വിപ്ലവം സൃഷ്ടിക്കും ക്ലിക്ക് കെമിസ്ട്രി

എല്ലാ വർഷവും രസതന്ത്രത്തിന് നോബൽ സമ്മാനം നൽകാറുണ്ട്. ഒരു കാലഘട്ടത്തിലെ ഏറ്റവും നല്ല കണ്ടുപിടുത്തത്തിനാണ് സമ്മാനം നൽകാറുള്ളത്. 2022 ലെ നോബൽ പുരസ്കാരം ക്ലിക് കെമസ്ട്രിക്ക് ലഭിച്ചു. വൈദ്യശാസ്ത്രരംഗത്ത് ഏറെ പ്രതീക്ഷകൾ നൽകുന്നതാണ് രസതന്ത്ര നോബൽ പുരസ്കാരം. രസതന്ത്രപ്രവർത്തനങ്ങളിൽ ഇതുവരെ പ്രതീക്ഷിക്കാത്ത ഒരു രീതി ശാസ്ത്രമാണ് ക്ലിക് കെമസ്ട്രിയിൽ ഉള്ളത്.

ഒരു ആറ്റത്തിലേക്ക് മറ്റൊരു ആറ്റത്തെ ഇടിച്ചുകയറ്റികൊണ്ട് ന്യൂക്ലിയസിനെ അസ്ഥിരമാക്കി റേഡിയോ ആക്ടിവത കൃതിയായി ഉല്പാദിപ്പിച്ച് പുതിയ ഒരു മൂലകം ഉണ്ടാക്കുന്ന വിദ്യ പണ്ടേ തന്നെ രസതന്ത്രം വികസിപ്പിച്ചിരുന്നു. മനുഷ്യരാശി പലതരത്തിലും ഈ പ്രക്രിയ ഉപകാരമായി. ഇതിലൂടെയുണ്ടാകുന്ന ആൽഫാ, ബീറ്റാ, ഗാമ വികിരണങ്ങളാണ് നാം ചികിത്സാരംഗത്ത് നല്ലതുപോലെ ഉപയോഗിക്കുന്നത്.
പരിസ്ഥിതിയെ നശിപ്പിക്കുന്ന രീതിയിലുള്ള എമിഷനും സബ്സ്റ്റിട്യൂഷനും പകരം രണ്ട് തന്മാത്രകളിലെ ഡബിൾ ബോണ്ട് ഉപയോഗിച്ച് അഡീഷൻ റിയാക്ഷൻ നടത്തി ഒറ്റ തന്മാത്രയാക്കുന്ന ഗ്രീൻ കെമിസ്ട്രിയും (ഹരിത രസതന്ത്രം) വികസിപ്പിച്ചെടുത്തിട്ടുണ്ട്. പരിസ്ഥിതിയെ നശിപ്പിക്കുന്ന മലിനീകരണത്തെ (അയോണുകളും, റാഡിക്കലുകളും അന്തരീക്ഷത്തിലെത്തുന്നത്) തടയുവാനും പ്രകൃതിയെ സംരക്ഷിക്കുവാനും ഹരിത രസന്ത്രം ഉപകരിക്കുന്നുണ്ട്. രസതന്ത്ര ഗവേഷണങ്ങളിൽ വെച്ച് വിപ്ലവകരമായ ഒരു ഗവേഷണവും കണ്ടെത്തലുമായിരുന്നു ഹരിതരസതന്ത്രം.

