപ്പെട്ടു. എന്നാല്‍, കേസുകള്‍ക്ക് തീര്‍പ്പ് കല്‍പ്പിക്കാന്‍ പോലീസുകാര്‍ക്കു സാധിച്ചില്ല. തീരപ്രദേശത്തെ പിശാചുബാധയാണ് മീന്‍പിടുത്തക്കാരുടെ അകാല മൃത്യുവിന് കാരണമെന്ന് പ്രദേശവാസികളായ സാധാരണക്കാര്‍ വിശ്വസിച്ചിരുന്നു. മീന്‍പിടുത്തക്കാരുടെ അകാലമരണത്തിന്‍റെ കാരണം കണ്ടെത്തുക എന്നത് അന്നത്തെ ശാസ്ത്രജ്ഞന്‍മാരുടെ മുന്നിലെ ഒരു വെല്ലുവിളിയായിരുന്നു. അവര്‍ ഏറെ ജിജ്ഞാസയോടു കൂടി അതിനു വേണ്ടി പരിശ്രമിച്ചു.

ശാസ്ത്രജ്ഞന്മാരുടെ ആകാംക്ഷയ്ക്ക് വിരാമമിട്ട് ഫിലിപ്പിനോക്കാരനായ ബാല്‍ഡോമിറോ ഒലീവെറ എന്ന ശാസ്ത്രജ്ഞന്‍ മീന്‍പിടുത്തക്കാരുടെ മരണത്തിനുള്ള യാഥാര്‍ത്ഥ കാരണം കണ്ടെത്തി. മത്സ്യബന്ധന വേളയില്‍ ആളുകള്‍ക്ക് ചിലയിനം ശംഖുകളുടെ (കോണ്‍ സ്നെയില്‍) ദംശനമേല്‍ക്കുന്നതാണ് മൃത്യുവിന് ഹേതുവാകുന്നത് എന്ന യാഥാര്‍ത്ഥ്യം അദ്ദേഹം കണ്ടെത്തി. ഇത്തരം ശംഖുകള്‍ മുറിപ്പാടുകള്‍ ഉണ്ടാക്കാതെ ഇരയുടെ ശരീരത്തിലേക്ക് അവയുടെ വിഷം കടത്തി വിടുന്നു. ഈ വിഷം നാഡീവ്യൂഹത്തെ ബാധിക്കുന്നതിനാല്‍ ശംഖിന്‍റെ കടിയേറ്റ വ്യക്തി വളരെ വേഗം തന്നെ ശരീരം തളര്‍ന്ന അവസ്ഥയിലാകുകയും മരണത്തിന് കീഴ്പ്പെടുകയും ചെയ്യുന്നു.

 

സമുദ്രത്തിലെ വിഷജീവികള്‍

വിഷശാംമുള്ളതും വിഷം വമിക്കുന്നതുമായ ആയിരത്തില്‍പ്പരം ജന്തുക്കള്‍ സമുദ്രത്തിലുണ്ട്, അവയില്‍ വളരെ കുറച്ച് ഇനങ്ങള്‍ മാത്രമേ പരീക്ഷണ വിധേയമാക്കിയിട്ടുള്ളൂ. മനുഷ്യനും മനുഷ്യരുടെ വളര്‍ത്തു മൃഗങ്ങള്‍ക്കും ദോഷകരമായ, സമുദ്രജീവികളിലെ ജൈവ വിഷത്തിലാണ് ഗവേഷണം പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത്.

സമുദ്രജീവികളിലെ വിഷം, ഇരപിടിയന്മാരായ ജീവികള്‍ക്ക് ഇരയെ കടന്നാക്രമിക്കാനുള്ള ആയുധമായും, ഇരയ്ക്ക് ചെറുത്തു നില്‍ക്കുന്നതിനുള്ള ആയുധമായും വര്‍ത്തിക്കുന്നതു വഴി ആവാസവ്യവസ്ഥയുടെ സന്തുലനത്തില്‍ പ്രധാന പങ്കുവഹിക്കുകയും ചെയ്യുന്നു. ഒട്ടുമിക്ക സമുദ്രജീവി വിഷവും ഇരയുടെ ശരീരത്തിനുള്ളിലെത്തുമ്പോള്‍ മാത്രമാണു മാരകമാകുന്നത്. വിഷത്തിന്‍റെ പ്രവര്‍ത്തനം മൂലം ശരീരകോശങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കുമുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് ധാരാളം പഠനങ്ങള്‍ നടന്നിട്ടുണ്ട്. ശരീരത്തിലെ സോഡിയത്തിന്‍റെ സഞ്ചാരത്തെ തടസ്സപ്പെടുത്തുന്ന ടെട്രോഡോടോക്സിന്‍, സാക്ലിടോക്സിന്‍ എന്നീ ജൈവവിഷങ്ങളുടെ പഠനത്തില്‍ നിന്നാണ് കോശസ്തരത്തെ ഇവ ബാധിക്കുന്നു എന്ന ധാരണയുണ്ടായത്. ഇത്തരം ജൈവവിഷങ്ങളുടെ ഘടന, ജൈവഗുണങ്ങള്‍, ഉല്‍പാദനം എന്നിവ സംബന്ധിച്ച പഠനം നടത്തുകയെന്നത് വലിയ വെല്ലുവിളിയാണ്.

