ശാസ്ത്രയുക്തി: വീണ്ടെടുപ്പുകൾ, നിലപാടുകൾ

ശാസ്ത്രസാങ്കേതികവിദ്യകളുടെ അഭൂതപൂർവമായ വളർച്ചയുടെ കാലഘട്ടമാണിത്.വിവിധ വിഷയങ്ങൾ സമന്വയിച്ചുള്ള പഠനമേഖല ശാസ്ത്രസാഹിത്യത്തിലും വിചാരങ്ങളിലും ഉണ്ട്.പ്രകൃതിശാസ്ത്രം, സാങ്കേതികവിദ്യ, മാനവികവിജ്ഞാനം തുടങ്ങിയ ഇടങ്ങളിലായിത് വ്യാപിച്ചുകിടക്കുന്നു. ഊർജതന്ത്രം, രസതന്ത്രം, ജനിതകം,ഗോളവിദ്യ, ജീവശാസ്ത്ര ഗണിതകം  ഇവയെല്ലാം പ്രകൃതിശാസ്ത്രത്തിൽ ഉൾപ്പെടും. യന്ത്ര പ്രയോഗങ്ങളും വ്യവസായികരസതന്ത്രം തുടങ്ങിയവ സാങ്കേതികവിദ്യയുടെ ഭാഗമാണ്. ചരിത്രം,നരവംശശാസ്ത്രം, രാഷ്ട്രമീമാംസ എന്നിവ മാനവിക വിജ്ഞാനത്തിന്റെ ഭാഗമാണ്. നിരവധി മേഖലകളിൽ സവിശേഷ പ്രാധാന്യത്തോടെ നിലനിൽക്കുന്ന ശാസ്ത്രപര്യടനത്തിൻ്റെ കേരളീയ പശ്ചാത്തലത്തെ വിശകലനം ചെയ്യുന്നതിന് സാംഗത്യം ഏറെയുണ്ട്.

      ശാസ്ത്രബോധവും ശാസ്ത്രീയ കാഴ്ചപ്പാടുകളും നൂറ്റാണ്ടുകൾക്ക് മുമ്പ്  കേരളീയ സംസ്കാരത്തിൻറെ ഭാഗമായി നിലനിന്നിരുന്നു. ഗണിതശാസ്ത്രം, ജ്യോതിശാസ്ത്രം, വൈദ്യശാസ്ത്രം, വാസ്തുശാസ്ത്രം ഇവയിലെല്ലാം തനതു പാരമ്പര്യം പിന്തുടർന്ന കേരളം ഇന്ന് അവയ്ക്ക് നൂതന ഭാവതലങ്ങളിലൂടെ പ്രചാരം നൽകുവാൻ ശ്രമിക്കുകയാണ്. ബുദ്ധിയെയും അന്വേഷണത്തെയും ശാസ്ത്രീയ വിചിന്തനങ്ങൾ മൗലികാർത്ഥത്തിൽ പലപ്പോഴും ചോദ്യം ചെയ്യാറുണ്ട്. യുക്തിചിന്തയ്ക്കൊപ്പം ചേർത്ത് വായിക്കപ്പെടുന്ന ഇത്തരം നിഗമനങ്ങൾ സമൂഹത്തിൽ സംശയമായി തീരുന്നു. സമൂഹത്തിന്റെ പൊതുശാസ്ത്ര ബോധത്തെ ഉയർത്താനും സമസ്ത മേഖലകളിലും നിർണായക സ്വാധീനം ചെലുത്താനും ശാസ്ത്രവിജ്ഞാനത്തിന് കഴിയണം.ശാസ്ത്രവും സാങ്കേതികവിദ്യയും പുരോഗമനത്തിലേക്ക് നയിക്കുന്ന ശക്തിയായി മാറുമ്പോഴും അവ മുന്നോട്ട് വെക്കേണ്ട മാനവിക ദർശനങ്ങളും വിലയിരുത്തപ്പെടണം. പലപ്പോഴും ശാസ്ത്രത്തിന് സമൂഹത്തിന്റെ അടിത്തറയായി വർത്തിക്കാൻ കഴിയാതെ പോകുന്നു. വേരുറച്ചു പോയ അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും അടിയൊഴുക്ക് പ്രബുദ്ധ കേരളത്തിൽ ഇന്നും നിലനിൽക്കുന്നത് ശാസ്ത്രീയമായ നിലപാടുകളിലേക്ക് ജനങ്ങൾ ഇന്നും എത്തപ്പെട്ടിട്ടില്ല എന്നതിന് തെളിവാണ്.

വേരുറച്ചു പോയ അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും അടിയൊഴുക്ക് പ്രബുദ്ധ കേരളത്തിൽ ഇന്നും നിലനിൽക്കുന്നത് ശാസ്ത്രീയമായ നിലപാടുകളിലേക്ക് ജനങ്ങൾ ഇന്നും എത്തപ്പെട്ടിട്ടില്ല എന്നതിന് തെളിവാണ്.

          ശാസ്ത്രബോധം കാലാനുസൃതമായി വികാസം പ്രാപിച്ചിട്ടില്ല എന്ന യാഥാർത്ഥ്യം ആധുനിക കേരളീയ സമൂഹം തിരിച്ചറിയണം. ശാസ്ത്രത്തിൻറെ സാമൂഹിക ധർമ്മത്തോടുള്ള വിമുഖത പ്രബലമാകുന്നതും ഭീഷണി ഉയർത്തുന്നു. രാഷ്ട്രീയ നിലപാടുകളിലും ശാസ്ത്രത്തിന് പ്രാധാന്യം ഉണ്ടാകണം. കേരളീയരിൽ നിലനിൽക്കുന്ന നിഷേധാത്മക സമീപനത്തിൽ അയവ് വന്നാലേ പല വിഷയങ്ങളിലും ഗുണാത്മകഫലം പ്രകടമാകൂ. ശാസ്ത്രവിജ്ഞാനവും ശാസ്ത്രീയ വീക്ഷണവും സാർവത്രികമാകുന്നതിലൂടെ ആരോഗ്യകരമായ ശാസ്ത്ര സമൂഹത്തെ വളർത്തിയെടുക്കാൻ ആകും. ജീവിതത്തിനുവേണ്ടി മാനവികതയെ ഉയർത്തിപ്പിടിക്കുകയും ശാസ്ത്രത്തിനു വേണ്ടി ഉറച്ച നിലപാട് സ്വീകരിക്കുകയും ചെയ്യുന്നതിലൂടെ ഗൗരവമുള്ള ശാസ്ത്രീയ വീക്ഷണങ്ങൾ ഉയർന്നുവരുന്ന നവലോകം നിർമിതി സാധ്യമാകുമെന്ന് പ്രതീക്ഷിക്കാം

Sorry! The Author has not filled his profile.
Share

Leave a Reply

Your email address will not be published. Required fields are marked *