“Be scientific … Be human… “

ശാസ്ത്രീയമാവേണ്ടതിന്റെ , മനുഷ്യരാവേണ്ടതിന്റെ പ്രാധാന്യത്തെ പറ്റി

” Be Scientific… Be Human.… “

രാവിലത്തെ ബസ് പിടിക്കാൻ തിരക്കിട്ടോടുന്നതിനിടയിലാണ് വഴിയരികിലെ വീട്ടിൽ നിന്നും ഒരു സ്നേഹ ശകാരം കാതിൽ വീണത്.

 “നീ എന്തെടുക്കുവാ കുഞ്ഞേ…ഇന്നലെ ടീച്ചർ പഠിപ്പിച്ചതൊക്കെ പഠിച്ചോ? എഴുതാനുള്ളതൊക്കെ എഴുതിയോ ?”

 മറുപടി ഒന്നും കിട്ടാഞ്ഞിട്ടാവണം ‘സ്നേഹശകാരം’ പതിയെ ശകാരമായി പരിണമിക്കാൻ തുടങ്ങിയത്.

 ” ഒരു വകയും പഠിക്കില്ല. രാവിലെ മുറ്റത്തൂടെ തെണ്ടി നടക്കും. എവിടാടി നീയ്?”

സംഗതി വഷളാവാൻ തുടങ്ങുകയാണെന്ന തിരിച്ചറിവിലും തന്റെ പ്രകൃതി നടത്തത്തിന് ഭംഗം വരാതിരിക്കാനുള്ള അതിയായ ആഗ്രഹത്തിലും പെട്ടന്നുതന്നെ ഒരു ചെറുത്തുനിൽപ്പിന്റെ ഭാവത്തിൽ കുഞ്ഞുമറുപടി വന്നു.

” ഞാൻ പല്ലു തേക്കുന്നത് അമ്മൂമ്മ കാണുന്നില്ലേ .”

 ഈ പ്രകൃതിയും കണ്ട് നടന്നിട്ടെന്ത് കാര്യം; നാലക്ഷരം പഠിച്ചാലല്ലേ ഭാവിയിൽ പ്രയോജനപ്പെടൂ എന്ന ബോധ്യമാണോ, അതോ negetive re-inforcement നെ കുറിച്ചും punishment നെ കുറിച്ചുമുള്ള behaviourist  മന:ശാസ്ത്രത്തിന്റെ പ്രയോഗമെന്ന നിലയിലോ, അതോ ഭൂലോകത്തിന്റെ മുഴുവൻ അധികാരി എന്ന നിലയിൽ ദുർബലമായതിനെ എല്ലാം കാൽചുവട്ടിലാക്കാമെന്ന ഫാസിസ്റ്റ്  മനുഷ്യമനസിന്റെ പ്രതികരണമെന്ന മട്ടിലോ അതുമല്ലങ്കിൽ പ്രായം കൊണ്ടും അറിവു കൊണ്ടും അനുഭവ സമ്പത്ത് കൊണ്ടും എന്തുകൊണ്ടും മുന്നിലായ തന്നെ ഇളയവർ അനുസരിക്കേണ്ടതാണെന്ന ഉത്തമ സദാചാരബോധംകൊണ്ടോ ആയിരിക്കാം കുഞ്ഞു പ്രതിരോധത്തിനു മേൽ ശകാര വർഷം ചൊരിയുകയായി. 

എന്തിനാണ് വഴക്ക് കേൾക്കുന്നതെന്ന് പോലുമറിയാതെയുള്ള ആ നിൽപിന് ” പകച്ചു പോയ ബാല്യം ” എന്നല്ലാതെ എന്ത് ക്യാപ്ഷനാണ് കൊടുക്കാനാവുക!

നമ്മുടെ കുട്ടികൾ എങ്ങിനെയാണ് പഠിക്കേണ്ടത്? എന്താണ് പഠിക്കേണ്ടത് ? എന്തിനു വേണ്ടിയാണ് പഠിക്കേണ്ടത്? വീട്ടകങ്ങളും ക്ലാസ് മുറികളും ശിശു സൗഹൃദമാവണം എന്ന് പറയുന്നതെന്തുകൊണ്ടാണ്? 

