“നാളിതുവരെ നിലനിന്നിട്ടുള്ള എല്ലാ സമുദായങ്ങളുടേയും ചരിത്രം വർഗ്ഗസമരത്തിന്റെ ചരിത്രമാണ്.” ആ വർഗ്ഗസമരങ്ങളെല്ലാം അധികാരത്തിന് വേണ്ടിയുള്ളതായിരുന്നുവെന്ന് കാണാം. ഇവിടെ ഒരു വ്യക്തിയോ സമൂഹമോ മറ്റേതെങ്കിലും സംവിധാനമോ മറ്റൊരു വ്യക്തിയുടെയോ സമൂഹത്തിന്റെയോ മേൽ പ്രത്യക്ഷമോ പരോക്ഷമോ ആയി നടപ്പാക്കുന്ന നിയന്ത്രണമാണ് അധികാരം. മനുഷ്യർക്കിടയിലെ പരസ്പരാശ്രയത്തിൽ നിന്നാണ് ഇത് ഉടലെടുക്കുന്നത്.. മറ്റൊരു തരത്തിൽ ജീവിവർഗ്ഗത്തിന്റെ മുഴുവൻ പൊതുസ്വഭാവങ്ങളിൽ ഒന്നാണ് ഇത്. ഡാർവിൻ ഇതിനെ നിലനിൽപ്പിനു വേണ്ടിയുള്ള സമരമെന്ന് വിശേഷിപ്പിക്കുന്നു. ജീവന്റെ ചരിത്രം അഥവാ പരിണാമം എന്നത് പോലും ജീവിവർഗങ്ങളുടെ അധികാരശ്രമങ്ങളായിരുന്നു എന്നു കാണാം. ആ നിലയിൽ നാളിന്നോളം ഉണ്ടായിട്ടുള്ള ലിഖിതമോ അലിഖിതമോ ആയ ലോകചരിത്രം മുഴുവൻ അധികാരശ്രമങ്ങളായിരുന്നു. അത്തരത്തിൽ ഇതരജീവികൾക്ക് മേൽ മേൽക്കോയ്മ നേടിക്കൊണ്ടുള്ള മനുഷ്യന്റെ കടന്നുവരവാണ് മനുഷ്യനാണ് പ്രപഞ്ചത്തിന്റെ കേന്ദ്രം എന്ന (anthropocentrism) എന്ന ചിന്തയ്ക്ക് അടിസ്ഥാനമായത്. എന്നാൽ ഇതര ജീവിവർഗ്ഗങ്ങൾക്ക് മേൽ ആധിപത്യം നേടാൻ മനുഷ്യനെ സഹായിച്ചത് രണ്ടു കാര്യങ്ങളാണ്. അതിലൊന്ന് അവന്റെ അനിതരസാധരണമായ ഭാഷശേഷിയും രണ്ടാമത്തെത് അവൻ ആർജിച്ചെടുത്ത ശാസ്ത്രബോധവുമായിരുന്നു.

ഇതര ജീവികൾക്ക് മേൽ മാത്രമല്ല, മനുഷ്യന് മനുഷ്യർക്കിടയിലും അധികാരത്തെ സ്ഥാപിക്കാൻ കഴിഞ്ഞു. എന്നാൽ ആ അധികാരവും ശാസ്ത്രത്തിനൊപ്പമാണ് നിലകൊണ്ടിട്ടുള്ളത്. അതിനാൽ അധികാരവും ശാസ്ത്രവും വേർതിരിക്കാനാവാത്തവിധം ബന്ധപ്പെട്ടിരിക്കുന്നു. അവിടെ ശാസ്ത്രം അധികാരത്തെ നയിക്കുകയും അധികാരം ശാസ്ത്രത്തെ വളർത്തുകയും ചെയ്യുന്നു. “രാഷ്ട്രീയം അധികാരത്തിന്റെ ശാസ്ത്രമാകുന്നു.” ഇവിടെ അധികാരം എന്നത് പ്രധാനമായും ഭരണകൂടവ്യവസ്ഥയുമായി ബന്ധപ്പെട്ടാണ് നിലകൊള്ളുന്നത്.
