ശാസ്ത്രാവബോധത്തിന്റെ സാമൂഹിക പ്രസക്തി

It is science alone that can solve the problems of hunger and poverty, of insanitation and illiteracy, of superstition and deadening custom and tradition, of vast resources running to waste, or a rich country inhabited by starving people… Who indeed could afford to ignore science today? At every turn we have to seek its aid… The future belongs to science and those who make friends with science.” ― Jawaharlal Nehru

നായാടിയും കായ്കനികൾ ശേഖരിച്ചും ജീവിച്ചിരുന്ന ആദിമ മനുഷ്യൻ ക്രമേണ  സാമൂഹ്യ ജീവിയായി പരിവർത്തനപ്പെടുകയാണുണ്ടായതെന്ന്മനുഷ്യ ചരിത്രം പറയുന്നു. അങ്ങനെ പരിണാമ പ്രക്രിയയുടെ ഭാഗമായി സംഭവിച്ച മനുഷ്യ മനസ്സിന്റെ/ബുദ്ധിയുടെ  വികാസഫലമായി അവനിൽ ഔത്സുക്യം ജനിക്കുകയും മനുഷ്യബോധത്തിന്റെ മഹത്തായ ഉണർവിനും വ്യാപനത്തിനും അതിടയാവുകയും ചെയ്തു. മറ്റു ജീവികളിൽ നിന്നും വ്യത്യസ്‍തമായി മസ്‌തിഷ്‌കത്തിലെ സെറിബ്രൽ കോർട്ടക്സിനു സംഭവിച്ച വിപുലീകരണം മനുഷ്യന്റെ ബൗദ്ധിക നിലവാരം ഉയർത്തുന്നതിന് നിദാനമായി. ഇതിന്റെ ഫലമായി  ഉളവായ ആത്മബോധം മനുഷ്യനെ അവന്റെ പ്രവൃത്തികളെ കുറിച്ചും പ്രകൃതിയിൽ അവന്റെ സ്ഥാനത്തെ കുറിച്ചും ചിന്തിപ്പിക്കയുണ്ടായി. തികച്ചും വിപരീദ ദിശയിലുള്ള രണ്ടു ചിന്തകളിലൂടെ മനുഷ്യൻ കടന്നു പോയി.  പ്രകൃതിയെ നിയ്രന്തിക്കുന്ന രീതിയുള്ള ആദ്യത്തെ ചിന്ത അവനെ ആയുധങ്ങൾ ഉണ്ടാക്കുന്നതിനും കൃഷി പോലെ മറ്റു ജീവനോപാധികൾക്കുള്ള ഉപായങ്ങൾ കണെടത്തുന്നതിലേക്കും നയിച്ചു.ഇതാണ് പിന്നീടു ശാസ്ത്ര സാങ്കേതിക വിദ്യയിലുണ്ടായ പുരോഗതിക്കു തുടക്കം കുറിച്ചത്. രണ്ടാമത്തെ ദിശ മനുഷ്യനെ പ്രപഞ്ച സംവിധാനങ്ങളുമായി കൂട്ടിയിണക്കുന്ന തരത്തിലുള്ള കുറെ കൂടി തത്വശാസ്ത്രാധിഷ്ഠിതവും  ദാർശനികവുമായ ചിന്തകളിലേക്കും അന്തർജ്ഞാനപരമായ സത്യാന്വേഷണങ്ങളിലേക്കും വഴി തെളിച്ചു. അതുകൊണ്ടാണ് യുക്ത്യാധിഷ്ഠിത കാഴ്ചപ്പാടുകളെ പോലെ തന്നെ മനുഷ്യനിൽ ഇപ്പോഴും ഭാവനയും വൈകാരികതയും നിലനിൽക്കുന്നത്. ആധുനിക ശാസ്ത്രത്തിന്റേതായ  മേൽ സൂചിപ്പിച്ച ഒന്നാമത്തെ ദിശയിലൂടെയാണ് ഈ പഠനം മുന്നേറുന്നത്.

പ്രകൃതിയുമായി ഇടകലർന്നും പ്രകൃതി പ്രതിഭാസങ്ങൾക്ക്  വിധേയപ്പെട്ടും അതിജീവിച്ചും  ജീവിതം പുലർത്തി വരികയാൽ  സാമാന്യ ജീവൽവ്യവഹാരങ്ങൾക്കു വേണ്ട നയോപായങ്ങൾ തേടുന്നതോടൊപ്പം  ആദ്യകാലങ്ങളിൽ മനുഷ്യനെ ജിജ്ഞാസ ഭരിതനാക്കിയത് പ്രപഞ്ചബോധമായിരിക്കും.സ്ഥലകാലങ്ങളെ കുറിച്ചുള്ള ചിന്ത അന്വേഷണാത്മകമനസ്സിനെ സൃഷ്ടിച്ചപ്പോൾ അതൊരു ശാസ്ത്രീയ സംസ്കാരം വളർത്തുകയായിരുന്നു. സൃഷ്ടി കർമ്മത്തെ കുറിച്ചുള്ള ചിന്ത ലോകോല്പത്തിയെയും ജീവോൽപ്പത്തിയേയും കുറിച്ചുള്ള അന്വേഷണങ്ങളിലേക്ക്  മനുഷ്യനെ നയിക്കുകുയുണ്ടായി. ആദ്യകാലങ്ങളിൽ ഇത് മനുഷ്യനെ ദൈവ ചിന്തകളിലേക്ക് നയിച്ചു. സമസ്തചരാചരങ്ങളും അതുൾക്കൊള്ളുന്ന ഭൂമിയും  ദൈവത്താൽ (സൃഷ്ടാവ്) സൃഷ്ടിക്കപ്പെട്ടതാണെന്ന് പ്രചരിപ്പിക്കപ്പെട്ടു.അന്തർജ്ഞാനപരമായും സ്വാനുഭവപരമായും മനുഷ്യൻ ആർജ്ജിച്ചെടുത്ത അറിവുകളിലെല്ലാം ഈ ദൈവചിന്ത ആരോപിക്കപ്പെട്ടു. മതങ്ങളും വിശ്വാസപ്രമാണങ്ങളും  പിൽക്കാലത്തു പ്രബലമായതോടെ ഈ  വിശ്വാസങ്ങൾക്ക് ആക്കമേറുകയായിരുന്നു. പക്ഷെ അപ്പോഴും നിരന്തരം പ്രവർത്തിച്ചു കൊണ്ടിരുന്ന മനുഷ്യന്റെ അന്വേഷണത്വര വിശ്വാസപ്രമാണങ്ങളെയെല്ലാം  ശാസ്ത്ര സത്യങ്ങളാൽ  പില്ക്കാക്കാലത്തു അസാധുവാക്കുകയായിരുന്നു. പറഞ്ഞുവരുമ്പോൾ ശാസ്ത്ര സംസ്കാരം മനുഷ്യസംസ്കാരത്തിന്റെ പ്രയാണത്തിൽ സ്വാഭാവികമായും ഉരുതിരിഞ്ഞു വന്നതാണ്. 

