ചില ആർത്തവസമസ്യകൾ

മനുഷ്യരിലല്ലാതെ മറ്റു ജീവികളിൽ ആർത്തവചക്രമുണ്ടോ എന്നത് ഒരു സ്വാഭാവിക സംശയമാണ്‌. കുഞ്ഞുങ്ങൾക്ക് നേരിട്ട് ജന്മം നൽകുന്ന മൃഗങ്ങളെ സസ്തനികൾ എന്ന ഗണത്തിലാണല്ലോ ഉൾപ്പെടുത്തുന്നത്. എന്നാൽ മിക്ക സസ്തനികളിലും ആർത്തവചക്രത്തെ പോലൊന്നില്ല. മനുഷ്യന് പുറമേ, ആർത്തവചക്രമുള്ളത് മനുഷ്യനുൾപ്പെടുന്ന പ്രൈമേറ്റ്റ്‌സ് എന്ന വിഭാഗത്തിലെ ചില ആൾക്കുരങ്ങുകളിലും, അപൂർവം ചിലയിനം മറ്റ് കുരങ്ങുകളിലുമാണ്. 

പരിണാമത്തിൽ വേറെ തന്നെ വംശപരമ്പരയായ, ചിലയിനം വവ്വാലുകളിലും, ‘എലിഫന്റ് ഷ്രൂ’ എന്നറിയപ്പെടുന്ന ഒരു ചെറു സസ്തനിയിലും ആർത്തവചക്രമുണ്ട്. മനുഷ്യരോളം പ്രകടമായ രക്തസ്രാവം ഇല്ലെങ്കിലും, വവ്വാലുകളിൽ ഏതാണ്ട് ഇരുപത്തിയേഴോളം ദിവസത്തിലുള്ള, നാലഞ്ചു ദിവസമൊക്കെ നീണ്ടു നിൽക്കുന്ന ആർത്തവചക്രം തന്നെയാണെന്നത് ഒരതിശയം തന്നെയാണ്. 

ബീജസങ്കലനമുണ്ടായാൽ, ജീവന്റെ ആദ്യകോശത്തെ സ്വീകരിക്കാൻ മിക്ക സസ്തനികളിലും, ഗർഭപാത്രം സാഹചര്യമൊരുക്കി വെയ്ക്കാറുണ്ട്. ഗർഭപാത്രത്തിൽ ഇതിനായി തയ്യാറാവുന്ന ഉൾപ്പാളികൾ, ഉദ്ദിഷ്ട കടമ നിറവേറ്റേണ്ടി വന്നില്ലെങ്കിൽ,പൂർണ്ണമായും പുറന്തള്ളപ്പെടുന്നതാണല്ലോ ആർത്തവം. അപ്പോൾ മനുഷ്യനല്ലാത്ത മറ്റ് സസ്തനികളിൽ എന്തു സംഭവിക്കുന്നു? മിക്ക സസ്തനികളിലും, ആ പാളികൾ പുറന്തള്ളാതെ,തിരിച്ചു ശരീരത്തിലേക്ക് വലിച്ചെടുക്കുകയാണ് ചെയ്യുന്നത്. 