സൂക്ഷമമായ അളവില്‍പോലും ഏതൊരു ജീവിയുടെയും ശാരീരികാവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ് ജൈവവിഷം (Biotoxin). രാജ്യാന്തര ഗവേഷണ സമൂഹം നല്‍കുന്ന നിര്‍വ്വചനമനുസരിച്ച് പ്രോട്ടീന്‍ അടങ്ങിയതും പ്രതിരോധോത്തേജകവുമായ വസ്തുക്കളെയാണ് ടോക്സിന്‍ എന്ന ഗണത്തില്‍പെടുത്തിയിട്ടുള്ളത്. ജൈവവിഷമെന്നാല്‍ പ്രകൃതിജന്യമായതും (സസ്യങ്ങള്‍, ജന്തുക്കള്‍, ബാക്ടീരിയ തുടങ്ങിയവയില്‍ നിന്നുള്ളത്) ഇരകള്‍ക്ക് (മനുഷ്യര്‍ക്ക്) അന്യമായതുമായ വസ്തുക്കളാണെന്ന് വോട്ട് (1970) അഭിപ്രായപ്പെടുന്നു. ഇരയെ സംബന്ധിച്ച് പുറമെയുള്ള ഒരു വസ്തു വിഷവീര്യമുള്ള അളവില്‍ അതിന്‍റെ ചുറ്റുപാടും പ്രയോഗിക്കുകയാണെങ്കില്‍ അത് ജൈവവിഷമാണ്. ജൈവവിഷം മുഖ്യമായും വിഷാംശമുള്ളതും ഇരയെ പ്രതികൂലമായി ബാധിക്കുന്നതുമായിരിക്കും. അസുഖത്തിന്‍റെ ചികിത്സയ്ക്കു വേണ്ടിയോ പ്രതിവിധിയായോ ഉപയോഗിക്കുന്ന വസ്തുക്കള്‍ ജൈവവിഷമല്ല. പാമ്പിന്‍ വിഷം പോലുള്ള വിഷം, ഗ്രന്ഥികളിലെ പ്രത്യേക സ്രവകോശങ്ങള്‍ വമിക്കുന്ന പ്രോട്ടീന്‍ അടങ്ങിയ വസ്തുവാണ്.

വിഷശംഖുകള്‍

മൊളസ്കന്‍ വിഭാഗത്തില്‍ വിഷാംശം ഏറ്റവും കൂടുതലുള്ളത് കോണേസിയ/ ടോക്സോഗ്ലോസ സൂപ്പര്‍ഫാമിലിയില്‍പ്പെട്ട ടോക്സോഗ്ലോസേറ്റ് ശംഖുകള്‍ക്കാണ്. ഇത്തരം സമുദ്ര ഗാസ്ട്രോപോഡുകളില്‍, പുറമേയുള്ള പ്രതലങ്ങളിലെ ആഹാരപദാര്‍ത്ഥങ്ങള്‍ ചുരണ്ടിയെടുക്കുന്നതിന് ഉപയോഗിക്കുന്ന റാഡുല (Radula) എന്ന അവയവം ഇരയ്ക്കുള്ളില്‍ വിഷം കുത്തിയിറക്കുന്നതിനു അനുയോജ്യമാംവിധം രൂപാന്തരപ്പെട്ടിരിക്കുന്നു. ടോക്സോഗ്ലോസേറ്റ് സൂപ്പര്‍ഫാമിലിയില്‍ ആയിരക്കണക്കിന് ഒച്ചിനങ്ങള്‍ ഉള്‍പ്പെട്ട അഞ്ച് ഫാമിലി ഉണ്ട്. അവയില്‍ പ്രധാനമായും ടെറിബ്രിഡേ (ടവര്‍/ആഗര്‍ ഒച്ചുകള്‍), ടറിഡേ (സ്ലിറ്റ്ഷെല്‍സ്/ടറിഡ്സ്), കോണിഡേ (കോണ്‍ സ്നെയില്‍) എന്നീ മൂന്ന് ഫാമിലികളിലായാണ് മിക്കവാറും ഇനങ്ങളും ഉള്‍പ്പെട്ടിട്ടുള്ളത്.