അധികാരത്തെ ഭാഷയുമായി ബന്ധപ്പെടുത്തി പറയുമ്പോൾ ബിംബവൽകൃതമായ അധികാരമെന്നും സ്വാതന്ത്രമായ അധികാരം എന്നിങ്ങനെ രണ്ടായി നമുക്ക് അതിനെ വർഗീകരിക്കാം. ഭരണകൂടവും ഭരണാധികാരികളും അധികാരത്തിന്റെ ബിംബമായി മാറുകയും അധികാരത്തിന്റെ ( അധികാരിയുടെ ) താല്പര്യങ്ങൾ പാലിക്കുന്ന സ്വേച്ഛാധിപത്യ രീതിയ്ക്ക് വഴി മാറുകയും ചെയ്യുന്ന രീതിയാണ് ബിംബവൽകൃത അധികാരം. ഓരോ വ്യക്തിയുടെയും അവകാശങ്ങളെ സംരക്ഷിക്കുകയും വ്യക്തി താല്പര്യങ്ങൾക്കപ്പുറത്ത് സമൂഹത്തിന്റെ പൊതു താല്പര്യത്തെ പരിഗണിക്കുകയും ചെയ്യുന്നതാണ് സ്വാതന്ത്രമായ അധികാരം.
ആ നിലയിൽ സ്വതന്ത്രനായ മനുഷ്യനെ രൂപപ്പെടുത്തുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. വിദ്യാഭ്യാസം അവിടെ അനുഭൂതിയെ സ്പർശിക്കുന്നതല്ലെങ്കിൽ സ്വാതന്ത്ര്യത്തിന് പകരം വിധേയത്തമായിരിക്കും സംഭവിക്കുക. അനുഭൂതിയെ സ്പർശിക്കുന്നത് മാതൃഭാഷയിലുള്ള വിദ്യാഭ്യാസമാണ്. ഇവിടെ 1835 ലെ മെക്കാളെ മിനുട്സ് പ്രസക്തമാകുന്നുണ്ട്. രക്തത്തിലും വർണത്തിലും ഇന്ത്യക്കാരെങ്കിലും അഭിരുചിയിലും വീക്ഷണത്തിലും സദാചാരബോധത്തിലും ഇംഗ്ലീഷുകാരായ ഒരു വർഗത്തെ സൃഷ്ടിച്ചെടുക്കാനാണ് മെക്കാളെ മിനുട്സ് ശ്രമിച്ചത്.
ആ നിലയിൽ കോളനീകരിക്കപ്പെട്ട ഇടങ്ങളിലെല്ലാം പ്രാദേശികഭാഷകൾക്ക് മേൽ ഇംഗ്ലീഷ് വളരുകയും വിജ്ഞാനഭാഷയും ഭരണഭാഷയുമായി അത് രൂപപ്പെടുകയും ചെയ്തു. ഇത് യൂറോ കേന്ദ്രീകൃതമായ ഒരു അധികാരവ്യവസ്ഥതിയിലേക്കാണ് കാര്യങ്ങളെ നയിച്ചത്. എന്നാൽ അതിൽ നിന്ന് പുറത്തുകടക്കണമെങ്കിൽ അധികാരത്തിന്റെ വിതരണം സംഭവിക്കണം.

ഇവിടെ അധികാരമെന്നും ശാസ്ത്രത്തോടൊപ്പമായിരുന്നു എന്ന വാദത്തെ പരിഗണിക്കുമ്പോൾ അത് ചരിത്രപരമായ വിശകലനത്തിലൂടെയാണ് വ്യക്തമാകുന്നത്. അതായത് ശാസ്ത്രസാങ്കേതികവിദ്യയുടെ വളർച്ചയിൽ ഭാരതം, ചൈന, ഈജിപ്ത് മുതലായ രാഷ്ട്രങ്ങൾ നിരവധി സംഭാവനകൾ നടത്തിയിട്ടുണ്ട്. കാലക്രമേണ ശാസ്ത്രത്തെ മതത്തിന്റെ ഭാഗമാക്കിയും ദിവ്യവൽക്കരിച്ചും അറിവിനെ ചുരുക്കം ചിലരുടെ അധികാരത്തിനു വിധേയപ്പെടുത്തി. അതോടെ ശാസ്ത്രം ശാസിക്കപ്പെടുന്നതും സാധാരണക്കാർക്ക് ചോദ്യം ചെയ്യാൻ അവകാശമില്ലാത്തതും ആയി മാറി. ഭാരതത്തിൽ ഇത് സംസ്‌കൃതത്തിലൂടെയാണ് നടപ്പിലായത്. അതോടെ അറിവുകൾ മതപരമായി മാറി. ഇവിടെയും ശാസ്ത്രവും അധികാരവും തമ്മിലുള്ള ബന്ധത്തെ നമുക്ക് കണ്ടെത്താനാവും. അറിവ് കയ്യാളിയിരുന്ന ബ്രാഹ്മണർക്ക് അവർ ചെറിയൊരു ന്യൂനപക്ഷം ആയിരുന്നിട്ട് പോലും കൂടുതൽ വരുന്ന ബഹുജനങ്ങൾക്ക് മേൽ അധികാരം പ്രയോഗിക്കാൻ കഴിഞ്ഞു. അതിന് കാരണം അന്ന് ശാസ്ത്രം എന്ന് വിചാരിച്ചിരുന്ന വിഷയങ്ങൾ പഠിക്കാൻ കഴിഞ്ഞത് ബ്രാഹ്മണർക്ക് മാത്രമായിരുന്നു.