എന്തു കൊണ്ട് സസ്തനികളിൽ തന്നെയിങ്ങനെ രണ്ട് രീതികൾ എന്നതിന് പല ശാസ്ത്രീയ വിശദീകരണങ്ങൾ നൽകാൻ, പലരും ശ്രമിക്കാറുണ്ട്. അതിലൊന്ന്, ഭ്രൂണത്തിൽ നിന്നും, മാതൃ ശരീരം സ്വയംരക്ഷ ഉറപ്പുവരുത്തുന്നതിന്റെ പരിണതഫലമാണ് ആർത്തവം എന്നതാണ്. സസ്തനികളിൽ, ഗർഭാശയത്തിന്റെ ഉൾപ്പാളികളിൽ വന്നു പറ്റുന്ന ഭ്രൂണ കോശങ്ങൾ, അതിലേക്ക് ആഴ്ന്നിറങ്ങുന്നത് പലവിധമാണ്. പശു, കുതിര, പന്നി എന്നിവയുടെ ഭ്രൂണങ്ങൾ ഗർഭാശയാവരണത്തിന്റെ ഉൾപ്രതലത്തിൽ മാത്രം പറ്റി നിൽക്കുമ്പോൾ, പൂച്ചയുടെയും പട്ടിയുടെയും ഭ്രൂണങ്ങൾ കുറച്ചുകൂടി ആഴത്തിലേക്ക് ഇറങ്ങുന്നു. എന്നാൽ മനുഷ്യനടങ്ങുന്ന പ്രൈമേറ്റുകൾ ഭ്രൂണങ്ങൾ ഉൾപ്പാളികളെ ആഴത്തിൽ തുരന്നിറങ്ങി, മാതൃ രക്തത്തിൽ നേരിട്ട് മുങ്ങി നിൽക്കുവാനിഷ്ടപ്പെടുന്നു. ഇതിനാൽ തന്നെ, വളരെ കട്ടിയുള്ള പാളികൾ മനുഷ്യൻ അടങ്ങുന്ന പ്രൈമേറ്റുകൾക്ക്, തങ്ങളുടെ ഭ്രൂണങ്ങളിൽ നിന്ന് സ്വയം രക്ഷ നേടാൻ അനിവാര്യമാണെന്നും, കട്ടിയുള്ള പാളികൾ തിരിച്ച് വലിച്ചെടുക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ അവ പുറന്തള്ളപ്പെടുന്നു എന്നുമാണ് ഒരു സിദ്ധാന്തം. ഇതെല്ലാം മുൻനിശ്‌ചയിക്കപ്പെട്ട പോലെ ഉണ്ടായി എന്നല്ല, പക്ഷെ ആകസ്മികമായി ഭ്രൂണവളർച്ചയിൽ വന്നു ഭവിച്ച ഒരു പരിണാമമാറ്റത്തിന്റെ ഫലമായാണ് നമ്മുക്ക് മാത്രം ആർത്തവം വന്നു ചേർന്നതത്രെ.

ഒരു പെൺകുഞ്ഞ് ജനിക്കുന്നത്, ജീവിതകാലത്ത്, താൻ പുറപ്പെടുവിക്കാൻ പോവുന്ന എല്ലാ അണ്ഡങ്ങളും പേറിക്കൊണ്ടാണ്. കൗമാരദശയിൽ മാത്രം ബീജോദ്പാദനം, തുടങ്ങുന്ന ആണ്കുഞ്ഞുങ്ങളിൽ നിന്നും ഇത് ഏറെ വ്യത്യസ്തമാണ്. കൗമാരദശയോടെ, സ്ത്രീഹോർമോണുകൾക്ക് മാസത്തിൽ ഒരിക്കൽ എന്ന രീതിയിൽ, ഒരു കുതിച്ചു ചാട്ടമുണ്ടാവാൻ തുടങ്ങും. ഇതിൻറെ സ്വാധീനത്തിൽ, അണ്ഡാശയത്തിലെ അണ്ഡകോശങ്ങളിലൊന്ന്, മറ്റുള്ളവയേക്കാൾ വികസിച്ച് മാസത്തിലൊരിക്കൽ പുറത്തെത്തുന്നു. ഇതിനു ശേഷമുള്ള രണ്ടാഴ്ച്ചയോളം, ബീജാണ്ഡ സങ്കലനത്തിനായി ഗർഭാശയത്തിന്റെ ഉള്ളാവരണം കാത്തിരിക്കുന്നു. അത് നടക്കാത്ത പക്ഷം, തുടർന്നും നിലനിന്നു പോവാനുള്ള ഹോർമോൺ പിന്തുണ നൽകേണ്ട, ഭ്രൂണകോശത്തിന്റെ അഭാവത്തിൽ, ഉൽപ്പാളികൾ പിൻവലിഞ്ഞ് പുറന്തള്ളപ്പെടുന്നു. 