കോണ്‍ സ്നെയിലുകള്‍ മനുഷ്യരില്‍ അസ്വാസ്ഥ്യങ്ങള്‍ക്കു കാരണമാകുന്നുണ്ടെന്ന് പണ്ടു കാലം മുതല്‍ക്കെ അറിവുണ്ടെങ്കിലും, അവയുടെ വിഷാംശത്തെ സംബന്ധിച്ച പഠനങ്ങള്‍ അടുത്തകാലത്താണ് തുടങ്ങിയിട്ടുള്ളത്. ശംഖിന്‍റെ (കോണ്‍സ് ടെക്സ്റ്റൈല്‍) കുത്തേറ്റ് മനുഷ്യന് മരണം സംഭവിച്ചത് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് 1705ല്‍ റാംഫിയസാണ്. കോണസ് ആളിക്കസ് എന്ന കോണ്‍ സ്നെയിലില്‍ 1848-ല്‍ ആഡംസും റീവും നടത്തിയ പഠനത്തിന്‍റെ ഭാഗമായാണ് കോണ്‍ സ്നെയിലിന്‍റെ കുത്തുണ്ടാക്കുന്ന ദോഷഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 1853-ല്‍ ഗ്രേ എന്ന ശാസ്ത്രജ്ഞനാണ് കോണ്‍ സ്നെയിലിന്‍റെ രൂപാന്തരപ്പെട്ട റാഡുലര്‍ പല്ലുകള്‍ ശ്രദ്ധിച്ചതും അതിന്‍റെ അടിസ്ഥാനത്തില്‍ കോണസിനെ “ടോക്സിഫെറ” എന്ന പ്രത്യേക സബ്ഓര്‍ഡറില്‍ ഉള്‍പ്പെടുത്തിയതും. 1847-ല്‍ ക്രോസ്സി, മാറീ എന്നീ ശാസ്ത്രജ്ഞര്‍, കോണസ് ടൂലിപാ എന്നയിനം മനുഷ്യന് അപകടകാരിയാണെന്ന് കണ്ടെത്തി. 1885-ല്‍ കോണസ് ജിയോഗ്രാഫസ് മനുഷ്യന് വിഷാംശമുള്ളതാണെന്ന് കോക്സ് എന്ന ശാസ്ത്രജ്ഞന്‍ മനസ്സിലാക്കി. ടോക്സോഗ്ലോസയില്‍ ഉള്‍പ്പെട്ട എല്ലായിനം ഒച്ചുകള്‍ക്കും വിഷം സ്രവിക്കുന്ന അവയവങ്ങളുണ്ട്. എന്നാല്‍, കോണിഡേ വിഭാഗത്തില്‍പ്പെട്ടവ മാത്രമാണ് മനുഷ്യര്‍ക്ക് വിഷകരമായിട്ടുള്ളത്. കോണിഡേ ഫാമിലിയില്‍ കോണസ് എന്ന ജനുസ്സില്‍ ഏകദേശം 400 ഇനം ഒച്ചുകളുണ്ട്. അവയില്‍ ചിലതൊഴികെ ബാക്കിയുള്ളവയെല്ലാം ഉഷ്ണമേഖലാ ജലാശയങ്ങളിലോ മിതോഷ്ണ മേഖലാ ജലാശയങ്ങളിലോ ആണ് കാണപ്പെടുന്നത്.

ശംഖുകളുടെ വിഷം

ഇന്‍ഡോ-പസഫിക് ഭാഗങ്ങളിലെ തനതിനമായ കോണസ് ജിയോഗ്രാഫസ് എന്ന കോണ്‍ സ്നെയില്‍ ഉല്‍പാദിപ്പിക്കുന്ന വിഷത്തില്‍ നിന്നും ആദ്യമായി പെപ്റ്റൈഡിനെ വേര്‍തിരിച്ചത് ബാല്‍ഡോമിറോ ഒലിവെറ എന്ന ശാസ്ത്രജ്ഞനാണ്. കോണ്‍ സ്നെയിലുകള്‍ക്ക് ചാട്ടുളിപോലുള്ള പല്ലുകളുണ്ട്. അവയോടുചേര്‍ന്നുള്ള വിഷഗ്രന്ഥി പുറപ്പെടുവിക്കുന്ന വിഷത്തെ, ഈ പല്ലുകള്‍ ഇരകളുടെ ശരീരത്തിലേക്ക് തറപ്പിക്കുന്നു. വിഷവീര്യമുള്ള ഈ പെപ്റ്റൈഡുകള്‍ ഇരയുടെ ശരീരം തളര്‍ത്താനോ കൊല്ലാനോ പര്യാപ്തമായവയാണ്. കോണ്‍ വിഭാഗത്തിലുള്ള കോണസ് ജിയോഗ്രാഫസിന്‍റെ വിഷം മനുഷ്യനെ കൊല്ലാന്‍ പോന്നതാണ്. കോണ്‍ സ്നെയിലുകളുടെ വിഷത്തില്‍ നിന്നും ഒലീവെറയും സംഘവും വേര്‍തിരിച്ച പെപ്റ്റൈഡുകള്‍ കോണോടോക്സിന്‍ (Conotoxin) എന്നറിയപ്പെടുന്നു. ഇത്തരത്തില്‍ വേര്‍തിരിച്ച കോണ്‍ സ്നെയില്‍ പെപ്റ്റൈഡാണ് ഇന്ന് ലോകമെമ്പാടും കഠിനമായ വേദനകള്‍ക്കുള്ള വേദന സംഹാരിയായിട്ട് ഉപയോഗിക്കുന്നത്.