ഗൂഢാർത്ഥങ്ങളിൽ നിന്നും യാഥാർഥ്യങ്ങളിലേക്ക് 

‘വിടവുകൾ എന്ന കൃഷിഭൂമി’ എന്ന പുസ്തകത്തിലെ ഒരു ലേഖനത്തിൽ ആനന്ദ് എഴുതുന്നു,” അന്വേഷണത്തിന്റെ വഴിയിൽ നേടിയെടുത്ത അറിവ് തന്നെയാണ് പലപ്പോഴും വിശ്വാസങ്ങൾക്കും മൂലമാകുന്നത്. പക്ഷേ, യാത്രയ്ക്കിടയിൽ, അന്വേഷണബോധം ഇടയ്ക്കു വിശ്രമിച്ചു പോകുമ്പോൾ അറിവ് വിശ്വാസമായി ക്രിസ്റ്റലൈസ്‌ ചെയ്യുന്നു.വിശ്രമത്തിന്റെ നീളം കൂടുന്തോറും അറിവ് അന്ധവിശ്വാമായി പരിണമിക്കുന്നു”. മനുഷ്യപുരോഗതിയുടെ ചരിത്രമെടുത്തു പരിശോധിക്കുമ്പോൾ മേൽപ്പറഞ്ഞ പ്രസ്താവന വളരെ പ്രസ്കതമാണ്.ഇത്തരം അന്ധവിശ്വാസങ്ങളെ വിശ്വാസപ്രമാണങ്ങളായി മതങ്ങൾ ഏറ്റെടുക്കുക വഴി സമൂഹത്തിൽ ഇത് രൂഢമൂലമാകുന്നു.ഇത്തരം വിശ്വാസങ്ങൾ യുക്ത്യതീമാക്കി വെക്കേണ്ടത് മതങ്ങളുടെ ആവശ്യമായി.മതശാസനകൾക്കെതിരാകയാലും ദൈവനിന്ദ ആരോപിതമാവുകയാലും മതാനുയായികളായ വലിയൊരു വിഭാഗം ജനങ്ങൾ യാതാർത്ഥ സത്യാന്വേഷണങ്ങളിൽ നിന്നും മാറി നിൽക്കുകയുണ്ടായി. ഇങ്ങനെ അബദ്ധജടിലമായ സമൂഹത്തെ യാഥാർഥ്യ ബോധത്താൽ ഉദ്ധരിച്ച്  വെട്ടം കാണിക്കുവാൻ ശാസ്ത്രാവബോധത്തിന് ഒരളവു വരെ കഴിയുകയുണ്ടായി.ചോദ്യം ചെയ്യലിലൂടെയും കാര്യങ്ങൾ അന്വേഷിക്കുന്നതിലൂടെയും ഗൂഢാർത്ഥങ്ങളുടെ യാഥാർഥ്യപരാവർത്തനത്താൽ മനുഷ്യ സംസ്കാരത്തെ ഇരുട്ടിൽ തപ്പി തടയാതെ മുന്നോട്ടു നയിക്കുവാൻ ശാസ്ത്രത്തിനു കഴിയുകയുണ്ടായി. . സ്വയം വളരുന്നതോടൊപ്പം  സാമൂഹിക കെട്ടുപാടുകളിൽ നിന്നും സ്വതന്തനാകുവാൻ ശാസ്ത്രം മനുഷ്യനെ സഹായിച്ചു വരുന്നു.

ശാസ്ത്രീയ വിപ്ലവത്തിന്റെ തുടക്കം 

1543 ൽ കോപ്പർനിക്കസ് ‘ഓൺ ദ റെവല്യൂഷൻസ്‌ ഓഫ്‌ ദ ഹെവൻലി സ്‌ഫിയർസ്‌’ എന്ന പുസ്തകത്തിലൂടെ  നഭോഗോളങ്ങളുടെ പ്രദക്ഷിണത്തെ കുറിച്ചുള്ള തന്റെ സുപ്രധാന  കണ്ടുപിടുത്തം വെളിപ്പെടുത്തിയത് ഒരു ശാസ്ത്രീയ വിപ്ലവത്തിന് നാന്ദി കുറിക്കുകയായിരുന്നു. ഭൂമിയല്ല പ്രപഞ്ച കേന്ദ്രമെന്നും ഭൂമി സൂര്യനെയാണ് ചുറ്റുന്നതെന്നു യുക്തിസഹമായി പ്രസ്താവിക്കുക വഴി അന്ന് നിലവിലുണ്ടായിരുന്ന മതാധിഷ്ടിത വിശ്വാസമായ ഭൂകേന്ദ്രിതമായ പ്രപഞ്ചബോധത്തെ ഈ സിദ്ധാന്തം തള്ളി കളയുകയായിരുന്നു.ഭൂമി ചലനമില്ലാത്തതാണെന്നും സൂര്യനാണ് ആകാശയാത്ര നടത്തി ഭൂമിയെ ചുറ്റുന്നതെന്ന അന്നത്തെ മതവിശ്വാസത്തിൽ അടിയുറച്ചു വിശ്വസിച്ചവർ ഇതിനെ ദൈവനിന്ദയായി കരുതി പാടെ നിരാകരിക്കുകയാണുണ്ടായത്.  ഔദ്യോഗിക സിദ്ധാന്തവുമായി ചേർച്ചയില്ലാത്തതിനാൽ 1616 ൽ കത്തോലിക്കാ സഭ ഈ പുസ്തകം നിരോധിച്ചു. പ്രപഞ്ചത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ ചിത്രം ഗലീലിയോ, കെപ്ലർ, ന്യൂട്ടൻ എന്നിങ്ങനെ പിന്നീടുവന്ന ശാസ്‌ത്രജ്ഞന്മാർ പിന്താങ്ങുകയും കൂടുതൽ പരിഷ്‌കാരങ്ങൾ കൊണ്ടുവരികയും ചെയ്തു. എങ്കിലും ‘സൂര്യനെ നിശ്ചലനാക്കി, ഭൂമിയെ ചലിപ്പിച്ച’ കോപ്പർനിക്കസ് എന്ന മഹാനിലൂടെയാണ് ആധുനിക ശാസ്ത്രം സട കുടഞ്ഞുണർന്നത്. 

ശാസ്ത്രീയ അന്വേഷണത്തിന് കത്തോലിക്കാ സഭയുടെ എതിർപ്പുകളേറ്റു വാങ്ങി കുറ്റവിചാരണയ്ക്ക് വിധിക്കപ്പെട്ട ഗലീലിയോ ഗലീലി എന്ന ഇറ്റാലിയൻ ശാസ്ത്രജ്ഞൻ ശാസ്ത്രത്തിന്റെ കുതിപ്പിന് ജീവസ്സു പകർന്നയാളാണ്. ജ്യോതിശാസ്ത്രത്തിലുള്ള അദ്ദേഹത്തിന്റെ കണ്ടെത്തലുകൾ മനുഷ്യന്റെ പ്രപഞ്ചബോധം മാറ്റിമറിക്കുന്നതിൽ നിർണായക പങ്ക്  വഹിച്ചു. മറ്റൊരു ശ്രദ്ധേയമായ ഉദ്യമം മഗല്ലൻ നടത്തിയ സമുദ്രയാനമാണ്.ഭൂമി പരന്നതല്ലെന്നും ഉരുണ്ടതാണെന്നുമുള്ള ആകൃതി ബോധം ജനിപ്പിക്കാൻ അദ്ദേഹത്തിന്റെ സാഹസികതയ്ക്കു കഴിഞ്ഞു.നിരവധി ശാസ്ത്രാന്വേഷണങ്ങളും പരീക്ഷണങ്ങളും ഈ കാലഘട്ടങ്ങളിൽ സജീവമായിരുന്നു.ന്യൂട്ടന്റെ ചലന നിയമങ്ങളും ഗുരുത്വാകർഷണ സിദ്ധാന്തവും പ്രപഞ്ചവസ്തുക്കളുടെ ചലനാത്മകതയെ വിശദീകരിക്കുക വഴി നിരവധി വിശ്വാസപ്രമാണങ്ങളും അന്ധവിശ്വസങ്ങളും തകരുകയായിരുന്നു. 