പശ്ചാത്യലോകത്തും മറിച്ചല്ല കാര്യങ്ങൾ ബി. സി. നാലാം നൂറ്റാണ്ടിനു ശേഷം യൂറോപ്പിനെ കേന്ദ്രീകരിച്ചുകൊണ്ട് വിജ്ഞാനത്തിന്റെ പുത്തൻ ഉണർവുകൾ ഉണ്ടായി. സോക്രട്ടീസും പ്ലേറ്റോയും തുടങ്ങിയ വിജ്ഞാനവിപ്ലവത്തിന്റെ തുടർച്ചയായി അരിസ്റ്റോട്ടിൽ യുക്തിയെ കേന്ദ്രീകരിച്ചുകൊണ്ടുള്ള ശാസ്ത്ര ചിന്തകൾ ഉന്നയിച്ചു. അതനുസരിച്ച് എല്ലാ ശാസ്ത്രവും പ്രായോഗികമോ കാവ്യത്മകമോ സൈദ്ധാന്തികമോ ആണ്. അവയെല്ലാം കാര്യകാരണങ്ങൾ ആണ്. അവിടെ എല്ലാ കാരണവും കാരണമില്ലാത്ത ഒരു കാരണത്തിൽ കേന്ദ്രീകൃതമായി. അന്നോളം നിലനിന്നിരുന്ന അനിശ്ചിതത്വങ്ങളിൽ നിന്ന് അതിഭൗതികവാദത്തിലേക്കുള്ള (metaphysics) മനുഷ്യന്റെ പ്രയാണത്തിലേക്കുള്ള തുടക്കാമെന്ന നിലയിലാണ് ഈ കാലഘട്ടം പ്രസക്തമാവുന്നത്. അതോടെ ഗ്രീസ് ലോകത്തിലെ അറിവിന്റെ കേന്ദ്രമായി. ഒപ്പം അധികാരത്തിന്റെയും.
ബി. സി 323ൽ അരിസ്റ്റോട്ടിലിന്റെ ശിഷ്യനായ അലക്സാണ്ടർ ദി ഗ്രേറ്റിന്റെ മരണശേഷം റോം കേന്ദ്രീകരിച്ച് ഹെലനിക് യുഗത്തിന് തുടക്കമായി. ഇതോടെ അറിവുകളും ഒപ്പം അധികാരവും റോമിലേക്ക് കേന്ദ്രീകരിക്കപ്പെട്ടു. ടോളമിയുടെ സിദ്ധാന്തങ്ങളെ മുൻനിർത്തിയാണ് റോമാസാമ്രാജ്യം മുന്നോട്ട് വന്നത്. ഇതിനിടയിൽ ഹെലനിക് യുഗത്തിന്റെ അന്ത്യം സംഭവിച്ചുവെങ്കിലും ക്രിസ്തുമത കേന്ദ്രീകൃതമായ റോം അറിവിന്റെയും അധികാരത്തിന്റെയും കേന്ദ്രമായി നിലകൊണ്ടു.
