ലോക ശാസ്ത്ര ദിനം 2022
നവംബർ 10 ന് ലോകമാകമാനം ശാസ്ത്ര ദിനമായി ആചരിക്കുകയാണ്. 2001 മുതലാണ് യുനെസ്കോ നവംബർ 10 സമാധാനത്തിനും വികസനത്തിനും വേണ്ടിയുള്ള ലോകശാസ്ത്ര ദിനമായി ആചരിച്ചു തുടങ്ങുന്നത്. ഇപ്രാവശ്യത്തെ ലോക ശാസ്ത്ര ദിന മുദ്രാവാക്യം “അടിസ്ഥാന ശാസ്ത്രം സുസ്ഥിര വികസനത്തിന് വേണ്ടി ” എന്നതാണ്. ഇതിനോടനുബന്ധമായി വിവിധ ശാസ്ത്ര പോഷണ പരിപാടികൾ, ഗവേഷണങ്ങൾ, ചർച്ചകൾ, സെമിനാറുകൾ എന്നിവ ഇതിനോടനുബന്ധമായി നടക്കുന്നു.

മാനവിക സമൂഹത്തിന്റെ പ്രാരംഭ കാലഘട്ടം മുതൽ തന്നെ മനുഷ്യനും ശാസ്ത്രവും തമ്മിലുള്ള പാരസ്പര്യം നിലനിന്നിരുന്നു. മനുഷ്യ സാമൂഹികതയുടെ പരിണാമ ഘട്ടങ്ങളിലെല്ലാം ഈയൊരു വിനിമയം പ്രകടമായിരുന്നു. ശാസ്ത്രാധിഷ്ഠിതമായ വൈജ്ഞാനിക ബോധമാണ് മനുഷ്യനെ ആധുനികവൽക്കരിച്ചതും നവീകരിക്കപ്പെട്ട സാമൂഹ്യഘടനയ്ക്കനുസൃതമായി വാർത്തെടുത്തതും. വേട്ടയ്ക്കായി ആയുധങ്ങൾ രൂപപ്പെടുത്തിയും കല്ലുകളുരസി തീ കൂട്ടി ആഹാരം പാകം ചെയ്തതോടും കൂടി പ്രാചീന മനുഷ്യൻ ശാസ്ത്രവുമായി ഇടപെട്ട് തുടങ്ങിയെന്നു പറയാം. പിന്നീട് ചക്രത്തിന്റെയും ചെറു യന്ത്രങ്ങളുടെ കണ്ടുപിടിത്തത്തോടെയും ശാസ്ത്രം മനുഷ്യ സമൂഹത്തിൽ വലിയ പരിണാമങ്ങൾ കൊണ്ടുവന്നു. മനുഷ്യന് വിശ്രമത്തിനായുള്ള സമയം കിട്ടിത്തുടങ്ങുന്നതും ശാസ്ത്രം മനുഷ്യനെ സഹായിച്ചു തുടങ്ങുന്നതോടെയാണ്. ശാസ്ത്രം എന്ന ബ്രഹദ് സംഹിതയിൽ നിന്ന് സാങ്കേതികവിദ്യകളുടെ രൂപത്തിലുള്ള ശാസ്ത്ര പരിണാമമാണ് നമ്മുടെ ദൈനംദിന ജീവിതത്തെപ്പോലും ഇന്നു കാണുന്ന വിധത്തിൽ ശാസ്ത്രോന്മുഖമാക്കിയത്.
