ഇന്ത്യയിൽ ജനിതകപഠനങ്ങൾ പുതിയ തലത്തിലേക്ക്

ഒരാളിന്റെ ശരിയായ ജാതകം അയാളുടെ ജനിതകഘടനയാണ്. ജനിതകഘടന എന്താണെന്ന ഏകദേശംബോധം ഇന്ന് നമ്മുടെ ജനങ്ങളിൽ മിക്കവർക്കുമുണ്ട്. നമ്മുടെ കോശങ്ങൾക്കുള്ളിൽ നമ്മളെ സംബന്ധിച്ച വിവരശേഖരം ജീനുകളുടെ രൂപത്തിൽ നമ്മുടെ ഡി എൻ എ കളിൽ ശേഖരിച്ചിരിക്കുന്നു. കോശമർമ്മത്തിനുള്ളിൽ ഹിസ്റ്റോണുകൾ എന്ന പ്രോട്ടീനുകളിൽ പൊതിഞ്ഞ് സുഭദ്രമാക്കപ്പെട്ട നിലയിൽ ഈ വിവരശേഖരം ഉറങ്ങിക്കിടക്കുകയാണ്. നമ്മളെ നമ്മളാക്കുന്ന കോഡുകളാണ് നമ്മുടെ ഡി എൻ എ തന്മാത്രകളിൽ സംഭരിക്കപ്പെട്ടിരിക്കുന്നത്. എപ്പോഴൊക്കെ ശാരീരികപ്രവർത്തനങ്ങൾക്കായി കോശത്തിന് ഈ വിവരശേഖരത്തിൽ കൈവയ്‌ക്കേണമോ അപ്പോഴൊക്കെ നമ്മുടെ കോശങ്ങൾ പ്രോട്ടീൻ പൂട്ടുകൾ അഴിച്ച് ഡി എൻ എ യിലെ കോഡുകൾ പരിശോധിക്കുകയും അവയെ ഉപയോഗിക്കുകയും ചെയ്യുന്നു.

ഇന്ന് ലോകത്തവശേഷിക്കുന്ന മാനവസമൂഹം ഉരുവംകൊണ്ടത് ആഫ്രിക്കയിലാണെന്ന് ആധുനികജനിതകപഠനങ്ങൾ തെളിയിക്കുന്നു. കഴിഞ്ഞ രണ്ടുലക്ഷം വർഷങ്ങൾക്കും മൂന്നുലക്ഷം വർഷങ്ങൾക്കുമിടയിൽ ആഫ്രിക്കയിൽ വച്ച് മനുഷ്യന്റെ ആദിമരൂപത്തിൽനിന്നും പടിപടിയായി ഇന്ന് കാണുന്ന രൂപത്തിലേക്ക് മാനവർ പരിണമിക്കപ്പെട്ടു എന്ന് ശാസ്ത്രീയമായ തെളിവുകൾ സൂചിപ്പിക്കുന്നു. ഈ മാനവകുലത്തിന്റെ പല ശാഖകളിൽവച്ച് ബൗദ്ധികമായ പുരോഗതി കൂടുതൽ പ്രകടിപ്പിച്ച ഇന്നത്തെ മാനവന്റെ ആഫ്രിക്കയിലെ മുൻഗാമികൾ പല കാലഘട്ടങ്ങളിലായി ആഫ്രിക്കൻ ഭൂമികകളെ തരണം ചെയ്ത് ലോകത്തിന്റെ പലഭാഗത്തും എത്തിയിട്ടുണ്ട്. അവയിൽ, കഴിഞ്ഞ ഒരു ലക്ഷം വർഷങ്ങൾക്കും അൻപതിനായിരം വർഷങ്ങൾക്കുമിടയിൽ ആഫ്രിക്കയിൽനിന്നും പുറത്തേയ്ക്കുപോന്ന കുറെ മനുഷ്യർ, പാരമ്പര്യമായി ആഫ്രിക്കയ്ക്ക് പുറത്തുള്ള എല്ലാ സമൂഹങ്ങളുടെയും മുൻഗാമികളായി മാറി.