ആർത്തവത്തിന് അശുദ്ദിയുടെ പരിവേഷം പുരാതനകാലം മുതലെയുണ്ട്.ശരീരം പുറന്തള്ളുന്നതെന്തും അശുദ്ധമാണെന്ന ചിന്തയിൽ നിന്നുടലെടുത്തതാവണമത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, ഈ ‘അശുദ്ധി’വാദം ശാസ്ത്രീയമായി തെളിയിക്കാൻ പലരും ശ്രമിച്ചിരുന്നു. ആർത്തവത്തിലൂടെ കടന്നു പോവുന്ന സ്ത്രീ, തൊടുന്ന പൂക്കൾ വാടിപ്പോവുമെന്ന് തെളിയിക്കാൻ ശ്രമിച്ചത് 1920ൽ ബെല ഷിക്ക് എന്ന ഭിഷഗ്വരനാണ് . ‘മെനോടോക്സിൻസ്’ എന്ന വിഷവസ്തുവാണ് ഇതിനു കാരണമെന്നായിരുന്നു അദ്ദേഹത്തിന്റെ സിദ്ധാന്തം. അത് ആർത്തവമുള്ള സ്ത്രീയുടെ വിയർപ്പിൽ വരെയുണ്ടെന്നും, ഇത് മൂലം രജസ്വലയായ സ്ത്രീ തയ്യാറാക്കുന്ന മാവ് പൊന്തുകയില്ലെന്നും, അവൾ കൈകാര്യം ചെയ്യുന്ന മദ്യത്തിന്റെയും, വീഞ്ഞിന്റെയും, അച്ചാറുകളെയും മേന്മ കുറയ്ക്കുമെന്നുമായിരുന്നു പഠനങ്ങൾ. വികലമായ പഠനരീതികൾ ഉപയോഗിച്ചു നടത്തിയ പഠനങ്ങൾ ആയിരുന്നത് കൊണ്ടാണ്, അന്നത്തെ അന്ധവിശ്വാസങ്ങളെ സാധൂകരിക്കുന്ന ഫലങ്ങൾ കിട്ടിയതെന്ന് പിൽക്കാലത്ത് തെളിയിക്കപ്പെട്ടു. 

1993ലാണ് ആർത്തവത്തെക്കുറിച്ചു മറ്റൊരു ‘അശുദ്ധവാദം’ ഉന്നയിക്കപ്പെട്ടത്. ഇത്തവണ സ്ത്രീയുടെതല്ല, പുരുഷന്റെ അശുദ്ധിയാണ് പ്രശ്നമെന്നായിരുന്നു സിദ്ധാന്തം! ബീജം വഴിയെത്തുന്ന രോഗാണുക്കളെ, ശുദ്ദീകരിക്കാനുള്ള ഗർഭാശയത്തിന്റെ പ്രക്രിയയാണ് ആർത്തവം എന്നും, അത് കൊണ്ട് തന്നെ, പല ലൈംഗിക പങ്കാളികൾ ഉള്ളവർക്ക് മറ്റുള്ളവരെക്കാൾ ആർത്തവമുണ്ടാവുമെന്നും കാലിഫോർണിയ ബെർക്ക്‌ലി സർവകലാശാലയിലെ മാർഗി പ്രോഫറ്റ് ഉന്നയിച്ചു. സദാചാരവും, അശുദ്ദിയുമൊക്കെ ആർത്തവത്തോട് ബന്ധപ്പെടുത്തുമ്പോൾ, പൊതുബോധത്തിനു അതംഗീകരിക്കാൻ താൽപര്യം കൂടുമെന്നത് കൊണ്ടാവാം, ഈ സിദ്ധാന്തം ഏറെ മാധ്യമശ്രദ്ധ നേടിയിരുന്നു. പക്ഷെ ശാസ്ത്രലോകം ഇത്‌ പൂർണ്ണമായി തള്ളിക്കളഞ്ഞു. ഒന്നിലധികം ലൈംഗിക പങ്കാളികളുള്ളവർക്ക്, ആർത്തവത്തിൽ യാതൊരു വ്യത്യാസവുമില്ല എന്നും, ആർത്തവസമയത്താണ് ഏറ്റവും കൂടുതൽ അണുബാധയ്ക്കുള്ള സാധ്യത, അതിനു മുൻപല്ല എന്നതും ഈ വാദത്തെ ശിഥിലീകരിച്ചു. മനുഷ്യവംശമിത്രയും പുരോഗമിച്ചിട്ടും, ഇന്നും ആർത്തവത്തെ ഒരു സ്വാഭാവിക ജൈവിക പ്രക്രിയയായി കാണാൻ പല സമൂഹങ്ങൾക്കും സാധിക്കുന്നില്ല എന്നതാണ് വസ്തുത. 