മനുഷ്യൻ എങ്ങനെയാണ് ചുറ്റുപാടുകളെ മനസിലാക്കുന്നത് എന്ന കൗതുകത്തിൽ നിന്നാണ് മന:ശാസ്ത്രം എന്ന ശാസ്ത്രശാഖ രൂപപ്പെടുന്നത്. ലേണിംഗുമായി ബന്ധപ്പെട്ട് മന:ശാസ്ത്രത്തിൽ ഉണ്ടായ പഠനങ്ങൾ വിപ്ലവകരമായ ആശയങ്ങളാണ് ലോകത്തിന് സംഭാവന ചെയ്തത്.

എന്നിട്ടും ,തന്റെ ദിനചര്യകൾ തീരുമാനിക്കാൻ , പഠനരീതിയും പഠനക്രമവും തീരുമാനിക്കാൻ , കൂട്ടുകൂടാൻ , സമൂഹത്തിൽ ഇടപെടാൻ ,താനാരാവണമെന്ന് സ്വപ്നം കാണാൻപോലും നമ്മുടെ കുട്ടികളെ നമ്മൾ അനുവദിക്കാറുണ്ടോ ?

കുട്ടികൾ ഉണർന്നിരിക്കുന്നതിന്റെ ഭൂരിഭാഗം സമയവും അധ്യാപകരോടൊപ്പമാണല്ലോ ചെലവഴിക്കുന്നത്. അതുകൊണ്ട് തന്നെ ക്ലാസ് മുറികളിലേക്ക് വരാം.

കഴിഞ്ഞ ദിവസം സുഹൃത്തും അധ്യാപകനുമായ ലിബിൻ ഫേസ് ബുക്കിൽ പങ്കുവച്ച  റെയ്സാ ഷാജിത ഉമ്മറിന്റെ ഒരു കവിത വായിച്ചു. കവിത ഇങ്ങനെ അവസാനിക്കുന്നു. 

“അന്നുച്ചക്കൊരാള് ക്ലാസ്സിലേക്ക്

വന്നിട്ട് 

“നായിന്റെ മോനേ കക്കുന്നോടാ”യെന്നലറി

ശിവനെയെടുത്തിട്ടടിച്ചു.

കണ്ട് നിന്നയെനിക്ക് 

മേല് കോച്ചി.

നൊന്തു.

ക്ലാസ്സിലെണീപ്പിച്ച്

നിര്‍ത്തിയന്ന്

വീട്ടിലേക്ക് മടങ്ങിയ 

ശിവന്‍

അമ്മക്ക് മരുന്ന് വാങ്ങാന്‍

കണക്കാക്കി വെച്ച

പൈസേന്ന് കട്ടിട്ടാണ്

സ്റ്റാമ്പ് പൈസ 

കൊടുത്തതെന്ന്.

അപമാനഭാരം 

അന്ന് ശിവന്റെ തല പോലെ

കൊണ്ടാവണം

ടീച്ചര്‍ടെ 

വടിക്കും പൊങ്ങാന്‍ പറ്റീല.

സ്റ്റാമ്പിലെ

ഗാന്ധിജിക്കപ്പോ 

കണ്ണീന്ന്

വെള്ളം വന്നു… “

കുട്ടിയെ അറിയാതെ  പോർഷൻ പഠിപ്പിച്ചു തീർക്കാൻ പാടുപെടുന്നവർക്ക് ഇതൊരു ചെറിയ മരുന്നാണ്. ചെയ്തു കൂട്ടുന്ന അബദ്ധങ്ങളെയോർത്ത് ഹൃദയം നനക്കാനൊരു മരുന്ന് .

ക്ലാസ് മുറി ഒരു സമൂഹം തന്നെയാണ്. അവിടെ പങ്കുവക്കലിന് വലിയ പ്രാധാന്യമുണ്ട്. ജനാധിപത്യ ക്ലാസ് മുറി യാഥാർത്ഥ്യമാക്കാൻ അനിവാര്യമായതാണ് പങ്കുവക്കൽ.

എന്തൊക്കെയാണ് പങ്കു വയ്ക്കേണ്ടത്? അറിവും, ചിന്തയും, അനുഭവങ്ങളുമെല്ലാമാണ് പങ്കുവയ്ക്കേണ്ടത്.

അധ്യാപകർ നിശ്ചിയിച്ച പഠനപ്രവർത്തനങ്ങൾ ഏകാധിപത്യ രീതിയിൽ അവതരിപ്പിക്കപ്പെടുന്ന ക്ലാസ് മുറികളിൽ പങ്കുവക്കൽ നടക്കില്ല ,പകരം അറിവിന്റെ വിതരണം മാത്രമാവും നടക്കുക.