ഇതാ ക്ലിക് കെമിസ്ട്രിയിലൂടെ കോപ്പറിന്റെ സാന്നിദ്ധ്യത്തിൽ രണ്ടു സൂക്ഷ്മ തന്മാത്രകളെ കൂട്ടിച്ചേർത്ത് പുതിയ ഒരു യാത്ര ഉണ്ടാക്കിയിരിക്കുന്നു. 2001 ലാണ് ബാരിഷാർപ്പ് ലെസ് ഈ മാസ്മരിക കണ്ടുപിടുത്തം നടത്തിയത്. അദ്ദേഹം ഇപ്പോൾ രണ്ട് നോബൽ സമ്മാനങ്ങൾ നേടിയ അഞ്ചാമത്തെ വ്യക്തിയായി മാറിയിരിക്കുന്നു. റേഡിയോ ആക്ടീവതയിലൂടെ മേരി ക്യൂറിയും ക്ലിക് കെമിസ്ട്രിയിലൂടെ ബാരിഷാർപ്പ് ലെസും രണ്ടു തവണ നോബൽ നേടുന്നവരുടെ ലിസ്റ്റിൽ ഒന്നും അഞ്ചും സ്ഥാനത്തെത്തി. ക്ലിക് തന്ത്രം ഉപയോഗിച്ച് ബയോ ഓർത്തോഗണൽ രസതന്ത്ര പ്രക്കിയക്ക് നേതൃത്വം കൊടുത്ത കരോലിൻ ബർട്രോസിയ്ക്കും മോർട്ടർ മെൽഡലിനും കൂടി ഈ വർഷത്തെ രസതന്ത്ര നോബൽ പുരസ്കാരം ലഭിച്ചു.

സൂക്ഷ്മ തന്മാത്രകൾ പരസ്പരം കൂട്ടിച്ചേർത്ത് ഒന്നാക്കുന്ന ക്ലിക് രാസപ്രക്രിയ വൈദ്യശാസ്ത്രരംഗത്തും പരിസ്ഥിതി രംഗത്തും വിപ്ലവം സൃഷ്ടിക്കും. പല രസതന്ത്ര പ്രക്രിയകളിലൂടെ ഉണ്ടാകുന്ന ബൈപ്രൊഡക്ടുകളാണ് പലപ്പോഴും ശരീരത്തിലും പ്രകൃതിയിലും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് (അയോണുകളും റാഡിയ്ക്കലുകളും). ഈ പ്രശ്നങ്ങൾ ഒഴിവാക്കുവാൻ ക്ലിക് കെമിസ്ട്രിയ്ക്ക് കഴിയും. ഇതിലൂടെ മരുന്നുല്പാദന രംഗത്ത് അഭൂതപൂർവ്വമായ കുതിച്ചുചാട്ടം ഉണ്ടാകും. പാർശ്വഫലങ്ങളില്ലാത്ത മരുന്ന് എന്നും മനുഷ്യൻ ആഗ്രഹിക്കുന്നതാണ്. പക്ഷെ ഇതുവരെ അത്തരം മരുന്നുകൾ നിർമ്മിക്കപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ ദീർഘകാലം മരുന്നുപയോഗിക്കുമ്പോൾ പല അവയവങ്ങളും കേടുവരും. ഈ പ്രശ്നം പരിഹരിക്കപ്പെടുവാൻ പോകുകയാണ്. ഹരിതരസതന്ത്രവും ക്ലിക് കെമിസ്ട്രിയും ജനിതക ശാസ്ത്രവിഭാഗവും ചേർന്നുള്ള പുതിയ മരുന്ന് ഗവേഷണം പാർശ്വഫലങ്ങളില്ലാത്ത ലോകത്തേക്ക് നമ്മെ കൊണ്ടുപോകും. രണ്ട് തന്മാത്രകൾ ചേർന്ന് പുതിയൊരു തന്മാത്രയുണ്ടാകുന്നു എന്നത് രസതന്ത്ര പ്രക്രിയകളിൽ ഒരു കുതിച്ചുചാട്ടമാണ്. വലിയ തന്മാത്രകളെ ഇതേ രീതിയിൽ കൂട്ടിചേർക്കുവാൻ കഴിയുമോ എന്നുള്ള അതി നൂതന ഗവേഷണങ്ങൾക്കും ക്ലിക് കെമിസ്ട്രി വഴിയൊരുക്കും എന്ന് കരുതാം.