ശാസ്ത്രത്തിന്റെ പുരോഗതിയും സാങ്കേതിക വിദ്യയുടെ വ്യാപനവും
   
 ക്രമരഹിതമായ കാണപ്പെടുന്ന ലോകത്തിനെ അലങ്കോലങ്ങളിൽ (chaos ) പെട്ടുപോവാതെ  സാര്വത്ഹയി ക്രമീകരിച്ചെടുക്കാനുള്ള ഒരു ശ്രമത്തിലൂന്നിയാണ് ശാസ്ത്ര മേഖല പുരോഗമിക്കുന്നത്.ചിട്ടയായ ഒരു പ്രവർത്ത രീതി (മെതോഡിയോളജി) അതിനുണ്ട്. കണ്ടെത്തലുകളെ യുക്തിയുക്തമായി തെളിയിച്ചു കാട്ടേണ്ടത് അതിന്റെ ധർമ്മമാകുന്നു.സർവ്വവും വിശദമായ പഠന വിശകലനങ്ങൾക്കു വിധേയമാക്കുക വഴി ശാസ്ത്ര വിശദീകരങ്ങളിൽ സുതാര്യത ഉറപ്പു വരുത്തുന്നു. പൗരാണിക കാലം മുതലുള്ള മാനവരാശിയുടെ പുരോഗമനത്തെ ശാസ്ത്രീയമായി പഠിചെടുക്കുവാൻ ശാസ്ത്രത്തിന്റെ വളർച്ച നമ്മളെ സഹായിച്ചിട്ടുണ്ട്. ലോകത്തിൽ ഉദയം ചെയ്ത നിരവധി സംസ്കാരങ്ങൾ, അവയുടെ വളർച്ചകൾ,പതനങ്ങൾ,ജീവിത രീതികൾ, സാമ്പത്തിക സാമൂഹിക ക്രമങ്ങൾ, കലകൾ, സാഹിത്യം, തുടങ്ങീ വിവിധ വിഷയങ്ങൾ ശാസ്ത്രീയമായി പഠനങ്ങൾക്ക്  വിധേയമായി കൊണ്ടിരിക്കുന്നു. ബഹിരാകാശ പ്രാപഞ്ചിക പഠനം മുതൽ അതി സൂക്ഷ്മമായ ജൈവ തന്മാത്രിക പഠനങ്ങൾ വരെയുള്ള സന്തതമായ പഠനങ്ങൾ ശാസ്ത്രത്തെ ചലനാത്മകമാക്കുന്നു. കോപ്പർനിക്കസ്സിൽ നിന്നും തുടങ്ങിയ പ്രപഞ്ച പഠനം ഇന്ന് കണികാ പരീക്ഷണത്തിൽ എത്തി നിൽക്കുന്നു.

ലോകത്തു സംഭവിച്ച ത്വരിതമാറ്റങ്ങൾക്ക് ചാലകശക്തിയായി പ്രവർത്തിച്ചത് ശാസ്ത്ര പുരോഗതി തന്നെ യായിരുന്നു.ലോകഗമനത്തിന്റെ ദിശ തന്നെ മാറ്റി മറിച്ച്  കൊണ്ടാണ് ശാസ്ത്രത്തിന്റെ സഹായത്തോടെ സാങ്കേതിക വിദ്യകൾ ഉദയം ചെയ്തത്. അതാതു കാലങ്ങളിലെ മനുഷ്യാവശ്യങ്ങളുടെ പൂർത്തീകരണമാണ് സാങ്കേതിക വിദ്യകൾ.  സാങ്കേതിക വിദ്യയുടെ ആവിർഭാവം പ്രാചീന ശിലായുഗം മുതൽ  ആരംഭിക്കുന്നു.  കല്ലുകൊണ്ട് ആയുധങ്ങളും മറ്റു ഉപകരണങ്ങളും ഉണ്ടാക്കിയെടുത്തതായിരിക്കണം ആദ്യത്തെ സാങ്കേതികോൽപ്പന്നം. പിന്നീടുണ്ടായ പല സംസ്കാരങ്ങളിലും അതാതു കാലഘട്ടങ്ങളിലെ സാങ്കേതിക അറിവുകൾ പഠനങ്ങളിലൂടെ പുറത്തു വന്നിട്ടുണ്ട്.ഇന്ന് കാണുന്ന  ദ്രുതഗതിലുള്ള സാങ്കേതിക വളർച്ച കൂടുതൽ ഗഹനമായ ശാസ്ത്രാന്വേഷണങ്ങളിൽ നിന്നും ഉണ്ടായതെന്നാണ്. സാങ്കേതിക വിദ്യ സ്പർശിക്കാതെ പോയ ഒരു മേഖലയുമില്ല.കാർഷിക,വ്യാവസായിക, ആരോഗ്യ, ഗതാഗത, വാർത്താവിനിമയ മേഖലകളിലെ സാങ്കേതികവൽക്കരണം മനുഷ്യ പുരോഗതിയുടെ ഗതിവേഗം കൂട്ടി.

ശാസ്ത്രാവബോധത്തിന്റെ പ്രസക്തി 

മനുഷ്യൻ കടന്നു വന്ന വഴികൾ അത്ര സുഖകരമായ ഒന്നായിരുന്നില്ല. സാമൂഹികപരമായി ചിന്തിക്കുമ്പോൾ മനുഷ്യരാശി കടന്നു പോന്ന കാലഘട്ടങ്ങളിലത്രയും മനുഷ്യൻ നിരന്തരം  പരീക്ഷണങ്ങൾക്ക് വിധേയമായി കൊണ്ടിരിക്കുകയാണ്.ഈ അവസരങ്ങളിലൊക്കെ ഉചിതമായ തീരുമാനങ്ങൾ കൈകൊണ്ട് അവനെ മുന്നോട്ടു നയിച്ചത് ശാസ്ത്രബോധമാണ്.അല്ലാത്ത പക്ഷം ഒരു സാമൂഹ്യ ജീവി എന്ന നിലയിൽ അവന്റെ ജീവൽ വ്യവഹാരങ്ങൾക്കുമേൽ ചുമത്തപ്പെടുന്ന തികച്ചും അശാസ്ത്രീയമായ കാര്യങ്ങളെ പിന്തുടരേണ്ട ഗതികേട് ഉണ്ടായിരുന്നേനെ.എത്രയെത്ര സംസ്കാരങ്ങൾ, വിശ്വാസങ്ങൾ കടന്നു പോയിരിക്കുന്നു! ഉദാഹരണത്തിന് മതാനുശാസനങ്ങളുടെ കാര്യമെടുക്കാം. ഒരു കാലത്ത് ശാസ്ത്ര സംബന്ധമായ വിഷയങ്ങൾ പോലും കയ്യാളിയിരുന്നത് പുരോഹിത വർഗമായിരുന്നു. അത്തരം സാഹചര്യത്തിൽ അവരുടെ കല്പനകൾ പിന്തുടരുക എന്നല്ലാതെ അതിനെ ഖണ്ഡിക്കുവാനോ യുക്തിപൂർവ്വം തെളിയിച്ചെടുക്കാനോ സാധാരണ പൗരന് കഴിയുമായിരുന്നില്ല.പക്ഷെ ആധുനിക ശാസ്ത്രത്തിന്റെ കടന്നു വരവോടെ ഇത്തരം കെട്ടുപാടുകളിൽ നിന്നും മനുഷ്യസമൂഹം മോചനം നേടുകയായിരുന്നു.നിരവധി അനാചാരങ്ങളും അന്ധവിശാസങ്ങളും പൊള്ളയാണെന്ന് തെളിയിക്കുക വഴി ആചാരങ്ങളിലെ  നിഗൂഢത ഇല്ലാതാവുകയും കുറേകൂടി വ്യക്തവും സുതാര്യവുമായ ലോകബോധം മനുഷ്യരിൽ ജനിപ്പിക്കുവാനും കഴിഞ്ഞു. ഇതുണ്ടാക്കിയ ബോധദീപ്തി സാമൂഹ്യ പുരോഗതിയ്ക്ക് വഴിവെളിച്ചം വിതറുന്നു.ഇന്ന് ശാസ്ത്രം മനുഷ്യജീവിതത്തിന്റെ സമസ്ത മേഖലകളെയും സ്പർശിക്കുന്നു