ഇത്തരത്തിൽ ലോകമാകെ വ്യാപിച്ച ആധുനികമാനവസമൂഹം ആദികാലങ്ങളിൽ പലയിടങ്ങളിലും നടന്നും കുടിയിരുന്നുമായിരുന്നു ലോകത്തിന്റെ ഓരോ ഇടങ്ങളിലേക്കും മുന്നേറിയത്. ആ യാത്രയിൽ ആധുനികമാനവൻ അവനുംമുന്നേ ആഫ്രിക്കവിട്ട ആദിമാനവപൂർവികരുടെ പിൻഗാമികളെ കണ്ടെത്തുകയും അവരുമായി പലപ്പോഴും മിശ്രണപ്പെടുകയും ചെയ്തു. നമ്മളിന്ന് ഹോമോ സാപ്പിയൻ എന്ന് വിളിക്കുന്ന ആധുനികമാനവനുമായി ഇത്തരത്തിൽ മിശ്രണം ചെയ്തവരിൽ നിയാണ്ടർത്താൽ മനുഷ്യരും ഡെനിസോവൻ മനുഷ്യരും ഉൾപ്പെടുന്നു. ഇക്കാരണത്താൽ ഇന്ന് ആഫ്രിക്കയ്ക്ക് വെളിയിലുള്ള മനുഷ്യസമൂഹത്തിൽ മിക്കവരിലും നിയാണ്ടർത്താൽ മനുഷ്യന്റെയോ ഡെനിസോവൻ മനുഷ്യരുടെയോ അല്ലെങ്കിൽ ഇവർ രണ്ടുകൂട്ടരുടെയൊമോ ജനതാകാംശങ്ങൾ വിലയിച്ചുകിടക്കുന്നു. പരസ്പരമിശ്രണം എന്നത് മനുഷ്യന്റെ ഒരടിസ്ഥാനസ്വഭാവമായി പതിനായിരക്കണക്കിൽ വർഷങ്ങളോളം നിലനിന്നിട്ടുണ്ട്.

എന്നാൽ ഏതാണ്ട് കഴിഞ്ഞ മൂവായിരം തൊട്ട് രണ്ടായിരം വരെ വർഷങ്ങൾക്കിടയിലും പിന്നീടും മനുഷ്യർ അവരവർ കുടിയേറിച്ചെന്ന ഇടങ്ങളിൽ പാർപ്പുറപ്പിച്ചശേഷം തങ്ങളുടെ കൂട്ടങ്ങളെ പ്രത്യേകം സമൂഹങ്ങളായി അടയാളപ്പെടുത്തുകയും ആ സമൂഹങ്ങൾക്കുള്ളിൽ നിന്നും മാത്രം ഇണകളെ കണ്ടെത്തുന്ന രീതി അവലംബിക്കുകയും ചെയ്യാനാരംഭിച്ചു. നമ്മളിന്ന് ഒരു ജാതിക്കകത്തുനിന്നും മാത്രം വിവാഹം എന്ന ശീലംപോലെ. ഇത്തരത്തിൽ ലോകമാസകലം മനുഷ്യർ സ്വയം സ്വന്തം സമൂഹസൃഷ്ടി നടത്തി അതിൽ മാത്രമായി ഒതുങ്ങുന്ന പ്രവണത സംഭവിച്ചിട്ടുണ്ട്. രാഷ്ട്രീയവും പുരുഷാധിപത്യപരവും മതപരവുമായ സാഹചര്യങ്ങളിലൂടെ പലയിടത്തും ഇതിനു മാറ്റം വന്നെങ്കിലും സ്വസമൂഹത്തിനുള്ളിൽനിന്നും മാത്രം ഇണയെ സ്വീകരിക്കുന്ന ശീലം ഇന്നും പലയിടത്തും തുടരുന്നുണ്ട്. ഇന്ത്യൻ പൊതുസമൂഹം, ജൂതർ, ലോകത്ത് പലയിടത്തുമുള്ള ഗോത്രസമൂഹങ്ങൾ എന്നിവയൊക്കെ ഇതിനുദാഹരണങ്ങളാണ്. ഇത്തരത്തിൽ സ്വസമൂഹവിവാഹം അതനുവർത്തിക്കുന്ന സമൂഹങ്ങൾക്കുള്ളിൽ അഭേദ്യമായ ഒരു ഐക്യം പ്രദാനം ചെയ്യുന്നുണ്ട് എങ്കിൽപ്പോലും പല സമൂഹങ്ങളിലും ഇത് ജനിതകപരമായ ദോഷങ്ങൾക്ക് കാരണമാകുന്നു. ആളുകളുടെ എണ്ണംകുറഞ്ഞ, ചെറിയ ജാതിസമൂഹങ്ങളിലും ഗോത്രസമൂഹങ്ങളിലുമാണ് ഇതിന്റെ പ്രത്യാഘാതം കൂടുതലായി അനുഭവപ്പെടുക. സ്വജാതിവിവാഹം അനുവർത്തിക്കുന്ന സമൂഹങ്ങളിലെ ആളുകളിൽ മുന്നേ നിലനിന്നതോ, പിന്നീട് ഉടലെടുക്കുന്നതോ ആയ ജനിതകവ്യതിയാനങ്ങൾക്ക് ആവൃത്തി വർദ്ധിക്കുകയും അവ രോഗകാരിയാണെങ്കിൽ രോഗമുളവാക്കാനും മേൽപ്പറഞ്ഞ ഇൻബ്രീഡിങ് ശീലം കാരണമാകുന്നു.