വൈവിധ്യമാര്‍ന്ന ആവാസവ്യവസ്ഥകള്‍

കോണ്‍ സ്നെയിലുകള്‍ കൂടുതല്‍ സമയവും വളരെ ആഴമില്ലാത്ത കടല്‍പരപ്പിലാണ് കാണുന്നത്. കടല്‍പരപ്പിലെ പാറക്കൂട്ടങ്ങള്‍ക്കിടയില്‍ നൂറുകണക്കിന് അടിതാഴ്ചയില്‍ വരെ ഇവ കാണപ്പെടുന്നു. കൂടാതെ പലതരം ചെറു ആവാസവ്യവസ്ഥകളിലും കോണ്‍ സ്നെയിലുകള്‍ വസിക്കുന്നു. ചിലയിനങ്ങള്‍ പവിഴപ്പുറ്റുകളിലെ ആല്‍ഗകളുമായി ചേര്‍ന്ന് കാണുന്നു, ചിലത് പവിഴത്തലപ്പത്ത് ഇഴഞ്ഞ് നീങ്ങുന്നു, മറ്റു ചിലത് മണല്‍ നിറഞ്ഞതോ ഇളകി മാറിയതോ ആയ പവിഴപ്പുറ്റുകള്‍ക്കിടയില്‍ കാണപ്പെടുന്നു. ഇവയില്‍ മനുഷ്യന് ഹാനികരമായവ കൂടുതലും വസിക്കുന്നത് മണല്‍ നിറഞ്ഞതോ ഇളകി മാറിയതോ ആയ പവിഴപ്പുറ്റുകള്‍ക്കിടയിലാണ്. ഇനങ്ങളനുസരിച്ച് കോണ്‍ സ്നെയിലുകളുടെ ഇരയും(ആഹാരം) വ്യത്യാസപ്പെട്ടിരിക്കും. പോളിക്കീറ്റ് വിരകള്‍(വെര്‍മിവോറസ് ഇനങ്ങള്‍), മറ്റ് മൊളസ്കുകള്‍ (മൊളസിവോറസ് ഇനങ്ങള്‍) ചെറിയ മീനുകള്‍ (പൈസിവോറസ് ഇനങ്ങള്‍) എന്നിവയാണിവയുടെ ഭക്ഷണം (Kohn, 1958).

കോണ്‍ സ്നെയിലുകള്‍ ഇരപിടിച്ചാണ് ഭക്ഷിക്കുന്നത്. ഇരയുടെ നേര്‍ക്ക് അസ്ത്രം പോലുള്ള, റാഡുലാര്‍ പല്ലുകള്‍ എയ്തു തറച്ച് വിഷമിറക്കുന്നു. റാഡുലാര്‍ കവചത്തിനിള്ളിലാണ് ഈ പല്ലുകള്‍ ഉള്ളത്. അവശ്യ സന്ദര്‍ഭത്തില്‍ വിഷനാളികളില്‍ നിന്നുള്ള വിഷം നിറച്ച റാഡുലകള്‍(പല്ല്) എയ്യുകയും ചെയ്യുന്നു.

ലോകത്തിന്‍റെ പലഭാഗത്തും കോണ്‍ സ്നെയിലിന്‍റെ ദംശനത്തിന് ആരോഗ്യ പ്രശ്നമെന്ന പരിഗണന നല്‍കിയിട്ടില്ല. കോണ്‍ സ്നെയില്‍ ദംശനവും അതുമൂലമുള്ള പ്രാണഹാനിയും കൂടുതല്‍ സംഭവിച്ചിട്ടുള്ളത് ഇന്‍ഡോ-പസഫിക് പ്രദേശങ്ങളിലാണ്. എന്നാല്‍ ഇത്തരം ദംശനങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലാത്തതിനാല്‍ അതിനു പിന്നിലെ യഥാര്‍ത്ഥ്യം വെളിപ്പെട്ടിട്ടില്ല. മനുഷ്യരില്‍ വിഷം കുത്തിവയ്ക്കുന്ന പ്രധാന ഇനങ്ങള്‍ കോണസ് ടെക്സ്റ്റയിലും കോണസ് ജിയോഗ്രാഫസുമാണ്. (Conus textile, C.geographus)

വിഷ ഒച്ചുകളുടെ വൈവിധ്യം

നട്ടെല്ലില്ലാത്ത സമുദ്രജീവിവര്‍ഗ്ഗങ്ങളില്‍, ഉഷ്ണ-മിതോഷ്ണ മേഖല കടലുകളിലെ ഏറ്റവും വൈവിധ്യം നിറഞ്ഞ ജനുസ്സാണ് കോണസ്. പല നിറത്തിലും ആകൃതിയിലുമുള്ള പുറംതോട് ഇവയെ ഏറെ ആകര്‍ഷകമാക്കുന്നു. 40mm വലിപ്പമുള്ള ഏറ്റവും ചെറിയ C.Sahlbergi മുതല്‍ 250mm വലിപ്പമുള്ള പടിഞ്ഞാറന്‍ ആഫ്രിക്കന്‍ ഇനമായ C.pulcher വരെയുള്ള കോണസ്ശംഖുകളുണ്ട്. അറ്റ്ലാന്‍റിക്, ഇന്‍ഡോ-പസഫിക് സമുദ്രങ്ങളുടെ ഉഷ്ണ-മിതോഷ്ണ മേഖലകളിലായാണ് ഒട്ടുമിക്കയിനങ്ങളും കാണപ്പെടുന്നത് (Filmer, 2001). അവയില്‍ ഭൂരിഭാഗവും ഇന്‍ഡോ-പസിഫിക് ഉഷ്ണമേഖലാ സമുദ്രത്തില്‍ വളരെ ആഴമില്ലാത്ത ജലപ്പരപ്പു മുതല്‍ നൂറുകണക്കിന് മീറ്റര്‍ ആഴത്തില്‍ വരെ കാണപ്പെടുന്നു (Mary and Fields,2003; Willionsons and Rifkin, 1996).