ശാസ്ത്രാവബോധം മനുഷ്യനെ ചോദ്യങ്ങൾ ചോദിക്കുവാൻ പ്രേരിതനാക്കുന്നു.ജീവിത വ്യവഹാരവുമായി ബന്ധപ്പെട്ട് വിഷയങ്ങളിൽ അത് യുക്തിഭദ്രത ഉറപ്പു വരുത്തി.ഉദാഹരണത്തിന് അമ്പിളിമാമനെ പിടിച്ചു തരാമെന്നു പറഞ്ഞാൽ കുട്ടികൾ വിശ്വസിക്കുന്നു. പക്ഷെ ഇതേ കാര്യം മുതിർന്നവരോട് പറഞ്ഞാലോ? അതുപോലെയാണ് ശാസ്ത്രാവബോധം ഇല്ലാത്ത ഒരു സമൂഹം നിരന്തരം ചൂഷണങ്ങൾക്കും കബളിപ്പിക്കലുകൾക്കും  വിധേയമാകുന്നു. അപ്പോൾ ഒരു ചോദ്യം ഉയർന്നു വരാം എന്താണ് ശാസ്ത്രാവബോധം എന്ന്? ക്ലസ്സ്മുറികളിൽ ഇരുന്നു കുറെ സയൻസ് പഠിച്ചു  അഭ്യസ്ത വിദ്യരായത് കൊണ്ട് മാത്രം അവബോധം ഉണ്ടാവണമെന്നില്ല. ആർജ്ജിച്ചെടുത്ത  അറിവിനെ സ്വാംശീകരിച്ച് നിരന്തരം വിശകലനം ചെയ്യണം, ചോദ്യങ്ങളുതിർക്കണം. കഷണ്ടിക്ക് മരുന്നിതു വരെ ലഭ്യമല്ല എന്നറിഞ്ഞിട്ടും മുടി കിളിർപ്പിക്കും എന്ന് വാഗ്ദാനം ചെയ്തിക്കുന്ന   ഹെയർ ഓയിലുകൾ  ഇന്ന് അങ്ങാടി വാഴുകയാണ്.ഇതിന്റെ ഉപഭോക്താക്കളെ എടുത്ത് നോക്കൂ. ഭൂരിഭാഗവും അഭ്യസ്തവിദ്യർ തന്നെ. ഇവിടെ ശ്രദ്ധിക്കേണ്ട വിഷയം എന്തെന്നാൽ ഇത്തരം കമ്പനികൾ അവരുടെ സാധനം വിറ്റഴിക്കുന്നതിന്  ശാസ്ത്രത്തെയാണ് അവലംബിക്കുന്നത്. ഒരു കാര്യത്തെ ശാസ്ത്രീയമായി  അവതരിപ്പിച്ചാൽ അത് സമൂഹത്തിൽ സംശയം വിനാ സ്വീകരിക്കപ്പെടും എന്ന ബോധ്യമുള്ളതിനാൽ കച്ചവടം കൊഴുക്കുകയും ഉപഭോക്താക്കൾ വഞ്ചിക്കപ്പെടുകയും ചെയ്യുന്നു.

ആചാരങ്ങളുടെ പേരിൽ നടത്തപ്പെടുന്ന വഞ്ചനകൾ ഇന്ന് സമൂഹത്തിൽ നിരവധിയാണ്.മഹാവ്യാധി വന്നാൽപോലും ചികിത്സിക്കാതെ പ്രാർത്ഥനയിലൂടെയും മന്ത്രവാദങ്ങളിലൂടെയും  ദൈവത്തിന്റെ മാസ്മരികമായ ഇടപെടലുകൾ കൊണ്ട് അസുഖം ഭേദമാകുമെന്ന പ്രബോധനങ്ങളിൽ പലരും ആകൃഷ്ടരാവുന്നു. പ്രാർത്ഥനയിൽ കൂടി മാത്രമെങ്ങനെ അസുഖം ഭേദമാവുന്നുവെന്ന് ചോദിയ്ക്കാൻ കഴിയാത്ത രീതിയിൽ മനുഷ്യന്റെ ബോധതലങ്ങളെ ഇതിന്റെ പ്രയോക്താക്കൾ വികലമാക്കുന്നു. പുരോഗതിയിൽ നിന്നും പിന്തിരിഞ്ഞുള്ള ഈ നടത്തം തമോഗർത്തങ്ങളിലേക്കല്ലേ മനുഷ്യനെ നയിക്കുന്നത്? യഥാർത്ഥ ശാസ്ത്രാവബോധത്തിന്റെ ശുഷ്കതയെല്ലേ ഇതിനു കാരണം?

ശാസ്ത്രാവബോധം പ്രകൃതി വിഭവങ്ങളുടെ വിവേകപൂർവ്വമായ ഉപഭോഗം സാധ്യമാക്കുന്നു.നാം ജീവിക്കുന്ന ഭൂമി  പങ്കുവെയ്ക്കപ്പെട്ട ജീവീയലോകമാണെന്ന (shared living space) ബോധം പ്രകൃതിയുമായുള്ള പരസ്പര വ്യവഹാരങ്ങളിലൂടെ അനുഭവഭേദ്യമാകുന്ന ഒന്നാണ്. ഇതിന്റെ അതിസങ്കീർണ്ണമായ വ്യവസ്ഥ പ്രവർത്തിക്കുന്നതെന്നറിയാൻ ശാസ്ത്രീയമായ തേടലുകൾ അനിവാര്യമാണ്. ഇങ്ങയെയുണ്ടാവുന്ന അറിവുകളിൽ നിന്ന്  ജീവജീവീയ ഘടകങ്ങളുടെ പാരസ്പര്യത്തിന്റെ അന്ത:സത്ത ഉളവാക്കുന്നു. ആ തലത്തിൽ ഉൾക്കാഴ്ച ലഭിച്ച ഒരാൾ പ്രകൃതിയിൽ ഇടപെടുന്നത് വളരെ കരുതലോടെയും വിവേകത്തോടെയും ആയിരിക്കും. അവിടെയും ഒരു ചോദ്യം ഉയർന്നു വരാം? ഇത്രയേറെ പാരിസ്ഥിതിക പഠനങ്ങളിൽ മനുഷ്യൻ ഏർപ്പെട്ടിട്ടും പരിസ്ഥിതി പ്രശ്‍നങ്ങൾ  അനുദിനം വർദ്ധിച്ചു കൊണ്ടിരിക്കുകയാണല്ലോയെന്ന്. അവിടെയാണ് അവബോധത്തിന്റെ പ്രസക്തി. നമ്മളിൽ ഭൂരിഭാഗം പേരിലും അധ്യയനം മാത്രമേ നടക്കുന്നുള്ളൂ അതിലുപരിയായ, അവബോധം എന്ന പ്രക്രിയ നമ്മുടെ പ്രജ്ഞകളിൽ സംഭവിക്കുന്നില്ല.ഇത് ശരിയായി നടന്നെകിൽ മാത്രമേ ഇന്ന് നാം നേരിടുന്ന പാരിസ്ഥിക പ്രശ്ങ്ങളായ കാലാവസ്ഥാ വ്യതിയാനം, ആഗോളതാപനം, വിഭവശോഷണം ഇത്യാദി കാര്യങ്ങളിൽ സംഗതമായ പരിഹാരങ്ങൾ കൊണ്ട് വരാൻ കഴിയൂ.