ജ്ഞാന നിർമ്മിതി വാദത്തിന്റെ വരവോടുകൂടി 1997 മുതൽ തന്നെ കേരളത്തിൽ അധ്യാപനരീതികളിൽ മാറ്റം വരുത്തുന്നതിനുള്ള പരിശ്രമങ്ങൾ തുടങ്ങി. ശിശുകേന്ദ്രീകൃത വിദ്യാഭ്യാസത്തിന് പ്രാധാന്യം വന്നു. അധ്യാപകർ കുട്ടികളോടൊപ്പം ആടാനും , പാടാനും , കളിക്കാനും തുടങ്ങി. പഠനം അഹ്ലാദകരമായ അനുഭവമാക്കാൻ ചില അധ്യാപകരെങ്കിലും ശ്രമിച്ചു. ചിലർ മാത്രമെ ശ്രമിച്ചുള്ളു എന്നതാണ് വസ്തുത. 

അധ്യാപകരിൽ പലരുടേയും മൂല്യ സങ്കല്പങ്ങൾ ഫ്യൂഡൽ വ്യവസ്ഥയുമായി ബന്ധപ്പെട്ടവയാണ്. അവ സമൂഹത്തിൽ ആഴത്തിൽ വേര് പിടിച്ചവയാണ്. അതുകൊണ്ട് തന്നെ അധികാരം തങ്ങളുടെ കൈയ്യിൽ നിന്ന് പോകുമോ, കുട്ടികൾ അനുസരണ ഇല്ലാത്തവരായി മാറുമോ , പഠനം ശരിയാകുമോ എന്നെല്ലാമുള്ള ചിന്തകൾ മിക്കവരിലും ഉണ്ടായി. ഈ ചിന്തകൾ അവരെ സാമ്പ്രദായിക അധ്യാപകരായി തുടരാൻ നിർബന്ധിതരാക്കി. മറ്റൊരു രീതിയിൽ പറഞ്ഞാൽ ഒരു വ്യവസ്ഥിതിയും അതിന്റെ അടിത്തറ ഇളക്കുന്ന ഒന്നിനേയും വളരാൻ അനുവദിക്കില്ല.

മറ്റൊരു രീതിയിൽ പറഞ്ഞാൽ ഒരു വ്യവസ്ഥിതിയും അതിന്റെ അടിത്തറ ഇളക്കുന്ന ഒന്നിനേയും വളരാൻ അനുവദിക്കില്ല. ജർമൻ ചിന്തകൻ ഹേബർമാസ് അഭിപ്രായപ്പെട്ടതുപോലെ വിദ്യാഭ്യാസം വ്യവസ്ഥയുടെ നീതീകരണത്തിനായി ശ്രമിക്കും. അത് പക്ഷപാത രഹിതമല്ല.

ഫലമോ പഠനത്തിന്റെ പ്രത്യക്ഷ പ്രയോജനപരത മാത്രം  ലക്ഷ്യം വക്കുന്ന ഒരു തലമുറ ഉണ്ടായി വന്നു. ജീവിതത്തെ ഭയത്തോടെ മാത്രം നോക്കിക്കാണുന്ന ഒരു തലമുറ . 

വിദ്യാഭ്യാസം എന്നത് വിമോചനമാണ്. വിഭാഗീയ ചിന്തകളിൽ നിന്നും, സങ്കുചിത ബോധങ്ങളിൽ നിന്നും , ഭയങ്ങളിൽ നിന്നും, തന്റെ തന്നെ പരിമിതികളിൽ നിന്നുമുള്ള വിമോചനം.

ഈ  വിമോചനം സാധ്യമാകണമെങ്കിൽ ക്ലാസ്മുറികൾ സംവാദാത്മകവും വിമർശനാത്മകവുമാകണം.

ബ്രസീലിയൻ ചിന്തകനും വിദ്യാഭ്യാസ പ്രവർത്തകനുമായ പൗലോ ഫ്രയർ  ആണ് വിമർശനാത്മക ബോധനശാസ്ത്രം എന്ന ആശയം മുന്നോട്ട് വച്ചത്.