തങ്ങളുടെ പ്രജനന കാലയളവിൽ ഏറിയ ഭാഗവും, അടുത്തടുത്തുള്ള ഗർഭവും, മുലയൂട്ടലുമായി കഴിച്ചു കൂടിയിരുന്ന ആദിമസ്ത്രീകൾ, വളരെ കുറച്ചു ആർത്തവചക്രങ്ങൾ മാത്രമേ ജീവിതത്തിൽ അനുഭവിക്കേണ്ടി വന്നിരുന്നുള്ളൂ. ശാസ്ത്രപുരോഗതിയും, സാമൂഹികമുന്നേറ്റവും ആധുനികസ്ത്രീയെ തന്റെ പ്രജനനത്തെ സ്വയം നിയന്തിക്കാൻ പ്രാപ്‌തയാക്കി. ഇതിന്റെ പരിണതഫലമായി, അവൾ കടന്നുപോകേണ്ട ആർത്തവ ചക്രങ്ങളുടെയെണ്ണം ഗണ്യമായി കൂടി. ആദിമസ്ത്രീ നൂറോളം ആർത്തവങ്ങളിലൂടെ കടന്നു പോയെങ്കിൽ, ആധുനികസ്‌ത്രീ നാന്നൂറോ അഞ്ഞൂറോ ആർത്തവചക്രങ്ങളിലൂടെ കടന്നു പോവുന്നു. എണ്ണം കൂടിയെങ്കിലും, അത് ജീവിതനിലവാരത്തെ ബാധിക്കാത്ത രീതിയിലുള്ള ഒരു സ്വാഭാവിക പ്രക്രിയയായി തീർക്കാൻ ഇന്ന് പല ഉപാധികളുമുണ്ട്. 

മനുഷ്യനോട് അടുത്തു നിൽക്കാത്ത, ഒട്ടും സാമ്യമില്ലാത്ത, തീർത്തും വ്യത്യസ്തമായ വംശാവലിയിൽ പെട്ട വവ്വാലുകൾക്ക്, പരിണാമത്തിൽ ആർത്തവം എങ്ങനെ വന്നെന്നത് ഒരു ശാസ്ത്രസമസ്യയാണ്. തീണ്ടാരിപ്പുരകളുടെ ഇരുട്ടിൽ നിന്നും, പുരോഗമനത്തിന്റെ വെളിച്ചത്തിലേക്ക് ഇനിയുമെത്താത്ത മനുഷ്യസമൂഹങ്ങളും, ആർത്തവത്തെയും അശുദ്ധിയെയും ഇനിയും വേർതിരിച്ചു ചിന്തിക്കാനാവാത്ത മനുഷ്യരും ഇന്നുമുണ്ടെന്നത് അതിലേറെ സങ്കീർണ്ണമായൊരു സമസ്യയാണ്..

ഡോ. നവ്യ തൈക്കാട്ടിൽ 

അസിസ്റ്റന്റ് സർജൻ 

കുടുംബാരോഗ്യ കേന്ദ്രം, 

പരപ്പനങ്ങാടി

Sorry! The Author has not filled his profile.
Share

One Reply to “ചില ആർത്തവസമസ്യകൾ”

Leave a Reply

Your email address will not be published. Required fields are marked *