കോണസുകളുടെ പ്രാദേശിക വൈവിധ്യം കൊണ്ടും ഭക്ഷ്യശ്രംഘലയില്‍ പ്രാഥമിക മാംസഭുക്കുകളുടെ തലത്തിലെ വൈവിധ്യം കൊണ്ടും ഇവയ്ക്ക് ആവാസവ്യവസ്ഥയില്‍ പ്രമുഖ സ്ഥാനമാണുള്ളത്. സാധാരണയായി, സമുദ്രത്തിലെ വിരകള്‍, ചെറിയമത്സ്യങ്ങള്‍, മറ്റ് മൊളസ്കുകള്‍ (Duda et al.,2001) എന്നിവയെയാണ് കോണസുകള്‍ ഭക്ഷിക്കുന്നത്. കോണസുകള്‍ പതുക്കെയാണ് നീങ്ങുന്നതെങ്കിലും, വളരെ പെട്ടെന്ന് നീങ്ങുന്ന മത്സ്യങ്ങളെപ്പോലുള്ള ഇരകളെ ചാട്ടുളി പോലുള്ള വിഷം നിറഞ്ഞ റാഡുല തറച്ച് പിടികൂടുന്നു.(Olivera,2002). ചിലയിനം കോണസുകളുടെ വിഷം മനുഷ്യന്‍റെ മരണത്തിനുവരെ കാരണമാകുന്നു. എന്നാല്‍, കോണിഡേ കുടുംബത്തിലുള്ളവ മനുഷ്യരെ ഇരയാക്കാറില്ലെങ്കിലും, അവയെ ശല്യപ്പെടുത്തിയാല്‍ സ്വയരക്ഷാര്‍ത്ഥം വിഷം നിറഞ്ഞ റാഡുല എയ്യുന്നതാണ്.

കോണസ് ജീനസില്‍ നിലവിലുള്ള 700 ഇനങ്ങളില്‍ 316 ഇനങ്ങള്‍ ഇന്‍ഡോ-പസിഫിക് ഉഷ്ണമേഖലാ കടലുകളില്‍ മാത്രം കാണുന്നവയാണ് (Rocket et al.,1995). പവിഴപ്പുറ്റുകളിലെ ഏറ്റവും വൈവിധ്യമാര്‍ന്നതും പ്രബലവുമായ ഇരപിടിയന്മാരാണ് കോണസ്ശംഖുകള്‍. അവയുടെ സവിശേഷമായ ജൈവവൈവിധ്യം കൂടാതെ എടുത്തു പറയത്തക്ക സ്വഭാവമാണ് പരിണാമ കാലഘട്ടത്തിലെ വിവിധ ഇനങ്ങളുടെ വൈവിധ്യം. ഇനങ്ങളുടെ സമൃദ്ധി കോണസുകളെ പവിഴപുറ്റുകളുടെ അടിത്തട്ടില്‍ കഴിയുന്ന പ്രമുഖ ജീവിവര്‍ഗ്ഗമാക്കി മാറ്റുന്നു. ഓസ്ട്രേലിയയിലെ ഒരൊറ്റ പുറ്റില്‍ 20 ഇനം കോണസുകളും, ഇന്‍ഡോനേഷ്യയിലെ ഒരു പുറ്റില്‍ 27 ഇനങ്ങളും കണ്ടെത്തിയിട്ടുണ്ട്. (Kohn and Nybakken, 1975, Kohn, 1990; Kohn, 2001). ഇന്‍ഡോ-പസിഫിക് ഉഷ്ണമേഖലയിലെ ഇനങ്ങളില്‍ 45 ശതമാനവും പവിഴപ്പുറ്റ് ആവാസവ്യവസ്ഥയില്‍ കാണപ്പെടുന്നവയാണ്. (Rocket et al.,1995).

ശംഖുകള്‍ ഇന്ത്യയില്‍

ഇന്ത്യയില്‍ നിന്നും 77 ഇനം കോണസുകള്‍ കണ്ടെത്തിയിട്ടുണ്ട്(Kohn, 2001). കോണസ് ജനുസ്സിലെ മിക്കയിനങ്ങളും ഇന്ത്യയുടെ തെക്കു കിഴക്കന്‍ തീരപ്രദേശത്താണുള്ളത്. 77 ഇനങ്ങളില്‍, 58 എണ്ണം ആഴമില്ലാത്ത ജലപ്പരപ്പിലാണുള്ളത്, അതില്‍ 48 ഇനങ്ങള്‍ തീരത്തുനിന്നും ഉള്ളിലോട്ട് 20 മീറ്ററില്‍ കുറയാത്ത ആഴത്തിലും കാണുന്നു. അവ കൂടുതലും ഉഷ്ണമേഖല, ഇന്‍ഡോ-പടിഞ്ഞാറന്‍ പസിഫിക് മേഖല മുതല്‍ കിഴക്കോട്ട് പടിഞ്ഞാറന്‍ പസിഫിക് സമുദ്രം വരെ വ്യാപിച്ചു കിടക്കുന്നവയാണ്.