“മനുഷ്യൻറെ വിമോചനം ഏതു വിധത്തിലാണ് സാധ്യമാക്കുന്നത് എന്നതാണ് ഇന്ന് നമ്മുടെ മുമ്പിലുള്ള മുഖ്യപ്രശ്നം. ശരിയായ വിദ്യാഭ്യാസമാണ് അതിനുള്ള നേരായ മാർഗ്ഗം. സംവാദമാണ് അതിനുതകുന്ന ബോധനരീതി. സ്ഥിരമായ ഒരു സംവാദാത്മകബന്ധം സ്ഥാപിക്കാൻ കഴിയുമെങ്കിൽ വിമോചനം എത്രയും വേഗം സാക്ഷാത്കരിക്കപ്പെടും.അധ്യാപകരും വിദ്യാർത്ഥികളും യാഥാർത്ഥ്യത്തെ അനാവരണം ചെയ്യുന്നന്നതിലും  വിമർശനബുദ്ധ്യാ നേടിയെടുത്ത അറിവിനെ പുനഃസൃഷ്ടിക്കുന്നതിലും വിജയിക്കും. കൂടാതെ നിലവിലുള്ള ബോധനരീതികളുടെ അപര്യാപ്തതകൾ  എന്തൊക്കെയാണ് എന്ന ഒരു അന്വേഷണത്തിലേക്കും  അത് വഴിതെളിക്കും”. – പൗലോ ഫ്രയർ .

എല്ലാത്തരം അടിച്ചമർത്തലുകളെയും ചോദ്യം ചെയ്യാൻ കുട്ടികളെ അത് പ്രാപ്തമാക്കും.

മൂന്നു തരം അവബോധങ്ങളെ പറ്റി പൗലോ ഫ്രയർ പറയുന്നു.

1. പാതി ഇരുൾ മൂടിയ അവബോധം : – ജീവൻ നിലനിർത്തുന്നതിന് വേണ്ടി മാത്രം അറിവിനെ പ്രയോജനപ്പെടുത്തുന്നവർ .

2. മാന്ത്രിക അവബോധം : – ഭൂതകാല പ്രേമവും , അമാനുഷികതയും, മതഭ്രാന്തും , പാപചിന്തയും ചുമന്ന് നടക്കുന്നവർ

3. വിമർശനാവബോധം : – പ്രശ്നാപഗ്രഥനം നടത്തുന്നവരും , സംവദിക്കുന്നവരും , പുതിയ അറിവുകൾ സൃഷ്ടിക്കുന്നവരും , ലോകത്തെ രൂപാന്തരപ്പെടുത്തുന്നവരും .

ക്ലാസ് മുറികൾ ശരിക്കും വിമർശനാത്മകമായാൽ നമ്മുടെ കുട്ടികൾ  ഏത് ബോധതലത്തിലേക്കായിരിക്കും ഉയരുക എന്ന് നിസംശയം പറയാൻ സാധിക്കില്ലേ.

2007 മുതൽ വിമർശനാത്മക ബോധനശാസ്ത്രം ക്ലാസ്മുറികളിൽ ഉപയോഗപ്പെടുത്താൻ തുടങ്ങിയവരാണ് നമ്മൾ .എന്നിട്ടും ഇപ്പോഴും ഇതെന്തിനാണ് ആവർത്തിക്കുന്നത് , പുതിയ ആശയങ്ങൾ എന്തെങ്കിലുമല്ലേ ചർച്ച ചെയ്യേണ്ടത് എന്ന ചോദ്യം ഉണ്ടാവാം.

ആധുനിക കാലത്തെ മനുഷ്യരാണ് നാം .

ആധുനികതയുടെ ഉപകരണങ്ങളെ , സാങ്കേതിക വിദ്യയെ എല്ലാം നമ്മുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനു വേണ്ടി ഉപയോഗപ്പെടുത്താൻ നമുക്ക് ഒരു വിമുഖതയുമില്ല. എന്നാൽ ആധുനികത മുന്നോട്ട് വച്ച മാനവിക ആശയങ്ങൾ ഒരു ജീവിത സന്ദർഭത്തിലും പ്രയോനപ്പെടുത്താൻ നമ്മൾ തയ്യാറാവുന്നില്ല. 

അതുകൊണ്ടാണ്  സ്വന്തം മാലിന്യം പൊതുവഴിയിലും അന്യന്റെ പറമ്പിലും നിക്ഷേപിക്കാൻ നമുക്ക് മടിയില്ലാത്തത് . 

അതുകൊണ്ടാണ് ആർത്തവം അശുദ്ധിയാണെന്ന് പറഞ്ഞ് ‘വിദ്യാസമ്പന്നർ’ക്കു പോലും സമരം ചെയ്യാൻ സാധിക്കുന്നത്.

