DigitALL: ലിംഗസമത്വത്തിനായുള്ള സാങ്കേതികവിദ്യയും നവീകരണവും.

ആഗോളതലത്തിൽ നിർമ്മിത ബുദ്ധി മേഖലയിൽ പ്രവർത്തിക്കുന്ന ആകെ ആളുകളിൽ 22 ശതമാനം മാത്രമാണ് വനിതകൾ !.125 രാജ്യങ്ങളിൽ നിന്നുള്ള വനിതാ മാധ്യമപ്രവർത്തകർക്കിടയിൽ നടത്തിയ സർവ്വേയിൽ ജോലിക്കിടയിൽ ഓൺലൈൻ ആക്രമണത്തിന് ഇരയാകുന്നവരാണ് 73% പേരുമെന്ന് കണ്ടെത്തിയിരിക്കുന്നു !.2021 മാർച്ചിൽ നിർമ്മിത ബുദ്ധി ഉപയോഗപ്പെടുത്തുന്ന 133
വ്യവസായ മേഖലകളിലെ സിസ്റ്റങ്ങൾ വിശകലനം ചെയ്തപ്പോൾ നാൽപ്പത്തിനാല് ശതമാനത്തിലധികവും പ്രവർത്തനങ്ങളിൽ ലിംഗഭേദം പ്രകടമാക്കുന്നതായി തെളിഞ്ഞിരിക്കുന്നു. ലോകമെമ്പാടുമുള്ള സ്ത്രീകളിൽ 63 ശതമാനം വനിതകൾ (പുരുഷന്മാർ 69 )ഇന്റർനെറ്റ് ഉപയോഗിക്കുന്നുവെങ്കിലും പല രാജ്യങ്ങളിലും ഇത് മുപ്പത് ശതമാനത്തിൽ താഴെയാണ്.

സ്ത്രീത്വത്തിന്റെ മഹത്തായ ആഘോഷമായ വനിതാ ദിനം വിവേചനത്തിനെതിരായുള്ള ലോക ചിന്തയെ ഉണർത്തുന്നതിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട്. സ്ത്രീകളുടെ നേട്ടങ്ങൾ ആഘോഷിക്കുന്നതിനും ലിംഗ അസമത്വത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും ലക്ഷ്യമിടുന്ന ദിനാചരണം കാലിക പ്രസക്തമായ ആശയ പ്രചരണമാണ് ഈ വർഷം നിശ്ചയിച്ചിരിക്കുന്നത്.DigitALL: ലിംഗസമത്വത്തിനായുള്ള സാങ്കേതികവിദ്യയും നവീകരണവും എന്ന മുദ്രാവാക്യത്തിന്റെ അനിവാര്യത വ്യക്തമാക്കുന്ന കാര്യങ്ങളാണ് തുടക്കത്തിൽ സൂചിപ്പിച്ചിരിക്കുന്നത്. പുതിയകാലത്തിൽ വിഭജനത്തിന്റെ തലം ഡിജിറ്റലായി മാറുമെന്ന് മുൻകൂട്ടി കണ്ടുകൊണ്ടുള്ള ഐക്യരാഷ്ട്രസഭയുടെ നീക്കം ലോകത്തെമ്പാടും ഈ മേഖലയിലെ അസമത്വങ്ങൾക്കെതിരെയുള്ള പ്രവർത്തനങ്ങൾക്ക് ശക്തി പകരുക തന്നെ ചെയ്യും.