ആഴമില്ലാത്ത ജലപ്പരപ്പില്‍ കാണുന്ന ബാക്കിയുള്ള 10 ഇനങ്ങള്‍ വടക്കു കിഴക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലാണുള്ളത്. 20 മീറ്ററോ അതില്‍ കൂടുതലോ ആഴത്തില്‍ കാണപ്പെടുന്ന 19 ഇനങ്ങളില്‍, 11 എണ്ണം ഇന്ത്യന്‍ മഹാസമുദ്രത്തിലും 8 എണ്ണം കിഴക്കന്‍ മേഖലമുതല്‍ ഫിലിപ്പൈന്‍സ് വരെയും കാണപ്പെടുന്നു.(Kohn, 2001). ഇന്ത്യയിലെ കോണസ് ഇനങ്ങളെ, അവ കാണപ്പെടുന്ന ജലത്തിന്‍റെ ആഴമനുസരിച്ച് പ്രധാനമായും രണ്ടായി വിഭജിച്ചിരിക്കുന്നു. 77 ഇന്ത്യന്‍ ഇനങ്ങളില്‍, 19 എണ്ണം കിഴക്ക്-പടിഞ്ഞാറ് തീരങ്ങളില്‍ 20 മീറ്ററില്‍ കൂടുതല്‍ ആഴത്തില്‍, കുഴിച്ചെടുത്താല്‍ മാത്രം ലഭിക്കുന്നവയാണ്, ബാക്കി 58 എണ്ണം തീരത്തോട് ചേര്‍ന്ന് ജലപ്പരപ്പിലും ഗള്‍ഫ് ഓഫ് മാന്നാര്‍ ദ്വീപുകളിലുമായി വിന്യസിച്ചിരിക്കുന്നു. ഇവയില്‍ ചിലയിനങ്ങള്‍ വളരെ ആഴത്തിലും കാണപ്പെടുന്നു.

കേരളത്തില്‍ 17 ഇനം ശംഖുകള്‍ കാണപ്പെടുന്നുണ്ട്. ഇവയില്‍ മനുഷ്യനെ കൊല്ലാന്‍ പര്യാപ്തമാംവിധം വിഷവീര്യമുള്ള കോണസ്സ് ജിയോഗ്രാഫസ്സിസും(Conus geographusis) ഉള്‍പ്പെടുന്നു.

വിവിധതരം കോണോടോക്സിനുകള്‍, കോണസ്പെപ്റ്റൈഡുകള്‍

സമുദ്രത്തിലെ കോണസ്ജീനസ്സില്‍പെട്ട ശംഖുകള്‍ ഇരയെ പിടിക്കാനും പ്രതിരോധത്തിനും അവയുടെ പെപ്റ്റൈഡുകളെ വിഷമായി ഉപയോഗിക്കുന്നു.(Olivera et al., 1990; Myers et al.,1993). പരിണാമസിഡദ്ധാന്തത്തിന്‍റെ കാഴ്ച്ചപ്പാടില്‍ ഇത്തരം വിഷമാണ് കോണാകൃതിയിലുള്ള ശംഖുകളുടെ (കോണ്‍സ്നെയില്‍) വൈവിധ്യത്തിന്‍റെ കടിഞ്ഞാണ്‍. വിവിധ പെപ്റ്റൈഡുകളുടെ സമ്മിശ്രമായ കോണ്‍സ്നെയിലുകളുടെ മാരകമായ ഈ വിഷം (Lewis, 2003) കോണോടോക്സിന്‍ എന്നാണറിയപ്പെടുന്നു. ഇവ ഉദ്ദീപനകോശങ്ങളില്‍ അസാധാരണമാംവിധം പ്രവര്‍ത്തിക്കുന്നു. മിക്ക പെപ്റ്റൈഡുകളുടെയും പ്രധാന സവിശേഷത വളരെ ദൃഢതയാര്‍ന്ന ഡൈസള്‍ഫൈഡ് ചട്ടക്കൂടും വശങ്ങളിലായുള്ള അമിനോ ആസിഡ് ശൃംഖലയുമാണ്. ചെറിയ കോണോപെപ്റ്റൈഡുകള്‍ക്ക് 10-50 അമിനോ ആസിഡുകളുടെ നീളം ഉണ്ടാകും. ((Olivera et al., 1985; Olivera et al., 1990; Myers et al.,1993; Craig et al.,1999)