ആറാം നൂറ്റാണ്ടിന് ശേഷം ലോകത്തിലെ പല ഭാഗങ്ങളിലും ശാസ്ത്രസാങ്കേതികരംഗങ്ങളിൽ റോമൻ ആധിപത്യം ഉണ്ടായിരുന്നു. ഇക്കാലത്തു തന്നെ അറബ് രാജ്യങ്ങൾ ശാസ്ത്രരംഗത്ത് ഉയർന്നു വരികയും പൗരസ്ത്യ – പാശ്ചാത്യ അറിവുകളെ അറബിയിലേക്ക് മൊഴി മാറ്റുകയും ഉണ്ടായി. അതോടെ അറബി ശാസ്ത്രവിഷയങ്ങൾ കൈകാര്യം ചെയ്യുകയും ലോകത്തിന്റെ അധികാരകേന്ദ്രമായി മാറുകയും ചെയ്തു. ഇസ്ലാമിന്റെ സുവർണകാലഘട്ടം എന്നാണ് ഇത് അറിയപ്പെടുന്നത്.
പിന്നീട് കുരിശുയുദ്ധത്തിനു ശേഷം വീണ്ടും റോം കേന്ദ്രീകരിച്ചു കൊണ്ടുള്ള പേപ്പൽ ഭരണകൂടം ലോകത്തിന്റെ അധികാരത്തെ തിരികെ പിടിച്ചു. ഇതേ കാലത്ത് തോമസ് അക്വിനാസ് എന്ന പുരോഹിതൻ അന്നോളം ഉള്ള വിവിധ ചിന്തകളെ ഏകീകരിക്കുകയും അരിസ്റ്റോട്ടിലിന്റെ പാതയിൽ ചുവടുറപ്പിച്ചുകൊണ്ട് ഈ സിദ്ധാന്തങ്ങളെ ക്രിസ്തുമതത്തിന്റെ പരിധിയിൽ കൊണ്ടുവരികയും ചെയ്തു. അദ്ദേഹത്തിന്റെ യുക്തിയുടെ അഞ്ച് വാദങ്ങൾ (five logical arguments) പ്രപഞ്ചം നിലനിൽക്കുന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാൻ എന്തെങ്കിലും ഉണ്ടായിരിക്കണമെന്ന അരിസ്റ്റോട്ടിലിന്റെ വാദത്തെ പിന്തുടർന്ന് വന്നിട്ടുള്ളതാണ്.
പിൽകാലത്ത് യൂറോപ്പിലുണ്ടായ നവോത്ഥാനത്തിന്റെ വിത്ത് പാകിയത് തോമസ് അക്വിനാസിന്റെ കാലത്ത് യൂറോപ്പിലാകമാനം വ്യാപകമായ ‘സ്കോളസ്റ്റിക് തത്വചിന്ത കളായിരുന്നു എന്നു കാണാം. അതോടൊപ്പം അവിടുത്തെ സാഹിത്യത്തിന്റെ ഭാഷ ലത്തീനിൽ നിന്ന് മാതൃഭാഷയായി മാറിയതോടു കൂടിയാണ് യൂറോപ്യൻ നവോത്ഥാനത്തിനു തുടക്കമാകുന്നത്. അക്കാലത്തെ പ്രശസ്ത മാനവികവാദിയും കവിയുമായ പെട്രാർക് (Francesco Petrarca) തന്റെ കവിതകൾ ലത്തീനിൽ പ്രസിദ്ധീകരിച്ചപ്പോൾ ലത്തീനിൽ നിന്ന് വ്യത്യസ്തമായി മാതൃഭാഷയായ ഇറ്റാലിയനിൽ ആണ് ദാന്തേ (Dante Allghieri) ഡിവൈൻ കോമഡി (Divine Comedy) പ്രസിദ്ധീകരിച്ചത്. ഇത് ലോകനവോത്ഥാനത്തിൽ ഭാഷയ്ക്കുള്ള പങ്ക് വ്യക്തമാക്കുന്നു. അതിന് ശേഷം യൂറോപ്പിൽ ഉണ്ടായ സാഹിത്യകൃതികൾ ഒട്ടുമിക്കതും മാതൃഭാഷയിൽ ആയിരുന്നു. പക്ഷെ അപ്പോഴും യൂറോപ്പിലെ ശാസ്ത്രഭാഷ ലത്തീൻ ആയി തന്നെ നിലകൊണ്ടു. മധ്യകാല യൂറോപ്പിലെ അധികാരവും അറിവും പൗരോഹിത്യത്തിന്റെ അഥവാ പേപ്പൽ ഭരണകൂടങ്ങൾക്ക് കീഴിൽ വന്നതിന് പിന്നിലുള്ള കാരണവും ഇതായിരുന്നു.