വിവേചനപരമായ മാനദണ്ഡങ്ങളും അക്രമങ്ങളും സ്ത്രീകളെ ഡിജിറ്റൽ ലോകത്തേക്ക് പൂർണ്ണമായി പ്രവേശിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നുവെന്ന് സുസ്ഥിര വികസന ലക്യങ്ങളുടെ പുരോഗതി വിലയിരുത്തുന്ന ഐക്യരാഷ്ടസഭയുടെ രേഖയും (2022) കണ്ടെത്തിയിട്ടുണ്ട്. അടുത്ത കാലത്ത് സാങ്കേതിക വിദ്യ മേഖയിലെ ലിംഗ വ്യത്യാസത്തിൽ ആശാവഹമായ പുരോഗതി ഉണ്ടെങ്കിലും ഇന്നും ശക്തമായി നിലനിൽക്കുന്നു. വ്യവസായങ്ങൾ, വിശാലമായ സാങ്കേതിക മേഖല എന്നിവയിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും പ്രാതിനിധ്യം തരതമ്യേനേ കുറവാണ്. വിവര സാങ്കേതിക വിദ്യ, ശാസ്ത്രം, എഞ്ചിനീയറിംഗ്, ജോലികളിൽ ഇരുപത് ശതമാനം മാത്രമാണ് സ്ത്രീ പങ്കാളിത്തം. ലോകത്തിലെ ഏറ്റവും വലിയ ഇരുപത് സാങ്കേതികസ്ഥാപനങ്ങളിൽ, 33 ശതമാനം തൊഴിലാളികളും സ്ത്രീകളാണ് (2022), എന്നാൽ ഈ സ്ഥാപനങ്ങളുടെ തലപ്പത്ത് വനിതാ പങ്കാളിത്തം നാലിൽ ഒന്ന് മാത്രമാണ്.അന്താരാഷ്ട്ര പേറ്റന്റ് നേടിയിട്ടുള്ള ഗവേഷകരിൽ 16.5 ശതമാനം മാത്രമാണ് വനിതകൾ.ഡിജിറ്റൽ മേഖലയിലെ സ്ത്രീകളുടെ സാന്നിധ്യക്കുറവ് കഴിഞ്ഞ ദശകത്തിൽ താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ നിന്ന് ഒരു ലക്ഷം കോടി ഡോളർ നഷ്ടത്തിന് ഇടയാക്കിയതായി ഐക്യരാഷ്ട്രസഭ രേഖ തന്നെ വ്യക്തമാക്കുന്നു. സ്ത്രീ പങ്കാളിത്ത മുറപ്പാക്കിയില്ലെങ്കിൽ ഈ നഷ്ടം ഒന്നരലക്ഷം കോടി ഡോളറായി ഉയരും!

കാര്യമായ അവസരങ്ങളും വിവരങ്ങളും ഇന്റർനെറ്റ് എല്ലാവർക്കും ഇന്നുറപ്പിക്കുന്നു. എന്നാൽ സ്ത്രീകളും പെൺകുട്ടികളും ഓൺലൈൻ പീഡനത്തിനും ദുരുപയോഗത്തിനും വിധേയമാകുന്നുവെന്നതും ശ്രദ്ധിക്കേണ്ടതുണ്ട് 51 രാജ്യങ്ങളിൽ നടത്തിയ പഠനത്തിൽ 38 ശതമാനം സ്ത്രീകളും വ്യക്തിപരമായി ഓൺലൈൻ കടന്നാക്രമണം അനുഭവിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി.എന്നാൽ നാലിലൊന്ന് മാത്രമാണ് ഇത് അധികാരികളോട് റിപ്പോർട്ട് ചെയ്യുകയോ പരാതി കൊടുക്കുകയയോ ചെയ്തിട്ടുള്ളത്. ഇവരിൽ 90% ആളുകളും അവരുടെ ഓൺലൈൻ പ്രവർത്തനങ്ങൾ പരിമിതപ്പെടുത്തുവാനാണ് തീരുമാനിച്ചത്. ഇത് തീർച്ചയായും ഈ മേഖലയിൽ അനുദിനം അനുഭവപ്പെടുന്ന കാര്യമാണ്.ഓൺലൈൻ ആക്രമണങ്ങൾ വനിതകൾ ഈ രംഗത്ത് നിന്നും പിൻവാങ്ങുന്നതിന് കാരണമാകുമ്പോൾ ലിംഗപരമായ ഡിജിറ്റൽ വിഭജനം വർദ്ധിക്കുന്നു. ഓൺലൈൻ സുരക്ഷ ഉറപ്പാക്കുക എന്നത് ലിംഗപരമായ വിവേചനം ഡിജിറ്റൽ രംഗത്ത് ഇല്ലാതാക്കുന്നതിന് അനിവാര്യമാണ്.ഇതിനാവശ്യമായ നിയമങ്ങളും സ്ഥാപനങ്ങളുമുണ്ടെങ്കിലും അവയുടെ ഫലപ്രദമായ വിനിയോഗം നടക്കുന്നില്ലയെന്നത് കണക്കുകൾ വിളിച്ചു പറയുന്ന സത്യമാണ്.

തുല്യത ഉറപ്പിക്കുന്ന ഭാവി ഡിജിറ്റൽ യുഗത്തിന്
ഐക്യരാഷ്ട സഭയുടെ നിർദ്ദേശങ്ങളിൽ പ്രധാനമാണ് ഡിജിറ്റൽ ആക്രമണത്തിനെതിരായുള്ള പ്രവർത്തനങ്ങൾ.സാങ്കേതിക സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയിട്ടുള്ള ലിംഗാധിഷ്ഠിത അക്രമണത്തിന് പൊതുവായ നിർവചനമില്ല എന്നാൽ ലിംഗഭേദത്തിന്റെ അടിസ്ഥാനത്തിൽ ഐസിടിയുടെ ഉപയോഗം വഴി ശാരീരികമോ ലൈംഗികമോ മാനസികമോ സാമൂഹികമോ രാഷ്ട്രീയമോ സാമ്പത്തികമോ ആയ ദ്രോഹത്തിന് കാരണമാകുന്ന പ്രവർത്തനങ്ങളെ ഈ ആക്രമണ പരിധിയിൽ ഉൾപ്പെടുത്താം.ഓൺലൈൻ മേഖലയിൽ നടത്തുന്ന ഇത്തരം ആക്രമണങ്ങൾ ഡിജിറ്റൽ മേഖലയിൽ നിന്ന് സ്വയം പിൻവാങ്ങുന്നതിന് സ്ത്രീകൾക്ക് പ്രേരണയാകുന്നു. മനുഷ്യ ജീവിതത്തിൽ സാമൂഹ്യ മാധ്യമങ്ങൾ നിർണായക ഇടമായി മാറുന്ന കാലമാണിത്. ലിംഗവിവേചനത്തിന്റെയും തെറ്റായ വിവരങ്ങളുടെയും സ്ത്രീവിരുദ്ധ പ്രചണങ്ങളുടെയും പ്രസംഗങ്ങളുടെയും പ്രധാനയിടമായി ഈ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തൽ ശക്തമാണ്.ഇവയെല്ലാം വനിതകളുടെ ഡിജിറ്റൽ മുന്നേറ്റത്തെ ദുർബലപ്പെടുത്തുന്നു.പൊതുസമൂഹത്തിൽ കാണുന്ന സ്ത്രീകൾ -സാമൂഹ്യ പ്രവർത്തകർ , സന്നദ്ധ സംഘടന പ്രവർത്തകർ , രാഷ്ട്രീയ നേതാക്കൾ, സ്ത്രീകളുടെ അവകാശ സംരക്ഷകർ – എന്നിവരൊക്കെ കൂടുതൽ ഡിജിറ്റൽ ആക്രമണത്തിന് വിധേയരാകുന്നു. സഹാനുഭൂതിയിലും ധാർമ്മികതയിലും ഊന്നിയ ഡിജിറ്റൽ മീഡിയ ഉപയോഗം വളർത്തുന്നതിനും ലിംഗസമത്വത്തിന്റെ വക്താക്കളാകാൻ ഉതകുന്ന വിദ്യാഭ്യാസവുമാണ് ഈ പ്രശ്നത്തെ നേരിടാനുള്ള പ്രതിവിധി .സ്ത്രീകളുടെയും കുട്ടികളുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതിന് സാങ്കേതികവിദ്യയെ പരുവപ്പെടുത്തുക, സയൻസ് ,സാങ്കേതിക വിദ്യ, എഞ്ചിനിയറിംഗ്, ഗണിതം (STEM ) വിദ്യാഭ്യാസ മേഖലയിൽ സ്ത്രീകളെ പിന്തുണയ്ക്കുക, ഡിജിറ്റൽ സൗകര്യങ്ങളും വൈദ്ഗ്ധ്യവും നേടുന്നതിന് ഇന്ന് നിലനിൽക്കുന്ന എല്ലാ തടസ്സങ്ങളും മാറ്റുക എന്നിവയും തുല്യത ഉറപ്പാക്കുന്ന ഡിജിറ്റൽ ഭാവിക്ക് ആവശ്യമെന്ന് ഐക്യരാഷ്ട്ര സഭ പറയുന്നു.

രാജേഷ്.എസ്. വള്ളിക്കോട് .

ഐക്യരാഷ്ട്ര സഭ രേഖകളെ അടിസ്ഥാനമാക്കി തയ്യാറാക്കിയത്

Sorry! The Author has not filled his profile.
Share

Leave a Reply

Your email address will not be published. Required fields are marked *