ആധുനിക ശാസ്ത്ര വിജ്ഞാന പഠന മേഖലകളിൽ നിന്ന് ഏറെ വ്യത്യസ്തമായ കാഴ്ചപ്പാടാണ് നവീന ശാസ്ത്ര പഠനമേഖലയ്ക്കുള്ളത്. സൂക്ഷ്മ രൂപത്തിലുള്ള ശാസ്ത്രപ്രതിപാദ്യങ്ങളിലേക്ക് ഗവേഷണങ്ങൾ വളരുകയും അതിനെ ആധാരമാക്കിയുള്ള സാമൂഹ്യഘടന രൂപപ്പെടുകയും ചെയ്യുന്നു. ഭാവി മനുഷ്യന്റെ സുസ്ഥിരതയ്ക്ക് വേണ്ടിയുള്ള അന്വേഷണങ്ങളിൽ ഏറെ പ്രാധാന്യം അർഹിക്കുന്നതും ശാസ്ത്ര വൈജ്ഞാനിക രംഗമാണെന്നത് ഈ പഠന മേഖലയെ ശ്രദ്ധേയമാക്കുന്നു. ഓരോ കാലത്തിനും അനുയോജ്യമായ രീതിയിൽ മനുഷ്യ സമൂഹത്തെ നവീകരിക്കുന്നതിലും ശാസ്ത്രം വലിയ പങ്കുവഹിക്കുന്നു. പുതുതലമുറയുടെ ശാസ്ത്രാഭിരുചി റോബോട്ടിക്സ്, ഗ്രഹാന്തര യാത്ര, വാന നിരീക്ഷണം തുടങ്ങി മരണത്തെ അതിജീവിക്കുക വരെയുള്ള ശാസ്ത്ര മേഖലകളിലൂടെ വിസ്തൃതമായി നിൽക്കുകയാണ്. ഇതോടൊപ്പം ശാസ്ത്രരംഗത്തെ മത്സരവും സഹകരണവും കൂടിയിരിക്കുന്നു.
ഈ രണ്ട് പ്രക്രിയകളെയും ഏകോപിപ്പിച്ചു കൊണ്ടുപോകുന്നതിൽ ഐക്യരാഷ്ട്രസഭ പോലുള്ള സംഘടനകൾക്ക് വലിയ പ്രാധാന്യമുണ്ട്. രാജ്യങ്ങൾ തമ്മിലുള്ള ശാസ്ത്ര വിനിമയങ്ങൾ ഏകോപിപ്പിക്കുക, ഗവേഷണ ഫലങ്ങളെ ശാസ്ത്ര ജേണലുകളിലൂടെ രാജ്യാന്തരതലത്തിൽ ലഭ്യമാക്കുക, രാജ്യങ്ങൾ തമ്മിൽ സഹകരിച്ച് ശാസ്ത്ര ഗവേഷണത്തിൽ ധാരണ വളർത്തുക, പുതുതലമുറയെ ശാസ്ത്ര ഗവേഷണത്തിലേക്ക് കൊണ്ടു വരിക തുടങ്ങിയ കാര്യങ്ങളെല്ലാം ക്രോഡീകരിക്കുന്നതിലും ആഗോളതലത്തിലുള്ള മാർഗനിർദ്ദേശങ്ങൾ നൽകുന്നതിലും യു. എൻ കാര്യക്ഷമമായി ഇടപെടാറുണ്ട്. ശാസ്ത്ര ഗവേഷണത്തിന് കൃത്യതയും ഏകോപനവും ഉണ്ടായിരുന്നാൽ മാത്രമേ അതിന്റെ ലക്ഷ്യപൂർത്തീകരണം സാധ്യമാകൂ. ശാസ്ത്രരംഗത്തെ നൂതനങ്ങളായ സാങ്കേതിക പഠന മേഖലകൾ, ഗവേഷണ മേഖലകൾ, നവീനങ്ങളായ സാധ്യതകൾ ഇവയെല്ലാം ഇനിയും കാര്യക്ഷമമായി ഉപയോഗപ്പെടുത്തേണ്ടതുണ്ട്. അതിനുള്ള ഏറ്റവും ഉദാത്തമായ പ്രോത്സാഹനങ്ങൾ കൂടിയാണ് ഇത്തരത്തിലുള്ള ശാസ്ത്ര ദിനാചരണം. ഇപ്രാവശ്യത്തെ ശാസ്ത്ര ദിനാചരണത്തോടനുബന്ധിച്ച് ഐക്യരാഷ്ട്രസഭ വിഭാവനം ചെയ്തിരിക്കുന്ന പദ്ധതികളിൽ അധികവും സമൂഹവും ശാസ്ത്രവും തമ്മിലുള്ള പാരസ്പര്യത്തെ മുൻനിർത്തിയാണ്.