എന്നാൽ പതിനഞ്ചാം നൂറ്റാണ്ടിൽ ടോളമിയുടെ ഭൗമകേന്ദ്ര സിദ്ധാന്തം (ഭൂമിയാണ് പ്രപഞ്ചത്തിന്റെ കേന്ദ്രം) തെറ്റാണെന്ന് തെളിയിക്കപ്പെടുകയും കോപ്പർ നിക്കസിന്റെ (1473 1543) സൗരകേന്ദ്രസിദ്ധാന്തം ശരിയാണെന്ന് വരികയും ചെയ്തു. അദ്ദേഹത്തിന്റെ ഡി റെവലുഷ്യനിബസ് ഓർബിയം കോളെസ്റ്റിയം (De revolutionibus orbium coelestium) എന്ന പുസ്തകവും ലത്തീനിൽ ആണ് എഴുതപ്പെട്ടത്. തുടർന്ന് ജൊഹനാസ് ക്ലെപ്പർ തന്റെ ശാസ്ത്രരചനകളായ ആസ്ട്രോണമിയ നോവ (Astronomia nova) എപ്പിറ്റോം അസ്ട്രോണമിയ കോപ്പർനിക്കന (Epitome Astronomiae Copernicanae ) തുടങ്ങിയ പുസ്തകങ്ങളും ലത്തീനിൽ തന്നെ എഴുതി. അപ്പോഴും സ്കോളസ്റ്റിക്ക് തത്വചിന്ത തന്നെ യൂറോപ്പിൽ പ്രബലമായി നിലനിന്നു.
ഇവിടെയെല്ലാം രാജ്യങ്ങൾക്കും സാമ്രാജ്യങ്ങൾക്കും മേൽ തന്റെ അധികാരത്തെ നിലനിർത്തിയത് സഭയുടെ ഔദ്യോഗിക ഭാഷയായ ലത്തീനെ ശാസ്ത്രഭാഷയാക്കി നിലനിർത്തി കൊണ്ടായിരുന്നു എന്ന് കാണാം. എന്നാൽ ജൊഹനാസ് ക്ലെപ്പറിന്റെ സമകാലികനായ ഗലീലിയോ ഗലീലി തന്റെ ശാസ്ത്രരചനകൾ പലതും അദ്ദേഹത്തിന്റെ മാതൃഭാഷയായ ഇറ്റാലിയനിൽ ആയിരുന്നു നടത്തിയത്. ആധുനിക ശാസ്ത്രചിന്തകളുടെ തുടക്കമായി നമുക്കിതിനെ വിലയിരുത്താം.

പിന്നീട് ദെക്കാർത്തിന്റെ കാലത്തോടെ യുക്തിയുടെ അടിസ്ഥാനം ഗണിതമായി മാറി. ആധുനികതയുടെ തുടക്കമായിരുന്നു ഇത്. ഇമ്മാനുവൽ കാന്റ് അതിന്റെ പ്രായോജകനായി. ആധുനികതയുടെ ഒന്നാമത്തെ ഘട്ടം പൂർത്തിയായി. എന്നാൽ മറ്റൊരു തരത്തിലും നമുക്ക് ആധുനികതയുടെ ഈ ഒന്നാം ഘട്ടത്തെ മനസിലാക്കാൻ കഴിയും. അത് ശാസ്ത്രത്തിന്റെ മാതൃഭാഷാവൽക്കരണമാണ്. അന്നോളം ലത്തീൻ ഭാഷയിൽ എഴുതപ്പെട്ട ശാസ്ത്രഗ്രന്ഥങ്ങൾ ഗലീലിയോയെ പിൻപറ്റി ദെക്കാർത്തിന്റെ കാലത്തോടെ മാതൃഭാഷയിൽ എഴുതപ്പെട്ടുതുടങ്ങി. അദ്ദേഹത്തിന്റെ പുസ്തകമായ ഡിസ്കോഴ്സ് ഡി ലാ മെത്തോഡ് (Discours de la Mithode) എഴുതപ്പെട്ടത് ഫ്രഞ്ചിൽ ആയിരുന്നു. അതിന് ശേഷം സർ ഐസക് ന്യൂട്ടൻ ഗണിതശാസ്ത്രത്തിലൂടെയാണ് പ്രതിഭാസങ്ങളെ അപഗ്രഥിച്ചതെങ്കിലും അദ്ദേഹത്തിന്റെ ആദ്യകാല രചനകൾ പലതും (പ്രിൻസിപിയ മാത്തമാറ്റിക്ക – 1657 (Principia Mathematica), അടക്കം) ലത്തീനിൽ ആയിരുന്നു. എന്നാൽ ഒപ്റ്റിക്സ് – 1704 (optics) എന്ന ഗ്രന്ഥം ഇംഗ്ലീഷിലാണ് അദ്ദേഹം എഴുതിയത്. ഇത് ഇംഗ്ലണ്ടിന്റെ ആധുനികയിലേക്കുള്ള കടന്നു വരവായി കണക്കാക്കാം.