മേൽ പ്രസ്താവിച്ചത് ചില ഉദാഹരങ്ങൾ മാത്രം.മനുഷ്യനെ സംബന്ധിക്കുന്ന സമസ്ത മേഖലകളും ശാസ്ത്ര നിയന്ത്രിതമാണ്.ഓരോ സമയങ്ങളിമുണ്ടാവുന്ന വെല്ലുവിളികൾ, സാധ്യതകൾ അടിസ്ഥാനമാക്കി കൊണ്ട് നാം പുതിയ ലാവണങ്ങൾ തേടുന്നു. മത്സരചൂഷണാദികൾ നിറഞ്ഞ ഈ ലോകത്ത് നിലനിന്നു പോവണമെങ്കിൽ തികഞ്ഞ ജാഗരണം അനുപേക്ഷണീയമാകുന്നു.നമുക്ക് നേരെ വരുന്ന അഥവാ നാം എത്തിപ്പെടുന്ന ഇത്തരം സാഹചര്യങ്ങളിൽ അവനവന്റേതായ തീരുമാനങ്ങൾ കൈകൊള്ളുവാൻ  ശാസ്ത്രാവബോധം സഹായിക്കുന്നു..

ശാസ്ത്രവും സമൂഹവും മതമൗലിക വാദവും 

മതപുരോഹിതന്മാരാൽ നിയന്ത്രിക്കപ്പെട്ട സമൂഹം ശാസ്ത്ര വിപ്ലവത്താൽ മോചനം പ്രാപിച്ചപ്പോൾ വിശ്വാസപ്രമാണങ്ങളെ  ശാസ്ത്രീയമായി വിശദീകരിക്കാനുള്ള പ്രവണത ആരംഭിക്കുകയുണ്ടായി.ശാസ്ത്ര ചിന്തകൾക്ക് സമൂഹത്തിലുണ്ടായ പ്രചുര പ്രചാരം മതമൗലികവാദികളെ അസ്വസ്ഥരാക്കുന്നു. മതവിശ്വാസങ്ങൾക്ക് ആഘാതമേൽകാത്തിരിക്കാൻ കണ്ടു പിടിച്ച എളുപ്പവഴി മതാചാരങ്ങളെല്ലാം ശാസ്ത്രീയമാണെന്ന് വരുത്തി തീർക്കുകയാണ്. ഇതിനു വേണ്ടി അവർ സദാ പരിശ്രമിക്കുന്നു. ശാസ്ത്രത്തിലെ പല കണ്ടുപിടുത്തങ്ങളും ഇതിനകം തന്നെ തങ്ങളുടെ മതം കണ്ടുപിടിച്ചതാണെന്ന് പ്രചരിപ്പിച്ച് വിവിധ മതസ്ഥർ മത്സരിക്കുന്നു. മതാചാരങ്ങളെല്ലാം തന്നെ പൊള്ളയാണെന്നോ അടിസ്ഥാനരഹിതമാണെന്നോ പറയുന്നില്ല മറിച്ച് വിശ്വാസത്തിന്റെ പേരിൽ പ്രചരിപ്പിക്കുന്ന കപടശാസ്ത്രം തടയപ്പെടേണ്ടതാണ്. ആരാധന, ഭക്തി മുതലായവ  തികച്ചും വൈയക്തികമായ ആന്തരികമായി അനുഭവങ്ങളാണ്. അതൊരിക്കലും അടിച്ചേൽപ്പിക്കണ്ട ഒന്നല്ല. പക്ഷെ വിശ്വാസം സ്ഥാപനവൽക്കരിക്കപ്പെടുമ്പോൾ അത് നിലനിന്നു പോവേണ്ടത് പ്രയോക്താക്കളുടെ ആവശ്യമായി മാറുന്നു. അതിനേതറ്റം വരെ പോകാനും അവർ മടി കാണിക്കില്ല. ഒരേസമയം ശാസ്ത്രവിചാരങ്ങളെ പിന്തുണയ്ക്കുകയും അതേസമയം ബാഹ്യ പ്രകടനങ്ങളധികം കാട്ടാതെ തികഞ്ഞ മതമൗലിക വാദത്തിലേക്കും തിരിച്ചു പോവാനും ഇവർക്ക് കഴിയുന്നു. ഇവിടെയാണ് ശാസ്ത്രാവബോധത്തിന്റെ പ്രസക്തിയും പ്രാധാന്യവും.പതിരിനെ നെല്ലിൽ നിന്നും വേർതിരിച്ചു കളയാൻ ശാസ്ത്രചിന്ത നല്ലൊരു ഉപകരണമാണ്.

ഉല്പത്തി വിശ്വാസങ്ങളെ മാറ്റി മറിച്ച പരിണാമ സിദ്ധാന്തം 

ലോകത്തിലെ സകല ജീവജാലങ്ങളും ദൈവത്തിന്റെ സൃഷ്ടിയാണെന്ന മതവിശ്വാസത്തെ പൊളിച്ചെഴുതുകയായിരുന്നു ഡാർവിൻ മുന്നോട്ടു വെച്ച പരിണാമ സിദ്ധാന്തം. ജീവിവർഗ്ഗം പൊടുന്നനെയുണ്ടായതല്ലെന്നും വർഷങ്ങളുടെ പരിണാമക്രിയയിലോടെ ഉരുതിരിഞ്ഞു വന്നതാണെന്നുള്ള വാദത്തെ സഭ പക്ഷെ തള്ളി കളയുകയായിരുന്നു. പരിണാമ സിദ്ധാന്തത്തിലൂടെ പ്രകൃതി നിർധാരണം നിർവചിക്കപ്പെട്ടു. അനുഗുണമുള്ള ജീവികളെ പ്രകൃതി തെരെഞ്ഞെടുക്കുമെന്നും അനുഗുണമില്ലാത്തവ പരിണാമ പ്രക്രിയയിൽ പരാജയപ്പെട്ടു പോവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഇത്തരത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന ജീവികൾ അതിജീവിച്ചു പോവുകയും തലമുറകൾ ഉണ്ടാക്കുകയും ചെയ്യുന്നു. നിരവധി വിമർശങ്ങൾ ഈ സിദ്ധാന്തത്തിനു ഏറ്റു വാങ്ങേണ്ടി വന്നെങ്കിലും ഇന്ന് നാം എത്തി നിൽക്കുന്ന ജനിതക പരിജ്ഞാനത്തിന്റെ ഒരു തുടക്കമായി ഇതിനെ കാണാവുന്നതാണ്. ഗ്രിഗർ മെന്റൽ  എന്ന വൈദികനാണ് ആദ്യമായി ജനിതക പഠനത്തിന് തുടക്കമിടുന്നതെന്ന വസ്തുത ഒരു വിരോധാഭാസമായി കാണാവുന്നതാണ്. അദ്ദേഹം ചെടികളിൽ നടത്തിയ പരീക്ഷണങ്ങളിലൂടെ  സ്വഭാവങ്ങളുടെ പാരമ്പര്യപ്രേഷണം ജനിതകപരമാണെന്ന് (genetic basis of inheritance) സ്ഥാപിച്ചെങ്കിലും ശാസ്ത്രലോകം അതിനെ ഏറ്റെടുക്കുവാൻ കാലവിളംബം കാട്ടി. ജനിതകശാസ്ത്ര രംഗത്ത് പിന്നീടുണ്ടായ കുതിച്ചു ചാട്ടം അത്ഭുതാവഹമായിരുന്നു. 1953 ഇത് വാട്സണും ക്രിക്കും ചേർന്ന് ഡി എൻ എ യുടെ ഘടന കണ്ടു പിടിക്കുക വഴി ശാസ്ത്ര ലോകത്തു ഒരു വിപ്ലവത്തിന് വഴി തെളിയിക്കുകയായിരുന്നു. പിന്നീട്  വികസിച്ചു വന്ന മോളിക്യൂലർ ബയോളജി എന്ന ശാസ്ത്ര ശാഖ ഒടുവിൽ മനുഷ്യന്റെ ജീനോം മാപ്പിങ് വരെ നടത്തുകയുണ്ടായി.ഇന്ന് ജീൻ എഡിറ്റിംഗ് വരെ ചെയ്യുന്ന അവസ്ഥയിലെത്തി ശാസ്ത്രത്തിന്റെ മുന്നേറ്റം.ഇതിനനുബന്ധമായി വികസിച്ചു വന്ന ജൈവ സാങ്കേതിക വിദ്യയും ജനിതക എന്ജിയറിങ്ങും അത്ഭു തങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. ഇന്ന് നാം നേരിടുന്ന പല പ്രതിസന്ധികൾക്കും -കാർഷിക-ആരോഗ്യ-പാരിസ്ഥിതിക- പരിഹാരങ്ങൾ കണ്ടെത്താൻ ഇത്തരം ടെക്‌നോളജിക്കൽ പര്യാപ്തമായി വരുന്നു. എങ്കിലും ഇതിന്റെ അവിവേകപൂർണ്ണമായ പ്രയോഗം ഉയർത്തുന്ന വെല്ലുവിളികൾ കാണാതെ പോവാൻ പറ്റില്ല.അവിടെയും ശാസ്ത്രാവബോധം നേടിയെടുക്കുക പ്രധാനമാണ്. ഒന്ന് തിരിഞ്ഞു നോക്കുമ്പോൾ ശാസ്ത്ര പുരോഗതി നിമിത്തം എത്രയെത അബദ്ധജടിലങ്ങളായ വിശ്വാസങ്ങളാണ് തകർന്നു പോയതെന്ന് നോക്കൂ.  