ശാസ്ത്രരംഗത്തെ നൂതനങ്ങളായ സാങ്കേതിക പഠന മേഖലകൾ, ഗവേഷണ മേഖലകൾ, നവീനങ്ങളായ സാധ്യതകൾ ഇവയെല്ലാം ഇനിയും കാര്യക്ഷമമായി ഉപയോഗപ്പെടുത്തേണ്ടതുണ്ട്.
കേരളത്തിൽ 19 നൂറ്റാണ്ടിന്റെ പ്രാരംഭ കാലം മുതൽ തന്നെ ശാസ്ത്ര വൈജ്ഞാനിക ബോധം സമൂഹത്തിലുളവാക്കുക എന്ന ലക്ഷ്യത്തോടുകൂടിയുള്ള പ്രവർത്തനങ്ങൾ നടന്നിരുന്നു. പാശ്ചാത്യമായ ശാസ്ത്ര വിനിമയങ്ങളെ മലയാളത്തിൽ ആവിഷ്കരിച്ചുകൊണ്ട് അത്തരത്തിലുള്ള ജ്ഞാന മേഖലകളെ മലയാളസാഹിത്യത്തിന് പരിചയപ്പെടുത്തുകയായിരുന്നു കേരളത്തിലെ ശാസ്ത്ര വൈജ്ഞാനിക മുന്നേറ്റവുമായി ബന്ധപ്പെട്ട് നടന്നിട്ടുള്ള ആദ്യകാല പ്രവർത്തനങ്ങൾ. ശാസ്ത്ര വിഷയങ്ങൾ മാത്രം പ്രതിപാദിതമാകുന്ന പശ്ചിമോദയം പോലുള്ള പത്രമാസികകൾ ശാസ്ത്ര വൈജ്ഞാനിക വിജ്ഞാനത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പ്രസിദ്ധീകരിച്ചിരുന്നത്. ശാസ്ത്ര വിഷയങ്ങൾ പ്രതിപാദിതമാവുന്ന ധാരാളം ലേഖനങ്ങളും പഠനങ്ങളും ഇതിൽ വന്നിട്ടുണ്ട്. പിന്നീട് ശാസ്ത്ര സാഹിത്യ പരിഷത്ത് പോലുള്ള പ്രസ്ഥാനങ്ങൾ കടന്നു വരികയും ശാസ്ത്രം കൂടുതൽ ജനകീയ തലത്തിൽ ആവിഷ്കൃതമാക്കുകയും ചെയ്തു. പ്രത്യേകിച്ച് പരിഷത്തിന്റെ ശാസ്ത്ര പ്രസിദ്ധീകരണങ്ങൾ വ്യത്യസ്ത ഗണത്തിൽ പെടുന്ന വായനാ സമൂഹത്തെ പ്രതിനിധീകരിക്കുന്നുണ്ട്. ശാസ്ത്രത്തെയും ശാസ്ത്ര വിനിമയങ്ങളെയും എന്നും സാധാരണ ജനങ്ങളെയുമായി ചേർത്തു നിർത്താൻ ഈ പ്രസ്ഥാനത്തിന് കഴിഞ്ഞു. ശാസ്ത്രത്തിന്റെ ജനപ്രിയത വർദ്ധിക്കുകയും സാങ്കേതികവിദ്യകളുടെ നവീന ക്രമം ഉടലെടുക്കുകയും ചെയ്തതോടെ അവയുടെ സ്വഭാവത്തിലും വിനിമയങ്ങളിലും വ്യതിയാനം സംഭവിച്ചിരിക്കുന്നു. കൃത്യമായ ലക്ഷ്യബോധത്തിലുള്ള ശാസ്ത്രവിനിമയങ്ങൾ രൂപവൽക്കരിക്കപ്പെടുകയും അതിനനുസരിച്ച് സാമൂഹികതലം വാർത്തെടുക്കേണ്ടതും ഇന്നിപ്പോൾ അനിവാര്യമായിരിക്കുന്നു.