നമ്മുടെ നാട്ടിൽത്തന്നെ ചില ആദിവാസി വിഭാഗങ്ങളിലും അല്ലാതെയുള്ള മറ്റു ചില സമൂഹങ്ങളിലും കാണപ്പെടുന്ന അരിവാൾ രോഗം അഥവാ സിക്കിൾ സെൽ അനീമിയ ഇത്തരത്തിൽ ജനിതകവ്യതിയാനങ്ങൾ രൂപപ്പെട്ട ശേഷം രോഗമായി മാറിയതാണ്. ലോകത്തേറ്റവും ബുദ്ധിയുള്ളവരെന്ന് പലരും കരുതുന്ന ജൂതന്മാർക്കിടയിലാണ് ശക്തമായും മാരകമായും പല ജനിതകരോഗങ്ങളും കാണപ്പെടുന്നത്. റ്റേ സാക്‌സ് രോഗവും ഗോഷർ രോഗവുമുൾപ്പെടെ ജനതകഘടനാവ്യതിയാനവുമായി ബന്ധപ്പെട്ട ഏതാണ്ട് പത്തോളം രോഗങ്ങൾ അഷ്കനാസി ജൂതന്മാരിൽത്തന്നെ കാണപ്പെടുന്നു. അമേരിക്കയിൽ ഒരു ജാതിസമൂഹം പോലെ ജീവിക്കുന്ന ആമിഷ് എന്ന ക്രിസ്തീയവിഭാഗത്തിൽ ഏഞ്ചൽമാൻ രോഗം, ഹ്രസ്വകായത്വം (Dwarfism), റ്റേ സാക്‌സ് രോഗം എന്നിവ കാണുന്നുണ്ട്.

നമ്മുടെ നാട്ടിലും പല ജനിതകരോഗങ്ങളും പലരിലും കാണുന്നുണ്ട്. ഇവയിൽ പലതും തലമുറകളായി ചില സമൂഹങ്ങളിൽ കാണപ്പെടുന്നതുമാകാം. അനസ്തേഷ്യ നൽകിയാൽ ശരീരം തളരുന്ന അവസ്ഥയും ജനിതകരോഗം മൂലം ചില ഭാരതീയസമൂഹങ്ങളിൽ ഉള്ളതായി വിലയിരുത്തുന്നു. ഇന്ത്യയിലെ മിക്ക സമൂഹങ്ങളുടെയും ജനിതകഘടന അനാവരണം ചെയ്യുകയോ, അതിൽ നിന്നും ജനിതകരോഗങ്ങളെയും രോഗസാധ്യതകളെയും തിരിച്ചറിയാൻ സാധിക്കുകയോ ചെയ്തിട്ടില്ല. ഇതവരെ നടന്ന കുറെ പഠനങ്ങൾ, ഹാവാഡ് സർവ്വകലാശാലയിലെ പ്രൊഫറായ ഡോ. ഡേവിഡ് റെയ്ഷ് നടത്തിയ പഠനങ്ങളാണ്. അവയാകട്ടെ, പ്രാചീനജനിതകവുമായുള്ള താരതമ്യത്തിനായി നടത്തപ്പെട്ടതുമാണ്. ഡോ. റെയ്ഷിൻറെ പഠനങ്ങൾ വഴി ഇന്ത്യൻ ജനതയുടെയും ഇന്ത്യൻ ഭാഷകളുടെയും ആവിർഭാവത്തിന്റെ ഉറവിടങ്ങൾ കണ്ടെത്താനായി എന്നത് വാസ്തവമാണ്. എന്നാൽ നമ്മൾ അതിനുമപ്പുറത്തേയ്ക്ക് പോകേണ്ടിയിരിക്കുന്നു.