സർ ഐസക് ന്യൂട്ടന് ശേഷം ഫ്രാൻസ്, ജർമനി, ഇംഗ്ലണ്ട്, സ്പെയിൻ, എന്നീ രാജ്യങ്ങളിൽ ശാസ്ത്രഭാഷയെന്ന നിലയിൽ മാതൃഭാഷകൾ ഉപയോഗിച്ച് തുടങ്ങി. ഇത് യൂറോപ്പ് കേന്ദ്രീകരിച്ച് ശാസ്ത്രമുന്നേറ്റത്തിനും അത് വഴി വ്യവസായ വിപ്ലവത്തിനും കാരണമായി അതോടൊപ്പം കോളനിവൽക്കരണത്തിലൂടെ ലോകത്തിലെ പല ഭാഗങ്ങളുടെയും അധികാരം ചെറിയ യൂറോപ്യൻ രാജ്യങ്ങളുടെ കയ്യിലായി. ലോകത്തിന്റെ അധികാരകേന്ദ്രം യൂറോപ്പായി മാറി. എന്നാൽ ആ അധികാരത്തെ കാലാകാലത്തോളം നിലനിർത്തുവാൻ ആണ് അവർ ആഗ്രഹിച്ചത്. അതിനായി അവർ തങ്ങളുടെ കോളനികളിൽ അവരുടെ മാതൃഭാഷയിൽ ഊന്നിയുള്ള വിദ്യാഭ്യാസത്തിനു തുടക്കം കുറിച്ചു. ഇതിൽ ഏറ്റവും കൂടുതൽ കോളനികൾ സ്ഥാപിച്ച ഇംഗ്ലീഷ്കാരുടെ മാതൃഭാഷയായ ഇംഗ്ലീഷ് ശാസ്ത്രഭാഷയായി മാറി.
വസ്തുതയിൽ നിന്ന് അനിശ്ചിതത്വങ്ങളെ തുടച്ചുനീക്കിയാൽ കിട്ടുന്ന ബൗദ്ധികനിശ്ചയം മാത്രമാണ് കേവലനിശ്ചയമുള്ള സത്യം എന്ന് ദെക്കാർത്ത് അഭിപ്രായപെട്ടപ്പോൾ ഹെഗലും കോംത്തെയും സത്യത്തെ ഒരു ചരിത്രപ്രക്രിയയായി കണ്ടു. ഇതിന്റെ പിന്തുടർച്ചയായിട്ടാണ് കാറൽ മാർക്സ് സാമ്പത്തികശാസ്ത്രത്തിന്റെ ചരിത്രമെഴുതിയതും (മൂലധനം) ചാൾസ് ഡാർവിൻ പരിണാമസിദ്ധാന്തം അവതരിപ്പിച്ചതും. എന്നാൽ ഏതാണ്ട് ഇതേ കാലത്ത് തന്നെ വീച്ചോ എന്ന ചിന്തകൻ മനുഷ്യൻ ഉണ്ടാക്കിയതിനെ മാത്രമേ അവന് മനസിലാക്കാൻ കഴിയുകയുള്ളൂ എന്ന ചിന്ത അവതരിപ്പിച്ചു. വസ്തുസ്ഥിതിയുടെ ഈ ഘട്ടമാണ് ആധുനികതയുടെ രണ്ടാംഘട്ടമായി പൊതുവെ കണക്കാക്കുന്നത്. ഇത് പിന്നീട് പ്രായോഗികത അഥവാ അടവ് നയത്തിനു വഴിമാറി. അന്നോളം ചരിത്രത്തിനുണ്ടായിരുന്ന മേൽക്കോയ്മ സാങ്കേതികവിദ്യയ്ക്ക് ഉണ്ടായി. നിർമ്മിക്കപ്പെട്ടതിനേക്കാൾ നിർമാണസാധ്യതയ്ക്ക് പ്രാധാന്യം കൈവന്നു. അധികാരം സാങ്കേതികവിദ്യയെ കേന്ദ്രീകരിച്ച് നിലകൊണ്ടു. സാങ്കേതികമായി ഉയർന്നു നിൽക്കുന്ന രാഷ്ട്രങ്ങൾക്ക് മറ്റിതര രാഷ്ട്രങ്ങളുടെ മേൽ മേൽക്കോയ്‌മ ലഭിച്ചു.