ശാസ്ത്രവും അധികാരവർഗ്ഗവും 

നിക്കോളായ് വാവ്‌ലോവ് എന്ന മഹാനായ റഷ്യൻ സസ്യശാസ്ത്രഞ്ജന്റെ പരിതാപകരമായ ജീവിതാന്ത്യം  ശാസ്ത്രഗവേഷണങ്ങളിൽ ഭരണകൂടം അവിശുദ്ധമായി ഇടപെട്ടതിന്റെ അല്ലെങ്കിൽ ശാസ്ത്രജ്ഞർ അവരുടെ വ്യക്തിഗതമായ താൽപര്യങ്ങൾക്കു വേണ്ടി അധികാരവ്യവസ്ഥയുടെ പിണിയാണുകളായി മാറുന്നതിന്റെ ദുരന്തചിത്രണമാണ്. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നും തനതു  വിത്തിനങ്ങൾ ശേഖരിച്ചു അത്യുത്പാദനശേഷിയുള്ള വിത്തിനങ്ങൾ അകൃത്രിമമായ വിളവർധനോപാധികളിലൂടെ (crop improvement) ഉണ്ടാക്കിയെടുക്കുവാനും അതുവഴി ഭക്ഷ്യ സുരക്ഷ ഉറപ്പിക്കുവാനും തന്റെ ജീവിതം സമർപ്പിച്ച  ആ  മനുഷ്യസ്നേഹിയെ ഒടുവിൽ സ്റ്റാലിൻ ഭരണകൂടം ജയിലടയ്ക്കുകയും ഒടുവിൽ പട്ടിണിയാൽ മരണപ്പെടുകയും ചെയ്തു. ലോകത്തിന്റെ പട്ടിണി മാറ്റാൻ ജീവിതം ഉഴിഞ്ഞു വെച്ച ഒരു മഹാന് സംഭവിച്ച പരിതാപകരമായ അന്ത്യം. ഇതിനു പിന്നിൽ പ്രവർത്തിച്ചത്  അദ്ദേഹത്തിന്റെ തന്നെ  സഹപ്രവർത്തകനായിരുന്ന ട്രോഫിം ലിസെങ്കോ എന്ന അഗ്രോ ബയോളജിസ്റ് ആയിരുന്നു.ജോസഫ് സ്റ്റാലിനുമായുള്ള ലിസെങ്കോയുടെ ബന്ധം അദ്ദേഹത്തെ അന്നത്തെ സോവിയറ്റ് യൂണിയന്റെ ലെനിൻ ഓൾ യൂണിയൻ അക്കാദമി ഓഫ് അഗ്രിക്കൾച്ചർ സയൻസിന്റെ ഡയറക്ടർ പദവിയിൽ എത്തിച്ചു. പക്ഷെ പിൽക്കാലത്ത്  ലിസെങ്കോയിസം എന്ന പേരിൽ 1920 കളിൽ ആരംഭിച്ച രാഷ്ട്രീയ കാമ്പയിനിങ്  ട്രോഫിം ലിസെങ്കോയുടെ കപടശാസ്ത്ര പദ്ധതി (Mendelian inheritance നെ നിരാകരിക്കുകയും ലാമാർക്കിയൻ തത്വങ്ങളെ സ്വീകരിക്കുയും)ക്കെതിരെയുള്ള ജനരോഷമായിരുന്നു. ജനങ്ങളിൽ ഉണ്ടായ തികഞ്ഞ ശാസ്ത്രാവബോധമാണ് ഇങ്ങനെയൊരു നീക്കത്തിന് ഹേതുവായത്.  വാവ്‌ലോവിനെ പോലെ കടുത്ത  അനുഭവങ്ങളാണ്  ഇന്ത്യയിൽ ഡോ. ആർ. എച്ച്  റിച്ചറിയയ്ക്കും സംഭവിച്ചത്. 
കട്ടക്കിലെ നെല്ല് ഗവേഷണ കേന്ദ്രത്തിന്റെ ഡയറക്ർ ആയിരിക്കെ ഫിലിപ്പൈൻസിലെ അന്തർദേശീയ നെല്ല് ഗവേഷണ കേന്ദ്രം ഇന്ത്യയിൽ നടപ്പിലാക്കാൻ പോകുന്ന യന്ത്രവൽക്കരണത്തെ എതിർക്കുക വഴി അനഭിമതനാവുകയും ഒടുവിൽ ഭരണകൂടം മോശമായ രീതിയിൽ ഇദ്ദേഹത്തിനെതിരെ നടപടിയെടുക്കുകയും ചെയ്യുകയുണ്ടായി.അത്യുത്പാദന ശേഷിയുള്ള വിത്തിനങ്ങൾ തനതു വികസിപ്പിച്ചെടുത്ത മഹാനായ ഈ ശാസ്തജ്ഞനെ ഇന്ന് നമ്മളിൽ എത്രപേർക്കറിയാം?

അധികാരവർഗ്ഗവും ശാസ്ത്ര സമൂഹവും തമ്മിലുള്ള അവിശുദ്ധ ബന്ധം എന്നും എപ്പോഴും തുടരുന്നു.ലോകമഹായുദ്ധസമയത്ത് പരസ്പരം പോരടിച്ചു നിൽക്കുവാൻ ഭരണകൂടത്തിനോടൊപ്പം എത്രയെത്ര ശാസ്ത്രജ്ഞർക്ക് അറിഞ്ഞും ഗതികേട് കൊണ്ടും നിൽക്കേണ്ടി വന്നു. ലോകത്തിൽ നിരവധി ശാസ്ത്രജ്ഞൻ അവരുടെ സമയത്തിന്റെ വലിയൊരു പങ്ക് ആയുധ നിർമ്മാണങ്ങൾക്കായി മാറ്റി വെക്കുന്നു. ജനിതവ്യതിയാനം വരുത്തിയ നിരവധി വിളകൾ നമ്മളുടെ കൃഷിഭൂമികൾ കീഴടക്കുന്നു.അന്തകജീനുകൾ വ്യാപകമാവുന്നു.ആണവ നിലയങ്ങൾ സജീവമാകുന്നു.അങ്ങനെ നമ്മളറിയാതെ പല പദ്ധതികളും സമർത്ഥമായി നമുക്കിടയിൽ നടപ്പിലാക്കപ്പെടുന്നു. ഇതിനെ കുറിച്ച് വ്യക്തമായ ഒരു ഗ്രാഹ്യമില്ലാതെ നാം വാദപ്രതിവാദങ്ങളിൽ കുരുങ്ങി പോകുന്നു. ഇവിടെയാണ് ശാസ്ത്രാവബോധത്തിന്റെ പ്രസക്തി. നമ്മളിൽ മിക്കവരും ശാസ്തജ്ഞരൊന്നുമല്ല. പക്ഷെ നമ്മളിലുള്ള ശാസ്ത്ര ചോദനയെ തുരുമ്പെടുക്കാതെ മൂർച്ച കൂട്ടിവെക്കേണ്ടത് അത്യാവശ്യമാകുന്നു.കാരണം ഇത് നിലനിൽപിന്റെ വിഷയമാണ്.  