ഇന്ത്യയിൽ ആയിരക്കണക്കിൽ ജാതിവിഭാഗങ്ങൾ പല മതക്കാരായും ഗോത്രസമൂഹങ്ങളായും നിലകൊള്ളുന്നു. ഇവരിൽ മിക്കവരും കഴിഞ്ഞ മൂവായിരം തൊട്ട് ആയിരം വർഷങ്ങൾ വരെയുള്ള കാലഘട്ടത്തിനിപ്പുറം അന്യജാതിസമൂഹങ്ങളുമായുള്ള വൈവാഹികബന്ധങ്ങൾ വേണ്ടെന്നുവച്ചവരാണ്. ഇക്കാരണത്താൽ ഇന്ത്യൻ സമൂഹങ്ങളിൽ സംഭവിച്ചിട്ടുള്ള ജനിതകവ്യതിയാനങ്ങൾ ആവൃത്തിയിൽ വർദ്ധിക്കാനും ഒപ്പം പല രോഗങ്ങൾക്കും കാരണമായിത്തീർന്നിരിക്കാനും സാധ്യതയുണ്ട്. എന്നാൽ, ഈ രോഗങ്ങൾ ഏതൊക്കെയെന്നോ അവയുടെ സ്വഭാവങ്ങൾ എന്തൊക്കെയെന്നോ അവയുടെ ജീനുകളുടെ ഘടനയോ പഠനവിധേയമാക്കാനായിട്ടില്ല. ഇതിനായി ഇന്ത്യയിലെ ഓരോ സമൂഹത്തിലെയും ആളുകളുടെ ജനിതകഘടന അനാവരണം ചെയ്യുന്ന പഠനങ്ങൾ നടക്കേണ്ടിയിരിക്കുന്നു. ഒരു വിഭാഗത്തിന്റെയും പ്രാതിനിധ്യം ഉറപ്പാക്കുന്ന വിധത്തിൽ അതിൽനിന്നും ചിലരുടെ ഡി എൻ എ സാമ്പിളുകൾ എടുക്കുകയും അവയുടെ ഘടന സീക്വൻസിങ് സാങ്കേതികം വഴി അപഗ്രഥിക്കുകയുമാണ് ചെയ്യേണ്ടത്. ഇതിനായി സീക്വൻസർ മെഷീനുകൾ, കമ്പ്യൂട്ടർ പ്രോഗ്രാമുകൾ, മാത്തമറ്റിക്കൽ മോഡലിംഗ് തുടങ്ങിയ പലതിന്റെയും സഹായവും ആവശ്യമാണ്. ഇന്ന് ഇന്ത്യ ഈ മേഖലകളിൽ പഠനം നടത്താനുള്ള സാങ്കേതികജ്ഞാനം കൈവരിച്ചുകഴിഞ്ഞു.