ഒട്ടുമിക്ക കോണസ്പെപ്റ്റൈഡുകളും (കോണോടോക്സിന്‍) ഡൈസള്‍ഫൈഡ് ബന്ധനത്താല്‍ സമൃദ്ധമാണ്. അവയില്‍ ചിലത് വരിവരിയായി കാണപ്പെടുന്നു.(Olivera et al., 1985; Sudarslal et al., 2004). ഒരു കോണസ് ശംഖിന്‍റെ ജൈവവിഷത്തില്‍ 100ല്‍ അധികം പെപ്റ്റൈഡുകള്‍(ചെറിയ പ്രോട്ടീന്‍) ഉണ്ട്. ഇതില്‍ ഒരു കോണോപെപ്റ്റൈഡിന്‍റെയോ 50 എണ്ണത്തിന്‍റെയോ ഒരുമിച്ചുള്ള പ്രവര്‍ത്തനമാണ് ഇരയെ നിര്‍വീര്യമാക്കുന്നത്. (Livett et al., 2004). കോണസ് ജീനസിലുള്‍പ്പെട്ട എല്ലാ ഇനത്തിന്‍റെയും വിഷത്തില്‍ 50 മുതല്‍ 200 വരെ പെപ്റ്റൈഡ് ഘടകങ്ങള്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്.(Myers et al.,1993; Alonso et al., 2003;). കഴിഞ്ഞ 550 ലക്ഷം വര്‍ഷങ്ങളായി ഈ ജീനസ്സില്‍ കുറഞ്ഞത് 700 ഇനം ഒച്ചുകള്‍ നിലനില്‍ക്കുന്നുണ്ട്; ഇവയുടെ എണ്ണം ഓരോ 61 ലക്ഷം വര്‍ഷം കൂടുന്തോറും ഇരട്ടിക്കുന്നു. (Aparna, 2002). മൊളസ്കിന്‍റെ ഉല്‍പത്തി മുതലുള്ള (550 ലക്ഷം വര്‍ഷം) പരിണാമഫലമായി, നാഡീവ്യൂഹ വ്യവസ്ഥയ്ക്ക് തകരാറുണ്ടാക്കാന്‍ പര്യാപ്തമായ പെപ്റ്റൈഡുകളുടെ വന്‍ ശേഖരണം കോണ്‍സ്നെയിലുകളില്‍ ഉണ്ടായിട്ടുണ്ട്. കോണോടോക്സിന്‍ ശ്രേണിയെ അവയുടെ പ്രാഥമിക ഘടനയിലെ സിസ്റ്റീന്‍ യൂണിറ്റുകളുടെയും പ്രവര്‍ത്തന ക്ഷമതയുടെയും അടിസ്ഥാനത്തില്‍ വിഭജിച്ചിരിക്കുന്നു.

കോണോടോക്സിനുകള്‍ പ്രധാനമായും രണ്ടുതരത്തിലുണ്ട് – ഡൈസള്‍ഫൈഡ് കൂടുതലുള്ളവയും, നോണ്‍-ഡൈസള്‍ഫൈഡ് കൂടുതലുള്ളവയും.

പ്രവര്‍ത്തന ലക്ഷ്യമനുസരിച്ച് കോണോടോക്സിനുകള്‍ പരതലത്തിലുണ്ട്:

a) α-കോണോടോക്സിന്‍, Αa-കോണോടോക്സിന്‍, ψ-കോണോടോക്സിന്‍ എന്നിവ നിക്കോട്ടിനിക് ഉദ്ദീപനകോശങ്ങളെ ബാധിക്കുന്നു.

b) σ-കൊണോടോക്സിന്‍ സെറോടോണിന്‍ ഉദ്ദീപനകോശങ്ങളെ ബാധിക്കുന്നു.

c) μ-കോണോടോക്സിന്‍, δ-കോണോടോക്സിന്‍, μO-കോണോടോക്സിന്‍ എന്നിവ സോഡിയത്തിന്‍റെ പാതയെ ബാധിക്കുന്നു.

d) ω-കോണോടോക്സിന്‍ കാത്സ്യത്തിന്‍റെ പാതയെ ബാധിക്കുന്നു.

e) κ – കോണോടോക്സിന്‍, κA-അകോണോടോക്സിന്‍ എന്നിവ പൊട്ടാസ്യത്തിന്‍റെ പാതയെ ബാധിക്കുന്നു.

ഇത്തരത്തില്‍ 14 വിഭാഗം ഒന്നില്‍ കൂടുതല്‍ ഡൈസള്‍ഫൈഡ് ബന്ധനങ്ങളുള്ള കോണോടോക്സിനുകള്‍ (α,αA,δ,ε,γ,κ,λ,λ/x,μ,μO,ρ,σ,ω,ψ) സമീപകാലം വരെ കണ്ടെത്തിയിട്ടുണ്ട്.(Sudarslal et al., 2003). കോണോടോക്സിനുകളുടെ ഔഷധഗുണവുമായി ബന്ധപ്പെട്ട ഗവേഷണഫലമായി ചികിത്സാ രംഗത്ത് പ്രയോജനകരമാകുന്ന പല ശക്തിയേറിയ ഘടകങ്ങളും വികസിപ്പിച്ചെടുക്കാന്‍ സാധിച്ചിട്ടുണ്ട് (Gray, 2005).

കോണോടോക്സിനുകളുടെ (കോണോപെപ്റ്റൈഡ്) ഔഷധ പ്രധാന്യം

മറ്റ് ജീവികളുമായി സഹവര്‍ത്തിക്കുമ്പോള്‍ ഇരതേടാനും ശത്രുക്കളെ തുരത്താനുമുള്ള രാസപ്രയോഗങ്ങള്‍ ചില വിഭാഗത്തില്‍പ്പെട്ട ജീവികള്‍ ആര്‍ജിച്ചെടുത്തിട്ടുണ്ട്. വികസിതമായ സസ്യങ്ങള്‍ പ്രതിരോധത്തിനു വേണ്ടി ചില ആല്‍ക്കലോയിഡുകള്‍ ഉത്പാദിപ്പിക്കുന്നു. ഇത്തരം സംയുക്തങ്ങളെ മുഖ്യ അസംസ്കൃത വസ്തുവാക്കി ഔഷധങ്ങള്‍ വികസിപ്പിച്ചെടുക്കുന്നുണ്ട്.