ശാസ്ത്ര സാക്ഷരത എന്തിന് ?  

“The ideal of human service is the ultimate goal of scientific effort, to the end of equipping the intellect for a better and more perfect use of human reason.” -Francis Bacon

സാമൂഹിക സാംസ്കാരിക സാമ്പത്തിക പ്രവർത്തനങ്ങളുടെ ഭാഗമാവാനും വ്യാപരിക്കുന്ന  വിഷയത്തിൽ ഉചിതമായ തീരുമാനങ്ങൾ എടുക്കുവാനും വേണ്ട ശാസ്ത്രീയ അറിവുകളുടെ ആർജ്ജനത്തെ ശാസ്ത്ര സാക്ഷരത എന്നുപറയാവുന്നതാണ്. ഇത് പക്ഷെ കേവലം അധ്യയന സ്ഥാപങ്ങളിൽ നിന്നും നേടിയെടുക്കുന്ന ശാസ്ത്ര വിവരങ്ങൾ മാത്രമല്ല. മറിച്ച് ഒരു സാമൂഹ്യ ജീവിയായി യുക്തിഭദ്രമായി ജീവിക്കാനുള്ള പ്രാപ്തിയാകുന്നു.ആർജ്ജിച്ചെടുത്ത അറിവുകളുടെ അടിസ്ഥാനത്തിൽ കാര്യങ്ങളെ നോക്കികാണുവാനുള്ള  കഴിവ് നേടിയെടുക്കേണ്ടതുണ്ട്. അപ്പോഴാണ് ചൂഷണങ്ങൾക്കും മറ്റും വിധേയമാവാതെ അർത്ഥപൂർണ്ണമായി  ജീവിക്കുവാനും സമൂഹത്തിൽ ഇടപെടാനും കഴിയുന്നത്. ഇങ്ങനെ ചെയ്യുക വഴി രൂപപ്പെട്ടു വരുന്ന അന്വേഷണാത്മക ബുദ്ധി എപ്പോഴും സത്യാന്വേഷണത്തിൽ ജാഗരൂകമാവും. ശാസ്ത്രാവബോധമുള്ള ഒരു ജനത ഒരു രാഷ്ട്രത്തിന്റെ മനുഷ്യ മൂലധനമാണ്.രാജ്യത്തിന്റെ സാമ്പത്തിക പുരോഗതി നിർണ്ണയിക്കുന്നതിൽ ജനങ്ങളുടെ ശാസ്ത്ര സാക്ഷരതാ പങ്കു വഹിക്കുന്നു. അതുപോലെ ജനങ്ങളുടെ ശാസ്ത്രാവബോധം ശാസ്ത്രത്തിന്റെ തന്നെ വളർച്ചയ്ക്ക് കാരണമാകുന്നു.ശാസ്ത്രജ്ഞർ എന്തു ചെയ്യുന്നുവെന്ന് ജനങ്ങൾ മനസിലാക്കുക വഴി കൂടുതൽ നൂതനമായ രീതിയിൽ ശാസ്ത്രത്തെ കൊണ്ടുപോകാൻ കഴിയും. അതുപോലെ നിഷ്ഫലമോ അനാവശ്യമോ ആയ ഗവേഷണങ്ങൾ വിമർശിക്കണമെങ്കിലും പൊതു സമൂഹത്തിനു നല്ല ശാസ്ത്രബോധം ആവശ്യമാണ്.

കപശാസ്ത്രങ്ങളുടെ കടന്നുകയറ്റം

വളരെ പ്രധാനപ്പെട്ട മറ്റൊരു വിഷയമാണ് കപട ശാസ്ത്രങ്ങളുടെ പ്രചാരണം.ശാസ്ത്രത്തിന്റെ മുഖം മൂടിയണിഞ്ഞു ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കപ്പെടുന്ന വസ്തുതകൾക്ക് ഇന്ന് വലിയ സ്വീകാര്യത ലഭിച്ചു വരുന്നുണ്ട്. ശാസ്ത്രാവബോധത്തിന്റെ ശുഷ്കതയാണ് ഇത് സൂചിപ്പിക്കുന്നത്.മുള്ളാത്ത കാൻസർ രോഗത്തിന് ഉത്തമമാണെന്ന് പ്രചരിപ്പിക്കപ്പെട്ടപ്പോൾ എന്തൊരു ആവശ്യക്കാരാണ്  അതിനുണ്ടായത്. ആർക്കും വേണ്ടാതിരുന്ന ആ പഴത്തിനു പിന്നീട് തീവിലയായി. ഇതിനെ കുറിച്ച് നടത്തിയ പല പഠനങ്ങളിലും മനുഷ്യനിൽ ഇതിന്റെ ഫലം കണ്ടതായി പറയുന്നില്ല.ഇതുപോലെ നിരവധി കപട പ്രചാരണങ്ങൾ കാണാം.ഭക്ഷണവും സൗന്ദര്യ വർധക വസ്തുക്കളുമായി ബന്ധപ്പെട്ട മിക്കവാറും എല്ലാ പരസ്യങ്ങളും ശാസ്ത്ര വിശദീകരണം നിരത്തിയാണ് അതാതു ഉലപന്നങ്ങളുടെ മേന്മകൾ വിളംബരം ചെയ്യുന്നത്. സോപ്പ് തേച്ചാൽ നിത്യയൗവനം,മുടികൊഴിയാതിരിക്കാൻ കാരണവന്മാർ കരുതിവെച്ച കേശതൈലം, ഉപ്പിട്ട് പേസ്റ്റിനാൽ ദന്തകാന്തി, കാൽസിയവും അയേണും അടങ്ങിയ ഭക്ഷണമായതിനാൽ രണ്ടിഞ്ചിന്റെ അധിക ശരീര വളർച്ച ഇങ്ങനെ എത്രയെത്ര പൊള്ളയായ വാഗ്ദാനങ്ങളാണ് കപട ശാസ്ത്രീയ വിശദീകരണങ്ങളുമായി നമുക്ക് മുന്നിലെത്തുന്നത്. കാരണം ശാസ്ത്രീയമായി ഒരു കാര്യം വിശദീകരിച്ചാൽ അത് എളുപ്പത്തിൽ സ്വീകരിക്കപ്പെടും എന്ന ബോധ്യം വളരെ പ്രബലമാണ്. ഇത്തരം പതിരുകളെ തിരിച്ചറിയുവാൻ ശരിയായ ശാസ്ത്ര സാക്ഷരതാ കൂടിയേ തീരൂ.