രസതന്ത്രം അതി സൂക്ഷ്മതയിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണ്. ചികിത്സാരംഗത്തു മാത്രമല്ല ഇത് അലയടികൾ സൃഷ്ടിക്കുവാൻ പോകുന്നത്. കാർഷിക   മേഖലയിൽ അടക്കം ഉൽപാദനരംഗത്ത് ചടുലമായ മാറ്റങ്ങൾ ഉണ്ടാകും. നിർമ്മാണരംഗത്ത് നിലനില്ക്കുന്ന പല പ്രക്രിയകളും (എലിമിനേഷൻ, സബ്സ്റ്റിറ്റ്യൂഷൻ) ഭാവിയിൽ ഇല്ലാതായേക്കാം. അതായത് നിർമ്മാണരംഗത്ത് നിലവിലുള്ള വൻകിട സംവിധാനങ്ങളൊക്ക മിക്കവാറും മാറ്റപ്പെട്ടേക്കാം. നാനോ ടെക്നോളജിയും കൃത്രിമ ബുദ്ധിയും ഇതേ ദിശയിലുള്ള മാറ്റംങ്ങളുടെ സൂചനകൾ നൽകുന്നുണ്ട്.

നാനോ ടെക്നോളജിയും ജനറ്റിക് എഞ്ചിനിയറിങ്ങും കൃത്രിമ ബുദ്ധിയും ചേർന്ന് മോളിക്യൂലാർ കാർ ഉല്പാദിപ്പിച്ചത് വൈദ്യശാസ്ത്രരംഗത്തെ മറ്റൊരു വിപ്ലവമാണ് (ഇതിനും നോബൽ സമ്മാനം ലഭിച്ചിട്ടുണ്ട്.) ക്ലിക് കെമിസ്ട്രി കൂടി ചേരുമ്പോൾ അവിശ്വസനീയമായ മാറ്റങ്ങൾക്കാണ് വഴി ഒരുങ്ങുന്നത്. രോഗ നിർണ്ണയ രംഗത്ത് നിലവിലുള്ള വലിയ യന്ത്രസംവിധാനങ്ങളൊക്കെ വഴിമാറുകയാണ്.

ജ്ഞാനസമ്പദ് വ്യവസ്ഥയിലെ വൈദ്യശാസ്ത്രമേഖല അനിർവ്വചനീയമായ മാറ്റങ്ങളിലൂടെ കടന്നു പോകും. അതിന് പാശ്ചാത്തലമൊരുക്കുന്ന ഗവേഷണങ്ങൾ ഹ്യൂമൺ ജീനോം പ്രോജക്ടിലൂടെയും വളർന്നു വരുന്നുണ്ട്. മനുഷ്യശരീരത്തെ സമഗ്രമായി കണ്ടുകൊണ്ടുതന്നെ വേണം ചികിത്സിക്കുവാൻ എന്ന പരമ്പരാഗത നിഗമനത്തിലേക്ക് ആധുനിക ഗവേഷണങ്ങൾ എത്തുന്നു എന്നതിന്റെ ശുഭസൂചനകളാണ് ഇതെല്ലാം. ചികിത്സാ ശാസ്ത്രത്തിന് പുതിയ ദിശാബോധമുണ്ടാകുന്നു എന്നത് മനുഷ്യന്റെ ഏറ്റവും വലിയ പ്രതീക്ഷയാണ്.

രസതന്ത്രത്തിന്റെ ഗവേഷണം വൻ പ്രതീക്ഷകൾ നൽകിക്കൊണ്ട് അതിസൂക്ഷ്മതയിലേക്ക് നിങ്ങികൊണ്ടിരിക്കുകയാണ്. എല്ലാം മനുഷ്യരാശിയുടെ നന്മക്കുവേണ്ടി മാത്രം ഉപയോഗിക്കുവാനുള്ള സാമൂഹിക രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളും ഇതേ സൂക്ഷ്മതയിൽ വളരണം. എല്ലാ അന്വേഷണങ്ങളും പ്രകൃതിയുടെ സൂക്ഷ്മതയിലേയ്ക്കുള്ള സർഗ്ഗ പ്രയാണമാണ്. അവിടെ നിഷ്കളങ്കമായ സ്നേഹവും പ്രകാശമയമായ സമത്വവും മാത്രമേയുള്ളൂ.
അന്വേഷണങ്ങളുടെ സൂക്ഷ്മതയും പ്രയോഗങ്ങളുടെ വിശാലതയും മാനവികതയുടെ വികാസത്തിന് പ്രയോജനപ്പെടട്ടെ.

പ്രൊഫ. സി രവീന്ദ്രനാഥ്

Sorry! The Author has not filled his profile.
Share

Leave a Reply

Your email address will not be published. Required fields are marked *