അതുകൊണ്ടാണ് ചരടും , യന്ത്രങ്ങളും ഒക്കെ നമ്മുടെ സഹചാരികളാവുന്നത്.

അതുകൊണ്ടാണ് പല കുതിപ്പുകൾക്കും മുൻപേ തേങ്ങ ഉടക്കേണ്ടി വരുന്നത്.

അതുകൊണ്ടാണ് ആൾ ദൈവങ്ങൾ അരങ്ങ് വാഴുന്നത്.

അതുകൊണ്ടാണ് വെറും വയറ്റിൽ ഒരു പാവക്ക ജ്യൂസ് കുടിച്ചാൽ മതി ആരോഗ്യം എല്ലാം ശരിയാകും എന്ന് ഇപ്പോഴും പറയുന്നത്.

അതുകൊണ്ടാണ് കേവലം യൂണിഫോം പോലും ന്യൂട്രലാക്കാൻ തുടങ്ങിയപ്പോൾ നമ്മുടെ ഉള്ളൊന്ന് ആളിയത് .

അതുകൊണ്ടാണ് ആണും പെണ്ണും ഒരുമിച്ചിരുന്നാൽ ലോകാവസാനമെന്ന് വിചാരിക്കാൻ കഴിയുന്നത്.

അതുകൊണ്ടാണ് ജെൻഡർ സ്പെക്ട്രത്തെ ഉൾക്കൊള്ളാൻ കഴിയാത്തത് .

അതുകൊണ്ടാണ് ജാതി പച്ചക്ക് പറയുന്ന മാട്രിമോണിയൽ പേജുകൾ വിവാഹ കമ്പോളം വാഴുന്നത്.

അതുകൊണ്ടാണ് പെണ്ണായാൽ പൊന്ന് വേണം എന്ന പരസ്യം (പല പരസ്യങ്ങളും ) ഇപ്പോഴും ആസ്വദിക്കാൻ കഴിയുന്നത്.

അതുകൊണ്ടാണ് അരാഷ്ട്രീയത പെരുകുന്നത്.

അതുകൊണ്ടാണ് സാമ്പത്തിക അഭിവൃദ്ധിക്കുവേണ്ടി നരബലികൾ ഉണ്ടാവുന്നത് .

അതുകൊണ്ട് മാത്രമാണ് പ്രണയം പോലും കഴുത്തുമുറിക്കലും കഷായം കുടിപ്പിക്കലുമാകുന്നത്.

വിവരങ്ങൾ മാത്രം കുത്തിനിറക്കുന്ന , ഭയമുള്ള മനുഷ്യരെ സൃഷ്ടിക്കുന്ന, മാനവികത കാറ്റിൽ പറത്തുന്ന വിദ്യാഭ്യാസത്തിന് എന്ത് പ്രസക്തിയാണുള്ളത്. 

ശാസ്ത്രദിനത്തിലും നാം ആലോചിക്കേണ്ടത് ശാസ്ത്രീയമായ അറിവു പങ്കുവക്കലിനെ പറ്റി തന്നെയല്ലേ . ശാസ്ത്രീയമാവേണ്ടതിന്റെ , മനുഷ്യരാവേണ്ടതിന്റെ പ്രാധാന്യത്തെ പറ്റിയല്ലേ .

തുടക്കത്തിൽ പറഞ്ഞ , മുത്തശ്ശിയുടെ ശകാരത്താൽ പകച്ചുപോയ ആ കണ്ണുകൾ എന്നെ പിൻതുടരുന്നു. വീട്ടകങ്ങളിൽ മാത്രമല്ല ക്ലാസ് മുറികളിലും , വരാന്തകളിലും, പൊതുവഴിയിലും, ബസ്റ്റാന്റിലെ പെട്ടിക്കടയുടെ പിറകിലും …. എല്ലായിടത്തും അധികാരമുള്ളവരുടെ ശാസനങ്ങളാൽ ഭയന്നുപോയ കണ്ണുകൾ, വിമോചനത്തിനായി കൊതിക്കുന്ന കണ്ണൂകൾ …..

“Be scientific … Be human… “

ആർ യമുന

അസി.പ്രൊഫസർ

കേരള യൂണിവേഴ്സിറ്റി കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ

അടൂർ

R Yamuna Author
Sorry! The Author has not filled his profile.
Share

Leave a Reply

Your email address will not be published. Required fields are marked *