ഇതിൽ നിന്നെല്ലാം അധികാരം എപ്പോഴും ശാസ്ത്രത്തിനൊപ്പമായിരുന്നു എന്ന് കാണാം. എന്നാൽ ആ അധികാരത്തെ സാധാരണജനങ്ങളിലേക്ക് കൂടി വിതരണം ചെയ്യണം എന്ന ആധുനിക ജനാധിപത്യചിന്തയിൽ നിന്ന് നോക്കുമ്പോൾ ശാസ്ത്രപഠനം തീർച്ചയായും മാതൃഭാഷയിലൂടെ ആവേണ്ടതുണ്ട്. അതായത് ഉണ്മയെക്കുറിച്ചുള്ള പഠനമാണ് ശാസ്ത്രമെങ്കിൽ ഒരാൾ ഉണ്മയെ അറിയുന്നത് യുക്തിയിലൂടെയാണ്. അവിടെ സ്ഥിതി ചെയ്യുന്ന വസ്തുതയോ, വസ്തുക്കളോ, പ്രതിഭാസങ്ങളോ, കണ്ടെത്തിയതോ കണ്ടെത്താനുള്ളതോ ആയ കാര്യങ്ങളുടെ അടിസ്ഥാന യാഥാർത്ഥ്യത്തെ മനസിലാക്കുന്ന രീതിയാണ് യുക്തി. എന്നാൽ യാഥാർത്ഥ്യങ്ങൾ സ്ഥലകാലമാനങ്ങളിൽ ബന്ധിതമാണ്. അതിനാൽ എല്ലാ യാഥാർത്ഥ്യങ്ങളും നിരീക്ഷിക്കപ്പെടുന്ന വസ്തുതകളോടൊപ്പം നിരീക്ഷകനും പ്രാധാന്യം നൽകുന്നു. അതുകൊണ്ട് ഒരു നിരീക്ഷകനെ സംബന്ധിച്ചിടത്തോളം ഉണ്മ അനുഭൂതി തലത്തിലാണ്. ആ നിലയിൽ യുക്തിയുടെ അടിസ്ഥാനം ഭാഷയാണ്. ആ ഭാഷ മാതൃഭാഷയാണ്. അതുകൊണ്ട് തന്നെ ശാസ്ത്രപഠനം തീർച്ചയായും മാതൃഭാഷയിലൂടെ ആവേണ്ടതുണ്ട്. അതുവഴി മനുഷ്യരെ സ്വതന്ത്ര്യരാക്കാനും അധികാരത്തെ വിതരണം ചെയ്യാനും കഴിയും.
ഗ്രന്ഥസൂചി
- കാറൽ മാർക്സ്, ഫ്രെഡറിക് ഏംഗൽസ് 1972 കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ , പ്രോഗ്രെസ്സ് പബ്ലിഷേഴ്സ്, മോസ്കോ
- ജോസഫ് കർദ്ദിനാൾ റാറ്റ്സിംഗർ ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പ 2012 ക്രിസ്തുധർമ്മ പ്രവേശിക, വിവ: ജോസ് മാണിപ്പറമ്പിൽ, ബിബ്ലിയാ പബ്ലിക്കേഷൻസ്
- പവിത്രൻ. പി, 2014, മാതൃഭാഷയ്ക്ക് വേണ്ടിയുള്ള സമരം, മലയാള ഐക്യവേദി, കലാതരംഗിണി, ചെറുതിരുത്തി
അഞ്ജുഷ. എൻ, ഗവേഷക, എം. ഫിൽ സാഹിത്യപഠനം
മലയാളസർവ്വകലാശാല, തിരൂർ, മലപ്പുറം