ശാസ്ത്ര പ്രചരണത്തിന്റെ ആവശ്യകത 

ശാസ്ത്രീയാവബോധം വളർത്തിയെടുക്കന്നതിന് ശാസ്ത്രവിനിമയം അത്യന്താപേക്ഷിതമാണ്.ശരിയായ രീതിയിൽ പ്രചരിപ്പിക്കപ്പെട്ടെങ്കിൽ മാത്രമേ ശാസ്ത്രം സമൂഹത്തിൽ വേരോടുള്ളൂ.പഠനകാലം കഴിഞ്ഞാൽ പിന്നെ ആ രംഗത്ത് നിൽക്കുന്നവരല്ലാതെ പലരും ശാസ്ത്രപഠനത്തിനു അധികം ശ്രദ്ധ കൊടുക്കാറില്ല. ശരിയായ രീതിയിൽ ശാസ്ത്രം ജനങ്ങളിലേക്ക് എത്തിക്കുക എന്നത് ശാസ്ത്രജ്ഞന്മാരുടെയും മറ്റു അക്കാദമിഷ്യൻമാരുടെയും കടമയാണ്.പക്ഷെ നമ്മുടെ സമൂഹത്തിൽ അത് എത്രമാത്രം നടക്കപ്പെടുന്നുണ്ട് എന്നത് ചിതനീയമാണ്. നമ്മുടെ ശാസ്ത്രകാരന്മാരും ബുദ്ധിജീവികളും ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രവണതയാണ് പൊതുവേ കണ്ടു വരുന്നത്.ചുരുക്കം ചിലർ മാത്രമേ പൊതു സമൂഹത്തിലേക്ക് ശാസ്ത്രവിനിമയം നടത്തുന്നത്. ഇതിന്റെ ഒരു പ്രശ്നമെന്തെന്നാൽ ശാസ്ത്രപരിജ്ഞാനം നേടിയർ ചെയ്യേണ്ട ജോലി മറ്റു കൂട്ടർ ഏറ്റെടുക്കുമ്പോൾ വിനമയം ചെയ്യപ്പെടുന്ന ശാസ്ത്രവസ്തുതകളിൽ ഒരുപാട് തെറ്റുകൾ കടന്നു വരുന്നു. നമ്മുടെ പത്ര മാധ്യമങ്ങളിൽ വരുന്ന മിക്ക റിപ്പോർട്ടുകളിലും ഇത് വളരെ പ്രകടമാണ്. സെൻസേഷന് വേണ്ടിയോ റീഡർഷിപ് കൂട്ടുവാൻ വേണ്ടിയോ എഴുതി വിടുന്ന അതിശയോക്തിപരമായ ലേഖനങ്ങളിൽ ഒരുപാട് തെറ്റുകൾ കടന്നു വരുന്നു. ഇത് ഗുണത്തേക്കളെറെ ദോഷം വരുത്തി വെക്കുന്നു. കൊള്ളണോ കളയണോ എന്നു തീരുമാനിക്കണമെങ്കിൽ ശാസ്ത്രാവബോധം കൂടിയേ തീരൂ.

നവമാധ്യമകാലത്തെ ശാസ്ത്രാവബോധം 

ആശയവിനിമയത്തിന് നവമാധ്യമങ്ങൾ പ്രദാനം ചെയ്യുന്ന പ്ലാറ്റ്ഫോമ് വളരെ മികച്ചതാകുന്നു. സമൂഹത്തിലേക്ക് ഒരേ സമയം നിരവധി പേരിലേക്ക് ഒരാശയം എത്തിക്കുവാൻ അതിനു കഴിയുന്നു. കൂടാതെ ഇവിടെ ഉപയോക്താവ് സകർമ്മകനാണെന്ന (activ) അനുകൂലതയുമുണ്ട്.പക്ഷെ പരിതാപകരമായ ഒരാവസ്ഥയെന്തെന്നാൽ ഫേസ്ബുക്ക് പോലുള്ള സോഷ്യൽ മീഡിയകളിലൂടെ പ്രചരിപ്പിക്കപ്പെടുന്ന  ശാസ്ത്രസംബന്ധമായ പല കാര്യങ്ങളും തികഞ്ഞ അസംബന്ധമാണ്. ലൈക്കുകൾക്കും ഷെയറുകൾക്കും വേണ്ടി ഹോക്സ് പോസ്റ്റുകൾ നിരന്തരം നിർമ്മിക്കപ്പെടുന്നു. ഇതിനെ കുറിച്ച് ചിന്തിക്കുക പോലും ചെയ്യാതെ അതേപടി ഷെയർ ചെയുന്ന പ്രവണത കാണാം.ആരോഗ്യസംബന്ധമായ കാര്യങ്ങളാണ് ഇതിൽ പ്രധാനം.അതുപോലെ മതപരമായ ചടങ്ങുകളുടെ ശാസ്ത്രീയ വിശദീകരണവുമായി വരുന്ന പോസ്റ്റുകളൂം കുറവല്ല.1700 കളിലെ ഗുരുവായൂർ ക്ഷേത്രം എന്നൊരു ഫോട്ടോ പോസ്റ്റ് ലക്ഷകണക്കിന് ആൾക്കാർ ഷെയർ ചെയ്തത്.സത്യത്തിൽ ആ കാലഘട്ടത്തിൽ ക്യാമറ പോലും കണ്ടുപിടിക്കപ്പെട്ടില്ല എന്നതാണ് സത്യം.ഇതുപോലെ നിരവധി പോസ്റ്റുകൾ അനുദിനം ചുമരുകൾ നിറയ്ക്കുന്നു. അന്വേഷണാത്മക ബുദ്ധി പ്രവർത്തിപ്പിക്കാത്തതാണ് ഇതിനു പ്രധാന കാരണം.

“The saddest aspect of life right now is that science gathers knowledge faster than society gathers wisdom.” 
― Isaac Asimov

കൺസൈലിയൻസ്: യൂണിറ്റി ഓഫ് നോളജ്  (Consilience : Unity of  Knowledge) എന്ന പുസ്തകത്തിലൂടെ പ്രശസ്ത അമേരിക്കൻ ബയോളജിസ്റ്റായ ഇ.ഒ. വിൽസൺ മുന്നോട്ടു വെക്കുന്ന ഒരാശയമുണ്ട്, അറിവുകളുടെ ഏകീകരണം.അതിൽ ശാസ്ത്രവും മാനവികവിഷയവും കൈകോർത്തു പോവേണ്ടതിന്റെ ആവശ്യകത അദ്ദേഹം വിവരിക്കുന്നുണ്ട് . ശാസ്ത്ര സാങ്കേതിക വിദ്യകളുടെ അനന്തരഫലം ഇപ്പോഴും പ്രതിഫലിക്കപ്പെടുന്നത് മാനവിക വിഷയങ്ങളിലായതിനാൽ ഇവ തമ്മിലുള്ള സമന്വയം സാധ്യമാക്കേണ്ടതുണ്ട്. അപ്പോഴാണ് ശാസ്ത്രാവബോധത്താൽ സമൂഹം സുതാര്യവും പ്രകാശമാനവുമാകുന്നത്. 

റഫറൻസ് 
ആനന്ദ്, വിടവുകൾ എന്ന കൃഷിഭൂമി, ഡി സി ബുക്ക്സ്  
ഡോ. പി കെ നായർ, സമന്വയം , ലിറ്റററി വിങ്, നായേഴ്സ് ഹോസ്പിറ്റൽ 
കെ ബാബു ജോസഫ്, പരിണാമം സിദ്ധാന്തമല്ല, നിയമമാണ്, ഡി സി ബുക്ക്സ്.
യുനെസ്കോ കൊറിയർ മാഗസിൻ, ജോൺ 1963 
George E. DeBoer, Scientific Literacy: Another Look at Its Historical and Contemporary Meanings, Journal of Research in Science Teaching and Its Relationship to Science Education Reform
Bowater, L., Yeoman, K, Science Communication: A practical Guide for Scientist, Vilet-Blackwell
Paul De Hart Hurd, Scientific Literacy: New Minds for a Changing World
http://satavic.org/dr-richharias-story-crushed-but-not-defeated/
https://en.wikipedia.org/wiki/Lysenkoism

സൂരജ് എൻ പി 
Project scientist
CV Raman Laboratory of Ecological Informatics
IIITM-K
9744433559
sooraj.np@iiitmk.ac.in

Dr Sooraj N P Author
Sorry! The Author has not filled his profile.
Share

Leave a Reply

Your email address will not be published. Required fields are marked *