ഇന്ത്യൻ ജനതയ്ക്കുള്ളിൽ വിവിധ സമൂഹങ്ങളിലായി രണ്ടായിരത്തിലധികം ജനിതകരോഗങ്ങൾ ഉണ്ടായേക്കാമെന്ന് കണക്കാക്കപ്പെടുന്നു. ഈ രോഗങ്ങളെയും അവയുടെ കാരണമായ ജനിതകഘടനാവ്യതിയാനത്തെയും പഠിക്കാനായാൽ ഇന്ത്യൻ മെഡിക്കൽ രംഗവും ചികിത്സയും ആരോഗ്യരക്ഷയും പുതിയ തലങ്ങളിലേക്ക് മുന്നേറും. ജനിതകചികിത്സ, ജനിതകഘടനയുടെ പ്രത്യേകത മൂലം ചില മരുന്നുകൾ ദോഷമെങ്കിൽ അവയെ ഒഴിവാക്കൽ, അടുത്ത തലമുറകളിൽ രോഗം വരുന്നത് തടയാനുള്ള മുൻകരുതൽ തുടങ്ങി പലതും അതോടെ സാധ്യമാകും. ഇതിനായുള്ള പ്രവർത്തനപദ്ധതികൾ ഇപ്പോൾ ഇന്ത്യൻ ഗവണ്മെന്റ് ആവിഷ്കരിച്ചുകഴിഞ്ഞു. ബാംഗ്ലൂരിലെ പ്രശസ്തമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ചില ഐ ഐ റ്റികൾ എന്നിവയുൾപ്പടെ ഇരുപതിലധികം സ്ഥാപനങ്ങൾ ചേർന്നാണ് ഈ വലിയ പഠനം നടത്തുക. ഇതിനു നേതൃത്വം നൽകുക ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ശാസ്ത്രജ്ഞയും നാഷണൽ ബ്രെയ്ൻ റിസർച്ച് സെന്ററിനെ ഡയറക്ടറുമായിരുന്ന ഡോ. വിജയലക്ഷ്മി രവീന്ദ്രനാഥ് ആണ്. ക്രിസ് ഗോപാലകൃഷ്ണൻ ആരംഭിച്ച സെന്റർ ഫോർ ബ്രെയ്ൻ റിസർച്ച് എന്ന സ്ഥാപനവും ഇതിൽ സഹകരിക്കും.

ഈ പഠനപദ്ധതിയിലൂടെ ഇന്ത്യയുടെ ജനിതക മാപ്പിംഗ് സാധ്യമാകും. ഇന്നുവരെ ഇന്ത്യയിലടക്കം നടന്ന മിക്ക പഠനങ്ങളും കോക്കേഷ്യൻ സമൂഹങ്ങളുടെ ജനിതകത്തെ അടിസ്ഥാനപ്പെടുത്തിയായിരുന്നു. യൂറോപ്പിലെ മഞ്ഞണിഞ്ഞ മേഖലകളിൽനിന്നും പ്രാചീനമായാ ഡി എൻ എ കേടുകൂടാതെ ലഭിച്ചതും യൂറോപ്പ് മേഖലയിലെ ആളുകൾ മടിയില്ലാതെ സ്വന്തം ഡി എൻ എ സാമ്പിളുകൾ നൽകാൻ തയ്യാറായതും അവിടങ്ങളിലെ സർക്കാരുകൾ ഇത്തരം പഠനങ്ങളെ സ്വാഗതം ചെയ്തതും കാരണമാണ് അവരുടെ പഠനങ്ങൾ കൂടുതൽ നടന്നത്. ഇനിയിപ്പോൾ നടക്കാൻ പോകുന്നത് ഇന്ത്യൻ ജനതയുടെ ജനിതകത്തിന്റെ അതിവ്യാപകമായ പഠനങ്ങളാണ്. ദ്രാവിഡജനിതകത്തിന്റെ അടിത്തറയ്ക്ക് വളെരെ പ്രാധാന്യമുള്ള ഇന്ത്യയുടെ തനതുജനതയുടെ ജനിതകാപഗ്രഥനം നടക്കുന്നത് ആരോഗ്യ- ശാസ്ത്ര മേഖലകളിൽ മാത്രമല്ല, ചരിത്രപഠനങ്ങളിലും പുതിയ വെളിച്ചം വീശാനിടയാക്കും.


Prof. S. Balarama Kaimal. PhD
Dept. of Biochemistry
Saveetha Medical College & Hospital
Saveetha Institute of Medical & Technical Sciences
(Deemed University)
Thandalam, Chennai- 602 105
Ph: +91-7550 159 541
+91-9400 927 218
Mail: balaneuron@gmail.com

Sorry! The Author has not filled his profile.
Share

Leave a Reply

Your email address will not be published. Required fields are marked *