നാഡീവ്യൂഹത്തിലെ ന്യൂറോണ്‍ കോശങ്ങളെ മറ്റൊരു കോശത്തിലേക്ക് ഇലക്ട്രിക് രാസസിഗ്നലുകള്‍ കടത്തിവിടാന്‍ സഹായിക്കുന്ന ഭാഗമായ സിനാപ്സിലും ഉദ്ദീപനകോശങ്ങളിലും മാരകമായി പ്രവര്‍ത്തിക്കുന്ന പെപ്റ്റൈഡുകളുടെ വലിയൊരു കൂട്ടമാണ് കോണോടോക്സിനുകള്‍ (Alonso et al., 2003). ചില കോണോടോക്സിനുകള്‍ ചികിത്സാരംഗത്ത് ഗവേഷണ വിധേയമാക്കുകയും അവ വളരെ കഠിനമായ നാഡീസംബന്ധമായ വേദനകള്‍ ഭേദമാക്കുന്നതിന് ഉപയോഗിച്ചുവരുകയും ചെയ്യുന്നു. കോണസ് മാഗസ് എന്നയിനത്തിന്‍റെ വിഷത്തിന് മോര്‍ഫിനേക്കാളും ആയിരം മടങ്ങ് വേദനയകറ്റാനുള്ള കഴിവുണ്ടെന്ന് 1998-ല്‍ മാര്‍വിക്ക് എന്ന ശാസ്ത്രജ്ഞന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോണസ് മാഗസില്‍ നിന്നും സൈക്കൊണോറ്റൈഡ് എന്ന കൃത്രിമ പെപ്റ്റൈഡ് ഉല്‍പ്പാദിപ്പിച്ചിട്ടുണ്ട്. ശരീരത്തിലെ കാത്സ്യം ചാലില്‍ കാത്സ്യത്തിന്‍റെ ചലനത്തെ തടസ്സപ്പെടുത്തുന്ന ω-കോണോടോക്സിന്‍ M-VII-A എന്ന പെപ്റ്റൈഡിന്‍റെ കൃത്രിമ രൂപമാണിത്. കൃത്രിമ നിര്‍മ്മിത ഔഷധമായിട്ടാണ് ഇലാന്‍ കോര്‍പ്പറേഷന്‍ എന്ന കമ്പനി സൈക്കൊണോറ്റൈഡ് വികസിപ്പിച്ചെടുത്തിട്ടുള്ളത്. 2004 ഡിസംബര്‍ 28ന് അമേരിക്കയുടെ ഭക്ഷ്യ-ഔഷധ അഡ്മിനിസ്ട്രേഷനും, 2005 ഫെബ്രുവരി 22ന് യൂറോപ്യന്‍ കമ്മീഷനും, “പ്രയാല്‍ട്ട്” എന്ന നാമധേയത്തില്‍ ഇതിന്‍റെ വില്‍പ്പനയ്ക്കുള്ള അംഗീകാരം നല്‍കി. കോണോടോക്സിനുകളില്‍ (Conotoxins) ഒരെണ്ണം വേദനസംഹാരിയായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. മറ്റു പലതും ഗവേഷണപാതയിലാണ്, അധികവും ഇനി ഗവേഷണ വിധേയമാക്കാനുമുണ്ട്.

മനുഷ്യജീവന് ഹാനികരമായിട്ടുള്ള വളരെ ശക്തമായ ഇത്തരം വിഷത്തില്‍ നിന്നും അനസ്തീഷ്യക്കു വേണ്ടിയും, വേദനസംഹാരിയായിട്ടും, ചുഴലി, ഹൃദ്രോഗങ്ങള്‍, മാനസിക സംഘര്‍ഷങ്ങള്‍ എന്നിവയ്ക്കുള്ള അനുബന്ധ ഔഷധമായിട്ടും വികസിപ്പിച്ചെടുക്കാനുള്ള ഗവേഷണങ്ങള്‍ ഔഷധഗവേഷകര്‍ വന്‍തോതില്‍ നടത്തി വരുന്നുണ്ട്. വേദനസംഹാരശേഷിയുള്ളതും മയക്കമുണ്ടാക്കുന്നതുമായ മോര്‍ഫിനെക്കാള്‍ പതിന്മടങ്ങ് വേദന സംഹാരശേഷിയും എന്നാല്‍ മയക്കമുണ്ടാക്കാത്തതുമായ സൈകോണോടൈസ് എന്ന പഥാര്‍ത്ഥത്തെ ശംഖിന്‍റെ വിഷത്തില്‍ നിന്ന് വേര്‍തിരിച്ചിട്ടുണ്ട്. ഇത് വളരെയേറെ ഫലപ്രദമാണെന്ന് അലോപ്പതി ചികിത്സ മേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഈ മേഖലയില്‍ ഒട്ടേറെ കണ്ടെത്തലുകള്‍ വഴിയുള്ള അതിശയങ്ങള്‍ക്ക് ഗവേഷക സമൂഹം കാത്തിരിക്കുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *