നമ്മുടെ കുട്ടികളിലെ ഭക്ഷണശീലങ്ങൾ മാറുന്നോ?

“ഡോക്ടറെ, കുട്ടി നല്ല ഭക്ഷണങ്ങളൊന്നും കഴിക്കുന്നില്ല, ഡോക്ടർ ഇവന്റെ കോലം കണ്ടോ? ” – ഇന്നലെ എന്റെ ഓ.പി  വന്ന ഒരു കുട്ടിയുടെ അമ്മയുടെ വാക്കുകളാണ്. ഈ വാക്കുകൾ കേൾക്കാത്ത ശിശുരോഗവിദഗ്ധർ കുറവായിരിക്കും, പറയാത്ത അമ്മമാരും! അല്ലെ? മേല്പറഞ്ഞ കുട്ടിയിലേക്ക്  തന്നെ നമുക്ക് തിരികെ വരാം. ഞാൻ കുട്ടിയെ ഒന്ന് നന്നായി നോക്കി, അമ്മയെയും. കാഴ്ച്ചയിൽ നിന്ന് തന്നെ സാമ്പത്തികമായി ഇടത്തരമായ  ഒരു കുടുംബമാണെന്നു വ്യക്തം. പക്ഷെ ആ കുട്ടിയുടെ കയ്യിൽ കണ്ട സാധനങ്ങൾ എന്നെ അത്ബുധപെടുത്തി. വിപണിയിൽ ലഭ്യമായ മുന്തിയ ചോക്ലേറ്റുകളും ഒരു പാക്കറ്റ് ചിപ്സും പിന്നെ ഒരു ശീതളപാനീയത്തിന്റെ പാക്കറ്റും അവന്റെ കുഞ്ഞികയ്യിലുണ്ടായിരുന്നു.

കുറച്ചു ദേഷ്യത്തോടെ തന്നെ ഞാൻ ചോദിച്ചു, ” ഇതൊക്കെയാണോ കുഞ്ഞിന് കഴിക്കാൻ കൊടുക്കുന്നത്?” അപ്പോൾ ആ ‘അമ്മ പറഞ്ഞ മറുപടി എന്നെ കൂടുതൽ കുഴക്കി. ” അതെന്താ ഡോക്ടറെ, ഞങ്ങൾ പാവപ്പെട്ടവർ ഇങ്ങനത്തെ സാധനങ്ങൾ കഴിച്ചൂടെ? കാശുള്ള വീട്ടിലെ കുട്ടികൾക്ക് കൊടുക്കുന്ന എല്ലാ സാധനങ്ങളും ഞങ്ങൾ ഇവർക്കും വാങ്ങി കൊടക്കാറുണ്ട്. ഒന്നിനും ഒരു കുറവും വരുത്തുന്നില്ല. പാലിൽ ഇട്ടു കൊടുക്കുന്ന ആ പൊടിയും കൊടുക്കുന്നുണ്ട്. നമ്മുടെ ഇല്ലായ്മ കൊണ്ട് അവർക്കു മോശം വരരുത്”. 

അപ്പൊ അതാണ് പ്രശനം! ” നല്ല ഭക്ഷണം” എന്നതിന് നമ്മൾ കൊടുത്തിരുന്ന നിർവചനങ്ങളൊക്കെ  മാറിപ്പോയിരിക്കുന്നു. ഇന്ന് വിപണിയിൽ കിട്ടുന്ന ഏറ്റവും വില കൂടിയ സാധനങ്ങളാണ് ഏറ്റവും നല്ലതെന്നു നമ്മുടെ അമ്മമാർ തെറ്റിദ്ധരിച്ചിരിക്കുന്നു. അതിനു മേമ്പൊടിയായി നാഴികക്ക് നാല്പതു വട്ടം ടി.വി യിലും മറ്റും കാണിക്കുന്ന പരസ്യപെരുമഴയും! ഇത് എനിക്കുണ്ടായ ഒറ്റപ്പെട്ട അനുഭവമല്ല. ഇത് ഇപ്പോൾ ഓ.പി യിലെ നിത്യ കാഴ്ചകളിലൊന്നാണ്..

എന്താണ് നല്ല ഭക്ഷണം/ സമീകൃതാഹാരം? 

ഇനി നമുക്ക് കാര്യത്തിലേക്കു വരാം. കുട്ടികളിലായാലും വലിയവരിലായാലും നല്ല ഭക്ഷണം എന്നാൽ സമീകൃതാഹാരമാണ്. അത് പറഞ്ഞാൽ നമ്മുടെ ശരീരത്തിനാവശ്യമായ എല്ലാ ഘടകങ്ങളും വേണ്ട അളവിൽ ഒത്തു ചേർന്ന ആഹാരം. അപ്പോൾ എന്തൊക്കെ ആണ് നമ്മുടെ ശരീരത്തിന് ആവശ്യമായ ആ ഘടകങ്ങൾ? പണ്ട് നമ്മൾ പഠിച്ചതൊക്കെ തന്നെ – അന്നജം, മാംസ്യം, കൊഴുപ്പ് , വൈറ്റമിനുകൾ, പിന്നെ ധാതുലവണങ്ങളും! ഇതിൽ പ്രധാനം അന്നജമാണ്‌, അതാണ് ഒരു ദിവസത്തേക്ക് വേണ്ട ഊർജം നമുക്ക് നൽകുന്നത്.

അത് കൊണ്ട് തന്നെ നമ്മുടെ ഒരു ദിവസത്തെ ആഹാരത്തിന്റെ പ്രധാനഭാഗം അന്നജമായിരിക്കണം. അതായത് ഒരു 50-60% വരെ. പിന്നെ വേണ്ടത് മാംസ്യമാണ്, അഥവാ പ്രോടീൻ. ഇതാണ് നമ്മുടെ ശരീരത്തിലെ പേശികളുടെയും മറ്റും വികാസത്തിന് സഹായിക്കുന്നത്. അതായത് നമ്മുടെ ശരീരഘടന നിലനിർത്താൻ സഹായിക്കുന്നത്. അപ്പോൾ അടുത്തതായി ഭക്ഷണത്തിൽ കൂടുതലായി ചേർക്കേണ്ടത് പ്രോടീനുകളെയാണ്. ഒരു 20-25 % വരെ. ഇനി വേണ്ടത് കൊഴുപ്പാണ്. പലരുടെയും വിചാരം കൊഴുപ്പ് ശരീരത്തിന് നല്ലതല്ല എന്നാണ്. അത് ശെരിയല്ല. നല്ല കൊഴുപ്പുകളും ഹാനികരങ്ങളായ കൊഴുപ്പുകളുമുണ്ട്. ഇതിൽ നല്ല കൊഴുപ്പുകൾ ശരീരത്തിന് അത്യവശ്യമാണ്, നമ്മുടെ കോശങ്ങളുടെയും മറ്റും ഘടന നിലനിർത്താനും പല പ്രധാനപ്പെട്ട ഹോര്മോണുകളുടെ ഉത്പാദനത്തിനും കൊഴുപ്പുകൾ അത്യന്താപേക്ഷിതമാണ്. അതുകൊണ്ടു ഒരു  10-15 % വരെ ഭക്ഷണത്തിൽ നല്ല കൊഴുപ്പുകൾ ഉൾപ്പെടുത്തണം. മേമ്പൊടിയായി വൈറ്റമിനുകളും ധാതുലവങ്ങളും കൂടി ആകുമ്പോൾ സമീകൃതാഹാരം റെഡി! ഇതൊക്കെ എവിടെ നിന്നാണ് നമുക്ക് കിട്ടുന്നത്? ധാന്യങ്ങളും കിഴങ്ങു വര്ഗങ്ങളുമാണ് അന്നജത്തിന്റെ സ്രോതസ്സുകൾ. പയറുവർഗ്ഗങ്ങൾ , പാൽ, മുട്ട, മാംസം എന്നിവയാണ് പ്രൊടീന്റെ കലവറകൾ. അതുപോലെ തേങ്ങ, എണ്ണയുൽപന്നങ്ങൾ എന്നിവ നമുക്ക് വേണ്ട കൊഴുപ്പും നൽകുന്നു. ഇലക്കറികളും പച്ചക്കറികളും വൈറ്റമിന്റെ സ്രോതസ്സുകളാണ്. അതുപോലെ പഴവര്ഗങ്ങള് നമുക്ക് വേണ്ട ധാതുലവണങ്ങളും തരുന്നു.

എങ്ങിനെ കുട്ടികൾക്കായി സമീകൃതാഹാരം തയ്യാറാക്കാം? 

പലരും വിചാരിക്കുന്ന പോലെ ഈ സമീകൃതാഹാരം കഷ്ടപ്പെട്ട് തയ്യാറാക്കേണ്ടതൊന്നുമില്ല. നമ്മൾ ദൈനം ദിനം കഴിച്ചു വന്നിരുന്ന നമ്മുടെ നാടൻ ഭക്ഷണങ്ങൾ തന്നെ  ധാരാളം. നമ്മുടെ പഴമക്കാർ ഓരോ വിഭവങ്ങളും തയ്യാറാക്കിയിരുന്നത് ഇത്തരത്തിൽ തന്നെയായിരുന്നു. എത്രയോ ഉദാഹരണങ്ങൾ  ഞാൻ തരാം. നമ്മൾ പ്രാതലിനായി കഴിക്കുന്ന വിഭവങ്ങൾ തന്നെ നോക്കാം, പുട്ടും കടലയും എടുക്കൂ, പുട്ടുണ്ടാക്കുന്നത് അധികവും അരിയും ഗോതമ്പും ചോളവും ഒക്കെ കൊണ്ടല്ലേ? ഈ വക ധാന്യങ്ങൾ എന്താണ്, നമ്മുടെ അന്നജം തന്നെ! കൂടെ കഴിക്കുന്ന കടല, നല്ല ഒന്നാന്തരം പ്രോടീൻ നൽകുന്ന പയറുവർഗ്ഗമാണ്. പുട്ടിന്റെ കൂടെ ഇടുന്ന തേങ്ങയിൽ വേണ്ടത്ര നല്ല കൊഴുപ്പുകളും പ്രൊറ്റീനും അടങ്ങിയിരിക്കുന്നു. ഇനി ഇഡ്ഡലിയും ചമ്മന്തിയുമെടുക്കൂ, ഇഡ്ഡലി ഉണ്ടാക്കുന്നത് അറിയും ഉഴുന്നും കൊണ്ടാണ്. അരിയിൽ അന്നജവും ഉഴുന്നിൽ വേണ്ടത്ര പ്രോടീനുമുണ്ട്. ചമ്മന്തി ഉണ്ടാക്കുന്ന തേങ്ങയിൽ മേല്പറഞ്ഞ പോലെ കൊഴുപ്പും പ്രൊറ്റീനും ധാരാളം. പിന്നെ ഇതിനു പുറമെ നാട്ടിൻപുറങ്ങളിൽ കിട്ടുന്ന പഴവര്ഗങ്ങളിൽ നിന്ന്, വേണ്ടത്ര വൈറ്റമിനുകളും ധാതു ലവണങ്ങളും നമുക്ക് കിട്ടുന്നു.ഇപ്പോൾ പറയൂ, സമീകൃതാഹാരം തേടി നമ്മൾ അലയേണ്ടതുണ്ടോ? 

പക്ഷെ ഇന്നത്തെ നമ്മുടെ കുഴപ്പം എന്താണെന്നോ, പഴമയോടുള്ള പുച്ഛം! കൂടുതൽ മോഡേൺ ആവാനുള്ള ഓട്ടത്തിൽ നമ്മൾ നമ്മുടെ പഴയ നാടൻ ഭക്ഷണരീതികൾ മറന്നു. അവയെ നമ്മുടെ കുട്ടികൾക്ക് പരിചയപ്പെടുത്താൻ മടിക്കുന്നു. വിപണിയിൽ കിട്ടുന്ന വില കൂടിയ മുന്തിയ ഉത്പന്നങ്ങളിലാണ് സ്വന്തം കുഞ്ഞിന്റെ ആരോഗ്യം അത്രയുമിരിക്കുന്നത് എന്ന മിഥ്യാധാരണയിലാണ് അധിക അമ്മമാരും!

നമ്മുടെ കുഞ്ഞുങ്ങളിൽ ഇപ്പോൾ സംഭവിക്കുന്നതെന്ത്? 

നിങ്ങൾക്കറിയാമോ, ഇന്ന് തൂക്കക്കുറവിനേക്കാൾ വലിയ പ്രശ്നമായിരിക്കുകയാണ് കുട്ടികളിലെ പൊണ്ണത്തടി. പ്രമേഹവും, രക്തസമ്മർദ്ദവും കൊലെസ്റ്റെറോളുമൊക്കെ ഇന്ന് കുട്ടികളിലും കണ്ടു തുടങ്ങിയിരിക്കുന്നു. ഭക്ഷണ ദൗർലഭ്യം പോലെ തന്നെ പ്രശ്നക്കാരനായിരിക്കുകയാണ് അമിതഭക്ഷണവും!  ആരോഗ്യകരമായ ഭക്ഷണങ്ങൾ ഉപേക്ഷിച്ചു മറ്റു പല തെറ്റായ ഭക്ഷണരീതികൾ ശീലിപ്പിക്കുന്നതാണ് ഇതിന്റെ മൂലകാരണം. ദാരിദ്ര്യം മൂലം ഭക്ഷണമില്ലാതെ തൂക്കക്കുറവിലേക്കു പോകുന്ന കുട്ടികൾ ധാരാളമുള്ള നാടാണ് നമ്മുടെ ഭാരതം. അവരെ നമുക്ക് മാറ്റി നിർത്താം. എന്നാൽ കേരളത്തിൽ കാണുന്ന അധികാശതമാനം തൂക്കക്കുറവിനും കാരണം തെറ്റായ ഭക്ഷണക്രമമാണ്.

ഇത് കുട്ടികളിൽ വരുത്തുന്ന മാറ്റമെന്ത്?

ആദ്യം തൂക്കകുറവുണ്ടാക്കുന്നതെങ്ങിനെ എന്ന് പറയാം. ഞാൻ തുടക്കത്തിൽ പറഞ്ഞ അമ്മയെപ്പോലെ, അധികം പേരും വിശ്വസിക്കുന്നത് കുട്ടിക്ക് ഏറ്റവും ഉത്തമാഹാരം “പൊടികൾ” ആണെന്നാണ്. അതായത് പാലിലും മറ്റും കലക്കി കൊടുക്കുന്ന , പരസ്യത്തിൽ കാണിക്കുന്ന ‘മിടുക്കനും മിടുക്കിയും ‘ കഴിക്കുന്ന പൊടികൾ! അതെല്ലാം കൊടുത്താൽ എല്ലാമായി എന്ന തെറ്റിദ്ധാരണ ആണ് ഇതിനടിസ്ഥാനം. അതെല്ലാം വാങ്ങിക്കാൻ വലിയൊരു തുകയും ഈ പാവങ്ങൾ ചിലവഴിക്കും. ദയവു ചെയ്തു ഒന്ന് മനസ്സിലാക്കൂ, നിങ്ങൾ വീട്ടിൽ പാകം ചെയ്തു കൊടുക്കുന്ന ഭക്ഷണത്തിന്റെ അത്ര മേന്മ വേറൊന്നിനും വരില്ല. പ്രത്യേകിച്ച് അതിൽ നിങ്ങൾ നിങ്ങളുടെ സ്നേഹം കൂടി കൂട്ടി കൊടുക്കുമ്പോൾ! ബേക്കറികളിൽ നിന്നും മറ്റും വാങ്ങിക്കൊണ്ടു വരുന്ന ബിസ്‌കറ്റുകളും റസ്കുകളും മറ്റുമാണ് പല കുട്ടികളുടെയും പ്രധാനഭക്ഷണം. മൈദയാണ് ഇതിന്റെയെല്ലാം പ്രധാന  ചേരുവ, ഇത് എങ്ങിനെയാണ് നിങ്ങളുടെ കുട്ടിയുടെ ആരോഗ്യത്തിനു സഹായിക്കുക? അത് പോലെയാണ്, ഇന്ന് വൈകീട്ട് ചായയുടെ കൂടെയുള്ള ശീലങ്ങളും. പണ്ട് നമ്മുടെ അമ്മമാർ പഴംപൊരിയും കൊഴുക്കട്ടയും അവൽ നനച്ചതുമൊക്കെയാണ് തന്നിരുന്നതെങ്കിൽ ഇന്നത്തെ അമ്മമാർ നൂഡിൽ സിലും പാസ്തയിലുമൊക്കെയാണ് അഭയം പ്രാപിച്ചിരിക്കുന്നത്! ശെരിയാണ്, എളുപ്പമാണ് ഇതൊക്കെ ഉണ്ടാക്കാൻ. നിങ്ങളുടെ കുട്ടി സ്വാദോടെ കഴിക്കുകയും ചെയ്യും. പക്ഷെ ഇതൊക്കെ അവന്റെ/ അവളുടെ ആരോഗ്യത്തെ എത്രകണ്ട് മോശമാക്കുമെന്നു ചിന്തിച്ചിട്ടുണ്ടോ? ഇതിലെല്ലാം വലിയ അളവിൽ ചേർക്കുന്ന മസാല ചേരുവകളും മറ്റും കുട്ടികളിൽ വയറെരിച്ചിലും , കാലക്രമേണ അൾസർ പോലെയുള്ള അസുഖങ്ങൾക്ക് വരെ കാരണമാകുന്നു. ഇത്തരത്തിലുള്ള ആഹാരപദാർത്ഥങ്ങൾ  കുട്ടിയുടെ വിശപ്പിനെ ഇല്ലാതാക്കും. എന്നാൽ പോഷകാംശങ്ങളുടെ ആവശ്യകതയെ പരിഹരിക്കില്ല. തൽഫലമായി, കുട്ടി മറ്റു നല്ല ഭക്ഷണങ്ങളോട് വിമുഖത കാണിച്ചു തുടങ്ങും.  ശരീരത്തിന് ആവശ്യമായ പോഷകഘടകങ്ങൾ ഒന്നും തന്നെ കിട്ടാതെ കുട്ടി പലതരത്തിലുമുള്ള പോഷകാധൗര്ലഭ്യത്തിലേക്കും നീങ്ങുന്നു. ഇത് അവരുടെ വളർച്ചയെ മുരടിപ്പിക്കുന്നു. ആദ്യം കുറയുന്നത് തൂക്കമാണ്, ക്രമേണ ഉയരവും മുരടിക്കുന്നു.

ഇനി പൊണ്ണത്തടിയുടെ കാര്യമെടുക്കാം. ഇത് കാണുന്നത് കൂടുതലായും ഫാസ്റ്റ് ഫുഡിനെ ആശ്രയിക്കുന്നവരിലാണ്. ഇവർ കഴിക്കുന്ന പിസയിലും ബർഗറിലും കോളയിലുമെല്ലാം അമിത അളവിൽ കൊഴുപ്പും പഞ്ചസാരയും അടങ്ങിയിട്ടുണ്ട്. അമിതമായി ശരീരത്തിലെത്തുന്ന ഈ ഘടകങ്ങളെ കരൾ കൊഴുപ്പായി ശരീരത്തിൽ ശേഖരിക്കുന്നു. തൽഫലമായി ആ കുട്ടിയുടെ ശരീരഭാരം വർധിക്കുകയും പൊണ്ണത്തടിയിൽ കലാശിക്കുകയും ചെയ്യുന്നു. ഇത് കാലക്രമേണ വേറെ പല പ്രശ്നങ്ങളിലേക്കും നയിക്കും, ഉദാഹരണത്തിനു, അമിതകൊഴുപ്പു കരളിലും അടിഞ്ഞു കൂടി ഫാറ്റി ലിവർ എന്ന അവസ്ഥയിലേക്ക് നീങ്ങും, കൂടാതെ ഇവർ ഭാവിയിൽ ഹൃദ്രോഗികളും ബി,പി / ഷുഗർ എന്നീ അവസ്ഥകളിലേക്കും നീങ്ങുന്നതായും തെളിയിക്കപ്പെട്ടിട്ടുണ്ട്. കുട്ടികളിലെ വ്യായാമക്കുറവും , കൂടുതൽ സമയം ടി.വി / മൊബൈൽ/ കമ്പ്യൂട്ടർ ഗെയിം എന്നിവയുടെ ഉപയോഗവുമെല്ലാം പൊണ്ണത്തടിക്കുള്ള മറ്റു കാരണങ്ങളാണ്.

അപ്പോൾ എന്താണ് ഇതിനൊരു പരിഹാരം? 

1. നമ്മുടെ പരമ്പരാഗത ഭക്ഷണരീതികളെ  പാടെ ഉപേക്ഷിക്കാതിരിക്കുക.

2. പുറം രാജ്യക്കാരുടെ “മോഡേൺ ഭക്ഷണരീതികൾ ” അന്ധമായി അനുകരിക്കാതിരിക്കുക.

3. വീട്ടിൽ പാകം ചെയ്യുന്ന ഭക്ഷണങ്ങൾ നൽകി മക്കളെ വളർത്തുക 

4. ഫാസ്റ്റ് ഫുഡ് സംസ്കാരം കഴിവതും ഒഴിവാക്കുക.

5. പരസ്യങ്ങളിൽ മയങ്ങി വിപണികളിൽ കാണുന്ന ഉത്പന്നങ്ങൾ എല്ലാം വാങ്ങി ഉപയോഗിക്കാതിരിക്കുക. 

6. വീട്ടിൽ എല്ലാവരും കഴിക്കുന്ന ഭക്ഷണത്തിൽ അന്നജം, പ്രോടീൻ, കൊഴുപ്പ്, വൈറ്റമിനുകൾ, ധാതുലവണങ്ങൾ എന്നിവയെല്ലാം അടങ്ങിയിട്ടില്ലേ എന്ന് ഉറപ്പു വരുത്തുക 

7. പഴവര്ഗങ്ങളും പച്ചക്കറികളും ഭക്ഷണത്തിന്റെ ഭാഗമാക്കുക 

8.വാസന  ദിവസേന ഒരു മുട്ട കൊടുക്കാൻ ശ്രമിക്കുക.

9.. ധാരാളം വെള്ളം കുടിക്കുക 

10. കുട്ടികളെ പുറത്തു കളിയ്ക്കാൻ വിടുക, അവർ വെയിലും മഴയും കൊണ്ട് വളരട്ടെ!

സ്വന്തം അമ്മയുടെ കൈകൊണ്ടുണ്ടാക്കിയതിലും വലിയ അമൃതം ലോകത്തു വേറൊന്നില്ല  തന്നെ!

Sorry! The Author has not filled his profile.
Share

Leave a Reply

Your email address will not be published. Required fields are marked *